25 May 2011

അമാനുഷികതകള്‍

അമ്പിയാ മുര്‍സലുകളില്‍ നിന്നുണ്ടാകുന്ന അസാധാരണ കഴിവിന് മുഅ്ജിസത്ത് എന്ന് പറയുന്നു. നബി ÷ യുടെ ജീവിതത്തില്‍ അനേകം മുഅ്ജിസത്തുകളുണ്ടായിട്ടുണ്ട്. ഒരുപക്ഷേ, ആധുനിക ശാസ്ത്രത്തോട് അവ പൊരുത്തപ്പെട്ടില്ലെന്നു വരാം. എങ്കിലും വിശ്വസ്തരും സത്യസന്ധരുമായ  സ്വഹാബി പ്രമുഖര്‍ ദൃക്സാക്ഷികളായി പറയപ്പെടുന്ന അത്തരം സംഭവങ്ങള്‍ നിഷേധിക്കാനാവില്ല. കാരണം, ഓരോ വസ്തുവിലും മനുഷ്യബുദ്ധിക്ക് അധീനവും അതീതവുമായ അസംഖ്യം കഴിവുകള്‍ അല്ലാഹു നിക്ഷേപിച്ചിട്ടുണ്ട്. അനുനിമിഷം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രം ഇവയില്‍ ചിലതൊക്കെ കണ്ടെത്തിയെന്നുവരാം. എന്നാല്‍, അല്ലാഹു അവന്റെ അടിമകളുടെ പ്രവാചകത്വം സ്ഥിരീകരിക്കുന്നതിനുവേണ്ടി കാണിക്കുന്ന ഈ അമാനുഷികതകള്‍ക്ക് തുല്യമായവ അവതരിപ്പിക്കാനോ അവ കവച്ചുവെക്കുവാനോ ശാസ്ത്രത്തിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഇനി കഴിയുകയുമില്ല. സര്‍വശക്തനായ അല്ലാഹുവിന്റെ അപാരമായ കഴിവുകളെ അങ്ങേയറ്റം ശുഷ്കമായ യുക്തി കൊണ്ട് അളക്കുന്നത് വിഡ്ഢിത്തമാണ്. ശാസ്ത്രവും യുക്തിയുമൊക്കെ ഇവിടെ പരാജയം സമ്മതിക്കേണ്ടിവരും. മൂസാ നബി(അ) ചെയ്ത പോലെ ഒരു മരക്കൊമ്പ് പാമ്പാക്കി മാറ്റാന്‍ എത്രകാലം ശ്രമിച്ചാലും ശാസ്ത്രത്തിന് കഴിയുകയില്ല. സത്യത്തില്‍ ഇത്തരം അമാനുഷിക സംഭവങ്ങള്‍ ഈമാനുള്ളവരുടെ ഈമാന്‍ വര്‍ധിക്കാന്‍ സഹായകമാവും.

No comments:

Post a Comment