27 February 2012

ക്ഷമയുടെ പരമോന്നതിയില്‍….




അണ പൊട്ടിയൊഴുകുന്ന ഈ ദുഃഖ പ്രകടനം കാണുന്നവരെയും അസ്വസ്ഥമാക്കുമല്ലോ. പിതാവിന്റെ ഈ സങ്കടവും അസ്വാസ്ഥ്യവുമൊക്കെക്കണ്ട് മക്കള്‍ പറഞ്ഞു: 'പിതാവേ, അങ്ങയുടെ കാര്യം എത്ര കഷ്ടം! ഇങ്ങനെ യൂസുഫിനെ ഓര്‍ത്തോര്‍ത്ത് കരഞ്ഞാല്‍ അങ്ങ് പറ്റേ ക്ഷയിച്ച് അശക്തനാകുമല്ലോ. അല്ലെങ്കില്‍ ഇക്കണക്കിന് നിങ്ങള്‍ മരിച്ചുപോവുക തന്നെ ചെയ്തേക്കും'. ഇപ്പോഴത്തെ ഈ അസ്വാസ്ഥ്യത്തിന് യഥാര്‍ഥ കാരണം ബിന്‍യാമീന്റെ തിരോധാനമാണല്ലോ; ഒപ്പം റൂബീലിന്റെ അസാനിധ്യവും. എന്നാല്‍ യൂസുഫിന്റെ പേരു പറഞ്ഞാണിപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്നത്.

മക്കളും വീട്ടുകാരും തന്റെ ഈ ദുഃഖ പ്രകടനത്തില്‍ ആക്ഷേപിച്ചപ്പോള്‍ യഅ്ഖൂബ് നബി(അ) പറഞ്ഞു: 'നിങ്ങളെന്തിന് എന്നെ ആക്ഷേപിക്കുന്നു? ഞാന്‍ നിങ്ങളോടാരോടുമല്ലല്ലോ എന്റെ ദുഃഖം ബോധിപ്പിക്കുന്നത്. അല്ലാഹുവാണ് എന്റെ ഏകാശ്രയം. അവന്റെ മുന്‍പിലാണ് ഞാന്‍ സങ്കടം നിരത്തുന്നത്. മാത്രവുമല്ല, കേവലം നിരര്‍ഥകമോ ഫലശൂന്യമോ ആയ പണിയൊന്നുമല്ല ഞാന്‍ ഈ ചെയ്യുന്നത്. നിങ്ങള്‍ക്കറിയാത്ത പല കാര്യങ്ങളും എനിക്കറിയാം. അത് അല്ലാഹു പഠിപ്പിച്ച് തന്നതാണ്'. അപ്രതീക്ഷിതമായി സര്‍വ്വശക്തന്റെ ഭാഗത്തുനിന്ന് തനിക്ക് അനുഗ്രഹവും ഔദാര്യവും ലഭിക്കുമെന്നും അങ്ങനെ താന്‍ ഈ ദുഃഖസാഗരത്തില്‍ നിന്ന് കരകേറുമെന്നുമാണ് ആ പ്രവാചക ശ്രേഷ്ഠന്‍ പറയുന്നത്. 

പത്ത് സഹോദരങ്ങള്‍ ഈജിപ്തില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം യഅ്ഖൂബ് നബി(അ) നിതാന്ത ദുഃഖത്തിന്റെ ആഗാധ ഗര്‍ത്തത്തില്‍ നിപതിച്ചു കഴിയുകയാണ്. യൂസുഫിന്റെയും ഇപ്പോള്‍ ബിന്‍യാമീന്റെയും വേര്‍പാട് ആ മഹാപുരുഷനെ അക്ഷരാര്‍ഥത്തില്‍ തന്നെ തളര്‍ത്തിക്കളഞ്ഞു. അങ്ങനെയിരിക്കെയാണദ്ദേഹം ഒരു ദിവസം അവരിരുവരെയും അന്വേഷിച്ചു പോകാന്‍ കല്‍പിക്കുന്നത്: 'എന്റെ പ്രിയമക്കളേ, നിങ്ങള്‍ ഈജിപ്തില്‍ പോയി യൂസുഫിനെയും ബിന്‍യാമീനെയും സൂക്ഷ്മമായി അന്വേഷിക്കുക'. രണ്ടുപേരെ പറഞ്ഞതില്‍ ഒന്നാം സ്ഥാനം യൂസുഫിനാണ് പിതാവ് നല്‍കുന്നത്. അതേസമയം മക്കളെ സംബന്ധിച്ചിടത്തോളം ഇതൊരു വിചിത്രകാര്യമായിരുന്നു. കാല്‍ നൂറ്റാണ്ട് മുമ്പ് 'ചെന്നായ പിടിച്ച' ഒരാളെ ഇപ്പോള്‍ അന്വേഷിക്കാന്‍ പറയുമ്പോള്‍ ആര്‍ക്കും അങ്ങനെയല്ലേ തോന്നുക?

മക്കള്‍ പ്രതികരിച്ചു: 'ബിന്‍യാമീന്റെ കാര്യം ശരി. അവന്റെ കാര്യത്തില്‍ എല്ലാവിധ പരിശ്രമങ്ങളും ഞങ്ങള്‍ നടത്താം. എന്നാല്‍ യൂസുഫിനെ പണ്ടെന്നോ ചെന്നായ പിടിച്ചുപോയില്ലേ? മരിച്ചവരെ തെരയുന്ന പണി ഞങ്ങള്‍ക്കില്ല. താങ്കള്‍ എന്തൊക്കെയാണ് ഇപ്പറയുന്നത്?' മക്കള്‍ ഇങ്ങനെ പ്രതികരിച്ചപ്പോള്‍ യഅ്ഖൂബ് നബി(അ) പ്രസ്താവിച്ചു: അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ആശ മുറിയരുത്. സത്യനിഷേധികളേ അതിനെക്കുറിച്ച് ഭഗ്നാശരാകൂ.

യൂസുഫിനെയും ബിന്‍യാമീനെയും അന്വേഷിക്കാന്‍ പറഞ്ഞപ്പോള്‍ സഹോദരങ്ങളുടെ പ്രതികരണം നാം കണ്ടുവല്ലോ. ഏതായാലും അന്വേഷണാര്‍ഥം ഈജിപ്തിലേക്ക് പുറപ്പെടാന്‍ അവര്‍ തീരുമാനിച്ചു. അവരുടെ ധാരണയനുസരിച്ച് എവിടെയും തെരഞ്ഞുനടക്കേണ്ട ആവശ്യമില്ലല്ലോ. കാരണം യൂസുഫ് നബി(അ)നെതെരയുക എന്ന ലക്ഷ്യമേ അവര്‍ക്കില്ല. ബിന്‍യാമീനാകട്ടെ ഈജിപ്ഷ്യന്‍ രാജകൊട്ടാരത്തില്‍ അടിമയാണ്; രാജാവിന്റെ കടാക്ഷത്തിന് വിധേയമായി അവന്നു വിട്ട് പോരാവുന്നതേയുള്ളു. അത് കൊണ്ട് കൊട്ടാരത്തില്‍ പോവുക എന്നത് തന്നെയായിരുന്നു അവരുടെ തീരുമാനം. ഈ യാത്രയെപ്പറ്റി ഖുര്‍ആന്‍ ഒന്നും പരാമര്‍ശിച്ചിട്ടില്ല; ഈജിപ്തിലെത്തിയ ശേഷമുള്ള കാര്യങ്ങളേ പറയുന്നുള്ളു. കഥാകഥനങ്ങളില്‍ ഖുര്‍ആന്റെ ഒരു സ്വാഭാവിക ശൈലി മാത്രം. 

കൊട്ടാരത്തില്‍ എത്തിക്കഴിഞ്ഞപ്പോഴാകട്ടെ, ഉടനെ അനുജനെ വിട്ടുതരാനൊന്നുമല്ല അവര്‍ പറയുന്നത്. പരസ്പരം ബന്ധപ്പെടാനും സംസാരിക്കാനുമൊക്കെ മറ്റെന്തെങ്കിലും അവസരമുണ്ടാക്കി അനുനയ പൂര്‍വ്വമേ ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കാന്‍ പറ്റുകയുള്ളുവല്ലോ. അത് മനസ്സിലാക്കിക്കൊണ്ടു തന്നെയാണവരുടെ നീക്കം. തങ്ങളുടെ ദാരിദ്യ്രവും ദൈന്യതയും നിസ്സഹായാവസ്ഥയുമൊക്കെ ആദ്യമേ പ്രകടമാക്കുന്നത് ഈ ഉദ്ദേശ്യസമേതം തന്നെയാണ്. അവര്‍ പറഞ്ഞു: ബഹുമാനപ്പെട്ട രാജാവേ, ഞങ്ങളും കുടുംബാംഗങ്ങളും ദരിദ്രരാണ്. വലിയ വിഷമത്തിലാണ് ഞങ്ങള്‍. ഭക്ഷ്യവസ്തുക്കള്‍ക്ക് മതിയായ വില തന്നെ കൊണ്ടുവരാന്‍ ഞങ്ങള്‍ക്കായിട്ടില്ല. ഈ വിഷമാവസ്ഥ വേണ്ട വിധം ഗ്രഹിക്കുകയും ഞങ്ങളെ പ്രത്യേകം പരിഗണിക്കുകയും ചെയ്ത് ധാന്യം പൂര്‍ണ്ണമായി തരാന്‍ അങ്ങേക്ക് കനിവുണ്ടാകണം. ധര്‍മിഷ്ട•ാര്‍ക്കും ഉദാരമതികള്‍ക്കുമൊക്കെ അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുമല്ലോ. 

No comments:

Post a Comment