29 March 2011 യുദ്ധം;ഖുര്‍ആന്‍ സമീപിക്കുന്നത്  

       ഖുര്‍ആനില്‍ യുദ്ധസംബന്ധമായ നിരവധി സൂക്തങ്ങളുണ്ട്.അവയുടെ അവതരണ പശ്ചാത്തലം അറിയാത്തവരെ സംബന്ധിച്ചിടത്തോളം ആശയക്കുഴപ്പവും തെറ്റിദ്ധാരണയും ഉണ്ടാകാന്‍ സാധ്യതയുണ്ട്.അതിനാല്‍ അവതരണ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് പ്രസ്തുത ഖുര്‍ആന്‍ സൂക്തങ്ങള്‍ വായിക്കാന്‍ ശ്രമിക്കേണ്ടത് അനിവാര്യമയിത്തീരുന്നു. 
യുദ്ധ കാര്യങ്ങളില്‍ ഖുര്‍ആന്‍ വ്യത്യസ്തമായ മൂന്നു തരം നിലപാടുകളാണ് സ്വീകരിച്ചത്.


1 . നിഷിദ്ധമായ സന്ദര്‍ഭം:
           മക്കയിലെ ഹാഷിം കുടുംബത്തില്‍ പിതാവ്  അബ്ദുല്ലയുടെയും  മാതാവ് ആമിനാ ബീവിയുടെയും പുത്രനായാണ്‌ മുഹമ്മദ്‌ നബി(സ) പിറന്നത്‌.പ്രവാചകന്‍ നീണ്ട നാല് പതിറ്റാണ്ട് കാലം മക്ക നിവാസികള്‍ക്കിടയില്‍ വിശുദ്ധവും വിനീതവുമായ ജീവിതം  നയിച്ചു. വിശ്വസ്തന്‍ എന്നര്‍ത്ഥം വരുന്ന  'അല്‍ അമീന്‍'  എന്ന അപര നാമത്തിലാണ് പ്രവാചകന്‍ അറിയപ്പെട്ടിരുന്നത്.നാല്പതാമത്തെ വയസ്സില്‍ ഹിറ ഗുഹയിലെ ഏകാന്തവാസത്തിനിടയില്‍ ആദ്യമായി ദിവ്യസന്ദേശം ലഭിച്ചു. പിന്നീട് ദൈവ നിര്‍ദേശമനുസരിച്ചു സ്വജനതയെ സത്യമാര്‍ഗത്തിലേക്ക് ക്ഷണിച്ചു.ആദ്യം ഏറ്റവും അടുത്തവരെയാണ് സമീപിച്ചത്.തുടക്കത്തിലെ മൂന്നു കൊല്ലം പരമ രഹസ്യമായാണ് സത്യ പ്രബോധനം നടത്തിയത്.പിന്നീട് പരസ്യമായും.മുഹമ്മദ്‌ നബി (സ) തനിക്കു ലഭിച്ച സത്യസന്ദേശം സമൂഹത്തിനു മുന്‍പില്‍ സമര്‍പ്പിച്ചു. അവരെ അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു.അക്രമത്തിനും അനീതിക്കുമെതിരെ ശബ്ദിച്ചു.അശ്ലീലതയും നിര്‍ലതയും അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു.സങ്കുചിതമായ ഗോത്ര മഹിമയുടെയും കുടിലമായ കുടുംബ മഹിമയുടെയും പേരിലുള്ള പൊങ്ങച്ചപ്രകടനങ്ങല്‍ക്കെതിരെ നിലകൊണ്ടു. സാമ്പത്തിക ചൂഷണങ്ങള്‍ക്കും അവയ്ക്ക് കാവലിരിക്കുന്ന വ്യാജ ദൈവങ്ങല്‍ക്കുമെതിരെ ജനങ്ങളെ ബോധവല്‍ക്കരിച്ചു.ഇതെല്ലാം ഇരുട്ടിന്‍റെ ശക്തികളെ അത്യന്തം പ്രകോപിതരാക്കി.അവര്‍ മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരില്‍ ജനങ്ങളെ ഇറക്കി വിട്ടു.കുടുംബ ചിന്തകളെയും ഗോത്ര വിചാരങ്ങളെയും തൊട്ടുണര്‍ത്തി.അങ്ങനെ അവര്‍ പ്രവാചകനെയും അനുചരന്മാരേയും കഠിനമായി പീഡിപ്പിച്ചു.കൊടിയ അക്രമ മാര്‍ദ്ധനങ്ങള്‍ അഴിച്ചു വിട്ടു. സുമയ്യ (റ) യെ പോലുള്ളവരെ ക്രൂരമായി കൊലപ്പെടുത്തി.ബിലാല്‍ (റ),അമ്മാര്‍ (റ),യാസിര്‍ (റ),ഖബ്ബാബ്(റ),ഖുറൈബ്(റ), പോലുള്ള പ്രവാചകാനുചരന്മാരെ കൊടും ദ്രോഹങ്ങള്‍ക്കിരയാക്കി.ഗത്യന്തരമില്ലാതെ ഒരു സംഘം എത്യോപ്യയിലേക്ക് പാലായനം ചെയ്തപ്പോള്‍ അവര്‍ക്ക് അവിടെയും സ്വൈര്യം നല്‍കാതെ അഭയം ലഭിക്കാതിരിക്കാന്‍ ആവതും ശ്രമിച്ചു.പ്രവാചകനെയും അവര്‍ വെറുതെ വിട്ടില്ല. പരിഹാസം കൊണ്ടും തെറിപ്പാട്ട് കൊണ്ടും  തൃപ്തരാകാതെ , നമസ്കരിച്ചു കൊണ്ടിരിക്കെ പ്രവാചകന്‍റെ കഴുത്തില്‍  ഒട്ടകത്തിന്‍റെ ചീഞ്ഞളിഞ്ഞ കുടല്‍മാല കൊണ്ടിട്ടു. ഇത് കൊണ്ടും മതിയാവാതെ നബിതിരുമേനിയെയും കൂടെയുള്ള വിശ്വ്വാസികളെയും സാമൂഹ്യ ബഹിഷ്കരണത്തിനു വിധേയരാക്കി.ഈ ഉപരോധം മൂന്നു വര്‍ഷം തുടര്‍ന്നു. 
     ഇങ്ങനെ കാലം കണ്ട ഏറ്റവും കൊടിയ അക്രമ മര്‍ദ്ദനങ്ങള്‍ക്കും കൊലകള്‍ക്കും വിധേയമായി മക്കയില്‍ വിശ്വാസി സമൂഹം നീണ്ട പതിമൂന്നു വര്‍ഷം കഴിച്ചുകൂട്ടി. അവര്‍ പ്രധിരോധത്തിനോ പ്രതികാരത്തിനോ മുതിര്‍ന്നില്ല. അതിനവര്‍ക്ക് അനുവാദവും ഉണ്ടായിരുന്നില്ല അക്കാര്യം ഖുര്‍ആന്‍ ഇങ്ങനെ  ഓര്‍മ്മിപ്പിക്കുന്നു "ആയുധമെടുക്കാതെ കൈകള്‍ അടക്കി വെക്കുക , നമസ്ക്കാരം നിഷ്ഠയോടെ നിര്‍വ്വഹിക്കുക , സക്കാത്ത് നല്‍കുക ; ഇവ്വിധം നിര്‍ദേശിക്കപ്പെട്ട ജനതയെ നീ കണ്ടില്ലേ..?! " (4 : 77 )
     തന്‍റെ അനുയായികള്‍ ക്രൂരമായ മര്‍ദ്ധനങ്ങള്‍ക്കിരയായപ്പോള്‍ അവരോടു ക്ഷമിക്കാനാവശ്യപ്പെടുകയും പരലോകത്ത് ലഭിക്കാനിരിക്കുന്ന പ്രതിഫലത്തെ സംബന്ധിച്ച് സുവാര്‍ത്ത അറിയിക്കുകയുമായിരുന്നു പ്രവാചകന്‍ ചെയ്തു കൊണ്ടിരുന്നത്. ഖുറാന്റെ നിര്‍ദേശവും അത് തന്നെ ആയിരുന്നു.  " വിശ്വസിച്ചവരെ നിങ്ങള്‍ ക്ഷമയിലൂടെയും  നമസ്കാരത്തിലൂടെയും ദിവ്യസഹായം തേടുക. തീര്‍ച്ചയായും അല്ലാഹു ക്ഷമ പാലിക്കുന്നവരോട് കൂടെയാണ്.. ദൈവിക മാര്‍ഗത്തില്‍ മരണപ്പെടുന്നവര്‍  'മരിച്ചവരാ' ണെന്നു  നിങ്ങള്‍ പറയരുത് ;അല്ല അവര്‍ ജീവിച്ചിരിക്കുന്നവര്‍ തന്നെയാണ്.  പക്ഷെ  അവരുടെ ജീവിതം നിങ്ങള്‍ക്ക് അനുഭവപ്പെടുന്നില്ലെന്ന് മാത്രം.." (2 : 153 ,154 )
     പ്രവാചകന്‍റെ മദീനാ യാത്രക്ക് പാശ്ചാത്തലമോരുക്കിയ  ഉടമ്പടി നടന്നത് രാത്രിയുടെ നിശബ്ദതയില്‍ അഖബയിലെ മലമുകളില്‍ വച്ചായിരുന്നു . പരമരഹസ്യമായി നടന്ന ഈ സംഭവം മക്കയിലെ ഖുറൈശികള്‍  നിയോഗിച്ച  ചാരന്‍ ഒളിഞ്ഞിരുന്നു കേട്ടു. അതിനാല്‍ അഖബാ ഉടമ്പടി പൂര്‍ത്തിയായപ്പോഴേക്കും  അയാള്‍ ഇങ്ങനെ  വിളിച്ചു പറഞ്ഞു - "  ഖുറൈശികളെ  മുഹമ്മദും കൂട്ടരുമിതാ   യുദ്ധത്തിനു വട്ടം കൂട്ടുന്നു..!!"
     തങ്ങളുടെ രഹസ്യം ചോര്‍ത്തിയ ചാരനെയും കൂട്ടാളികളേയും  നേരിടാന്‍ തയ്യാറായ അബ്ബാസുബ്നു ഉബാദ (റ)  നബി (സ) യോടു ചോദിച്ചു  " താങ്കളെ സത്യ സന്ദേശവുമായി  അയച്ചവനാണ്  സത്യം , താങ്കള്‍ അനുവദിക്കുകയാണെങ്കില്‍  നാളത്തെ പ്രഭാതത്തില്‍ തന്നെ മിനായുടെ മേല്‍ ഞങ്ങള്‍ ആക്രമണം നടത്താം . "പ്രവാചകന്‍റെ പ്രതികരണം ഇതായിരുന്നു -  " നാം അതിനു ആജ്ഞാപിക്കപ്പെട്ടിട്ടില്ല , നിങ്ങള്‍ നിങ്ങളുടെ വിശ്രമ സ്ഥലത്തേക്ക് പൊയ്ക്കൊള്ളുക ." പ്രവാചകനും അനുച്ചരന്മാര്‍ക്കും ആയുധമെടുക്കാന്‍ അന്നോളം അനുവാദം ലഭിച്ചിരുന്നില്ലെന്ന് ഇത് അസന്നിഗ്ദ്ധമായി വ്യക്തമാക്കുന്നു. 
      കരാറിനെ തുടര്‍ന്ന് മക്കയിലെ മുസ്ലിംകള്‍ ഓരോരുത്തരായി മദീനയിലേക്ക് പാലായനം ചെയ്യാന്‍ തുടങ്ങി പരമ രഹസ്യമായാണ് അവര്‍ മക്കയോട് വിട പറഞ്ഞത്. എന്നാല്‍ വിശ്വാസികളുടെ ഈ പാലായനം ശത്രുക്കളില്‍ ആശ്വാസമല്ല , ആശങ്കയാണ് സൃഷ്ടിച്ചത്. ഞങ്ങള്‍ മര്‍ധനങ്ങള്‍ കൊണ്ട് അടക്കി നിര്‍ത്തിയിരുന്ന മുഹമ്മടിന്നും അനുയായികള്‍ക്കും സ്വൈര്യമായി വിഹാരിക്കാനും മതപ്രചാരണങ്ങള്‍ നടത്താനും പുതിയ ഇടം ലഭിച്ചത് അവരെ അത്യധികം അലോസരപ്പെടുത്തി. പ്രവാചകന്‍റെ പാലായനം തടയാനും അദ്ദേഹത്തിന്‍റെ കഥ കഴിക്കാനും  അവര്‍ തീരുമാനിച്ചു. അതിനായി പദ്ധതി ആസൂത്രണം ചെയ്തു .മക്കയിലെ  'ബനൂ ഹാഷിം' അല്ലാത്ത  എല്ലാ കുടുംബങ്ങളില്‍ നിന്നും  ഓരോരുത്തരെ തിരഞ്ഞെടുത്ത് നബി (സ) യെ കൊല്ലാന്‍ ചുമതലപ്പെടുത്തി. അവര്‍ തിരുമേനിയുടെ വീട് വളഞ്ഞു . എന്നാല്‍ ദിവ്യ സഹായത്താല്‍ പ്രവാചകന്‍ വിസ്മയകരമാം വിധം രക്ഷപ്പെട്ടു . ഈ സംഭവത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു - "നിന്നെ തടവിലാക്കുകയോ വധിച്ചു കളയുകയോ നാടുകടത്തുകയോ  ചെയ്യാനായി സത്യ നിഷേധികള്‍ തന്ത്രങ്ങള്‍  ആവിഷ്ക്കരിച്ചു  കൊണ്ടിരിക്കുന്ന  സന്ദര്‍ഭം , അവര്‍ തങ്ങളുടെ തന്ത്രങ്ങള്‍  ആവിഷ്ക്കരിച്ചു  കൊണ്ടിരുന്നു , അല്ലാഹുവോ അവന്‍റെ തന്ത്രവും  പ്രയോഗിച്ചു .തന്ത്രം പ്രയോഗിക്കുന്നവരില്‍ ഉത്തമന്‍ അല്ലാഹു തന്നെ .." (8:30)
     ഇത്രയൊക്കെയായിട്ടും  ശത്രുക്കള്‍ക്കെതിരെ ആയുധമെടുക്കാന്‍ അനുവാദമുണ്ടായിരുന്നില്ല  . ചുരുക്കത്തില്‍ പ്രവാചക ലബ്ധിക്കു ശേഷം മക്കയില്‍ കഴിച്ചു കൂട്ടിയ നീണ്ട പതിമൂന്നു വര്‍ഷക്കാലം കൊടിയ മര്‍ദ്ധനങ്ങള്‍  അനുഭവിച്ചിട്ടും അനുയായികളില്‍ പലരും കൊല്ലപ്പെട്ടിട്ടും സായുധ പ്രതിരോധത്തിനോ  പ്രത്യാക്രമണത്തിനോ പ്രവാചകനും അനുചരര്‍ക്കും  അനുമതി ലഭിച്ചിരുന്നില്ല . എല്ലാം ക്ഷമിക്കാനും സഹിക്കാനുമായിരുന്നു ദൈവകല്പ്പന.  മക്കയിലേതു പോലുള്ള സാഹചര്യത്തില്‍ ഇസ്ലാമിക സമൂഹം എന്നും എവിടെയും സ്വീകരിക്കാന്‍ ബാധ്യസ്ഥമായ സമീപനം ഇതു  തന്നെ. 

MANSOOR THIRUVODE