1. 'മുത്അ' വിവാഹം:
ഇസ്ലാം നിരോധിച്ചതാണിത്. കാരണം അല്‍പകാലത്തേക്ക് കല്യാണം കഴിക്കല്‍ അനുവദനീയമല്ല. അല്‍പകാലത്തേക്ക് മാത്രം വിവാഹം കഴിക്കുക എന്നത് ആദ്യകാലത്ത് ഇസ്ലാം അനുവദിച്ചിരുന്നു. പിന്നീട് പ്രവാചകന്‍ (സ) നിരോധിച്ചു. സമയം കണക്കാക്കി വിവാഹം കഴിക്കുന്നത്, അത് ആയിരം വര്‍ഷത്തേക്കാണെങ്കിലും ശരി ഹറാമാണ്.
2. ഇഹ്റാം കെട്ടിയവന്റെ വിവാഹം
ഹജ്ജ്, ഉംറ എന്നിവക്കായി ഇഹ്റാം കെട്ടിയ ഒരാള്‍ ആ സമയത്ത് വിവാഹം കഴിക്കാന്‍ പാടുള്ളതല്ല.
(لا ينكح المحرم ولا ينكح) എന്ന ഹദീസാണിതിന് തെളിവ്. 'ഇഹ്റാം കെട്ടിയ ഒരാള്‍ വിവാഹം കഴിക്കുകയോ കഴിക്കപ്പെടുകയോ ഇല്ല' എന്നര്‍ത്ഥം. എന്നാല്‍ ഇഹ്റാമിന്റെ സമയത്ത് ഭാര്യയെ മടക്കി എടുക്കുക, വിവാഹത്തിന് സാക്ഷി നില്‍ക്കുക തുടങ്ങിയവയൊന്നും വിരോധമോ തടസ്സമോ ഇല്ല.
3. രണ്ടു പേര്‍ ഒരേ സമയം ഒരു സ്ത്രീയെ വിവാഹം ചെയ്യല്‍:
ഇക്കാര്യവും ഇസ്ലാം വിലക്കിയതാണ്. കാരണം ബഹുഭാര്യത്വം ഇസ്ലാം അനുവദിക്കുന്നില്ല. എന്നാല്‍ ഒരാള്‍ക്ക് സ്ത്രീയെ വിവാഹം കഴിപ്പിച്ച് കൊടുത്ത ശേഷമാണ് അടുത്ത ആള്‍ക്ക് വിവാഹം കഴിപ്പിച്ച് കൊടുക്കുന്നതെങ്കില്‍ ആദ്യം വിവാഹം സ്വീകരിച്ച ആള്‍ ഭര്‍ത്താവായിത്തീരും.
4. ഇദ്ദ ഇരിക്കുന്ന സ്ത്രീയെ വിവാഹം ചെയ്യുക
ഥലാഖ്, മരണം തുടങ്ങിയ കാരണങ്ങള്‍ മൂലം ഇദ്ദ ഇരിക്കുന്ന സ്ത്രീയെ ഇദ്ദാ കാലയളവില്‍ വിവാഹം ചെയ്യല്‍ നിഷിദ്ധമാണ്. ഇസ്ലാം അനുവദിക്കുന്നില്ല.
5. മുസ്ലിം അവിശ്വാസിയെ വിവാഹം ചെയ്യുക
ബിംബാരാധിക, മജൂസി, സൂര്യാരാധിക, ചന്ദ്രാരാധിക തുടങ്ങിയവരെയൊക്കെ വിവാഹം കഴിക്കല്‍ ഹറാമാണ്. (ولا تنكحوا المشركات حتى يؤمن)(البقرة: 221)
'നിങ്ങള്‍ അവിശ്വാസികളെ വിവാഹം ചെയ്യരുത്. അവര്‍ വിശ്വാസികളായിത്തീരുന്നത് വരെ' എന്ന ഖുര്‍ആനിക വാക്യം ആണ് ഇതിന്നവലംബം.
വേദഗ്രന്ഥ വിശ്വാസികള്‍ ?
അഹ്ലുകിതാബ് (വേദഗ്രന്ഥക്കാര്‍) എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്ന ക്രിസ്ത്യാനികള്‍, ജൂതന്‍മാര്‍ എന്നീ വിഭാഗങ്ങളുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നതിനെ കുറിച്ച് ഇസ്ലാം വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.
വേദഗ്രന്ഥം എന്നത് കൊണ്ട് ഖുര്‍ആന്‍ അര്‍ത്ഥമാക്കുന്നത് തൌറാതും ഇന്‍ജീലുമാണെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്ത്യാനികളും ജൂതന്‍മാരുമാണതിന്റെ താല്‍പര്യം എന്നര്‍ത്ഥം. ചില നിയമങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഇവരെ വിവാഹം കഴിക്കല്‍ അനുവദനീയമാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. സൂറതുല്‍ മാഇദയിലെ അഞ്ചാം സൂക്തത്തില്‍ അല്ലാഹു പറയുന്നു. (والمحصنات من الذين أوتو الكتاب من قبلكم) നിങ്ങള്‍ക്ക് മുമ്പേ വേദങ്ങള്‍ നല്‍കപ്പെട്ട വിഭാഗങ്ങളില്‍ നിന്ന് പതിവൃതകളായ സ്ത്രീകളെയും (നിങ്ങള്‍ക്ക് അനുവദനീയമാക്കപ്പെട്ടിരിക്കുന്നു) എന്ന് സാരം. ഇരുകൂട്ടര്‍ക്കും ഇസ്ലാം വ്യത്യസ്ത നിബന്ധനകള്‍ നിര്‍ണയിച്ചിട്ടുണ്ട്.
ജൂതമതക്കാര്‍
ജൂതമതം ദുര്‍ബലപ്പെടുത്തപ്പെട്ട ശേഷം ഇവളുടെ പ്രപിതാക്കളാരും ആ മതത്തില്‍ ചേര്‍ന്നിട്ടില്ലെങ്കില്‍ ഈ സ്ത്രീയെ വിവാഹംചെയ്യല്‍ അനുവദനീയമാണ്. അഥവാ യഥാര്‍ത്ഥ ജൂതമത വിശ്വാസിയാണെങ്കില്‍ ആ പരമ്പരയില്‍ കണ്ണിയാണിവളെങ്കില്‍ വിവാഹബന്ധത്തിലേര്‍പ്പെടാവുന്നതാണ്.
ക്രിസ്ത്യാനികള്‍
വേദഗ്രന്ഥ വിശ്വാസികളായ ക്രിസ്ത്യാനികളെ വിവാഹം ചെയ്യാന്‍ ഇസ്ലാം നിയമമാക്കിയത്. ക്രിസത്യന്‍ മതം ദുര്‍ബലപ്പെടുത്തപ്പെട്ട ശേഷം ഇവളുടെ പ്രപിതാക്കള്‍ ആദ്യം ആ മതത്തില്‍ പ്രവേശിച്ചിട്ടില്ല എന്ന് ഉറപ്പുണ്ടായിരിക്കണമെന്നതാണ്. എങ്കില്‍ മാത്രമേ ക്രിസ്ത്യാനിയായ ഒരു സ്ത്രീയെ വിവാഹം ചെയ്യാന്‍ ഇസ്ലാം അനുവദിക്കുന്നുള്ളൂ എന്നര്‍ത്ഥം. എങ്കിലും ഇവരെ വിവാഹം ചെയ്യല്‍ ശാഫിഈ വീക്ഷണപ്രകാരം കറാഹത്താകുന്നു.
6. മുസ്ലിം സ്ത്രീയെ അവിശ്വാസി വിവാഹം കഴിക്കല്‍
ഇത് ഒരിക്കലും അനുവദനീയമല്ലെന്നാണ് പണ്ഡിതമതം. മേല്‍പറഞ്ഞ 'ولا تنكحوا المشركين' അവിശ്വാസികളെ നിങ്ങള്‍ വിവാഹം കഴിക്കരുത് എന്ന ഖുര്‍ആനിക സൂക്തമാണിതിന്നാധാരം.
7. മതപരിത്യാഗം ചെയ്ത സ്ത്രീ (مرتدة)
ഇസ്ലാമില്‍ നിന്നും പുറത്ത് പോയ സ്ത്രീയെയും വിവാഹം കഴിക്കാന്‍ പാടില്ല. അവള്‍ വിശ്വാസി അല്ല എന്നതാണ് കാരണം.
ഇനി വിവാഹ ശേഷം ബന്ധപ്പെടുന്നതിന് മുമ്പായി ഭാര്യ ഭര്‍ത്താക്കളില്‍ നിന്ന് ആരെങ്കിലും ഒരാള്‍ മുര്‍തദ്ദായാല്‍ നികാഹ് അസാധുവാകുന്നതാണ്. എന്നാല്‍ ബന്ധപ്പെട്ട ശേഷമാണെങ്കില്‍ ഇദ്ദ ഇരിക്കുന്ന സമയത്തിനകം തിരിച്ച് വന്നാല്‍ പുനര്‍ നികാഹ് നടത്തേണ്ടതില്ല. പഴയ നികാഹില്‍ തന്നെ തുടരാം. എന്നാല്‍ ഇദ്ദയുടെ കാലയളവിലും ഇവര്‍ ഒന്നിച്ചില്ലെങ്കില്‍ - ഇസ്ലാമിലേക്ക് വന്നില്ല - നികാഹ് അസാധുവാകുക തന്നെ ചെയ്യും. പിന്നീട് മുസ്ലിമായാലും രണ്ടാമത് വിവാഹം നടത്തേണ്ടതാണ്.
No comments:
Post a Comment