ലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ച സമുന്നത പ്രതിഭകള്‍ വളരെ വിരളമായേ കാണപ്പെടുകയുള്ളൂ. അത്തരം മഹാ പുരുഷന്മാരില്‍ പ്രഗദ്ഭനും പ്രശസ്തനുമാണ് ഇമാം ബുഖാരി(റ). മുസ്ലിം ജനകോടികളില്‍ ഈ നാം ശ്രവിക്കാത്തവരായി ആരുമുണ്ടാവില്ല. അബൂ അബ്ദില്ലാ മുഹമ്മദുബ്നു ഇസ്മാഈല്‍ ഇബ്നു ഇബ്റാഹീമുബ്നുല്‍ മുഗീറത്തുബ്നു ബര്‍ദിസ്ബല്‍ ബുഖാരി അല്‍ ജുഅ്ഫി എന്നാണ് മുഴുവന്‍ പേര്. നൂറ്റാണ്ടുകള്‍ കൊണ്ടു മാത്രം ചെയ്ത് തീര്‍ക്കാവുന്ന വൈജ്ഞാനിക സേവനങ്ങളും മതകീയ സംഭാവനകളും ഒരു പുരുഷായുസ്സു കൊണ്ടദ്ദേഹം നിര്‍വഹിച്ചു.
ഹദീസുകള്‍ കിട്ടാവുന്നത്ര ശേഖരിച്ച ഇമാം ബുഖാരി അതിന്റെ നിവേദകരെയും അവരുടെ നിവേദന സ്വഭാവവും സൂക്ഷ്മ പഠനത്തിന് വിധേയമാക്കി. നബി വചനങ്ങളുടെ സത്യതയും സ്വീകാര്യതയും സംബന്ധിച്ച് ഗഹനമായ പഠന ഗവേഷണങ്ങള്‍ നടത്തുകയും കനപ്പെട്ട ഗ്രന്ഥങ്ങളുടെ രചനയിലൂടെ വൈജ്ഞാനിക സേവനം നിര്‍വഹിക്കുകയും ചെയ്ത നിസ്തുല വ്യക്തിത്വത്തിന്റെ ഉടമയത്രേ നമ്മുടെ കഥാപുത്രന്‍..
അഭിജാത കുടുംബം
പിതാവ് ഇസ്മാഈല് ബ്ന്‍ ഇബ്റാഹീം അറിയപ്പെട്ട പണ്ഡിതനും ഹദീസ് വിശരദനുമായിരുന്നു. ആരാധനകളിലും ഭക്തിയിലും മുന്‍നിരക്കാരന്‍ തന്നെയായി. സാമ്പത്തിക ശേഷി കൂടിയുണ്ടായിരുന്ന താന്‍ കച്ചവടക്കാരനായിരുന്നതോടൊപ്പം തന്നെ ഹദീസ് വിജ്ഞാനീയങ്ങളുടെ സേവകനുമായിരുന്നു. പിതാമഹന്മാരിലെ ബര്‍ദിസ്ബ പേര്‍ഷ്യക്കാരനും അഗ്നിയാരാധകനായിരുന്നെങ്കിലും പുത്രന്‍ മുഗീറത്തുബ്നു ബര്‍ദിസ്ബ ഇസ്ലാം അശ്ളേഷിച്ചു. ബുഖാറ പ്രവിശ്യയുടെ ഭരണച്ചെങ്കോലേന്തിയിരുന്ന യമാന്‍ അല്‍ ബുഖാരി അല്‍ ജുഅ്ഫി മുഖേനയദ്ദേഹം പുണ്യ മതം സ്വീകരിച്ചത്. ഇദ്ദേഹത്തിലേക്ക് ബന്ധപ്പെടുത്തി സ്മര്യപുരുഷന്റെ നാമത്തില്‍ അല്‍ജുഅ്ഫി എന്ന് കൂടി ചേര്‍ക്കാറുണ്ട്. എന്നാല്‍ ഇബ്റാഹീമുബ്നു മുഗീറയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ സുലഭമല്ല തന്നെ.
ജനനം ബാല്യം
ഹിജ്റാബ്ദം 194 ശവ്വാല്‍ പതിമൂന്നിന് വെള്ളിയാഴ്ച ക്രിസ്താബ്ദം 810 ജുമുഅ നമസ്കാരാനന്തരം ബുഖാറ പട്ടണത്തില്‍ ഈ മഹാ പുരുഷന്‍ ജനിച്ചു. സമര്‍ഖന്‍ദിനടുത്ത ഒരു പ്രസിദ്ധ മുസ്ലിം കേന്ദമായിരുന്നു ബുഖാറാ. മുന്‍ സോവ്യറ്റ് റഷ്യയില്‍ പെട്ട ഈ സ്ഥലം ഇന്നത്തെ ഉസ്ബെക്കിസ്ഥാന്‍ റിപ്പബ്ളിക്കിലാണ്. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പിതാവ് ഇഹലോകവാസം വെടിഞ്ഞു. ബുഖാറാ നഗരത്തിന് ലോകഭൂപടത്തില്‍ അനശ്വരമായ സല്‍പേരും പ്രസിദ്ധിയും നേടിക്കൊടുത്ത ഈ പ്രതിഭാധനന്‍ മാതാവിന്റെ സംരക്ഷണത്തില്‍ അനാഥനായാണ് വളര്‍ന്നു വന്നത്.
പരിശുദ്ധ ഇസ്ലാമിന്റെ അടിത്തറയായ സുന്നത്തിന്റെ സംരക്ഷണത്തിനു വേണ്ടി ഇമാം ബുഖാരിയെ സര്‍വജ്ഞനായ അല്ലാഹു പ്രത്യേകം സജ്ജമാക്കിയിരുന്നു എന്ന് വ്യക്തം. ചെറുപ്പത്തില്‍ ഈ ബാലന്‍ കാഴ്ച ശക്തി കുറഞ്ഞ് അന്ധനായിത്തീര്‍ന്നു. കുഞ്ഞിന്റെ ദൌര്‍ഭാഗ്യത്താല്‍ കദനക്കയത്തിലേക്ക് നിപതിച്ച സാത്വികയും സച്ചരിതയുമായ ഉമ്മ കരഞ്ഞു കരഞ്ഞു കണ്ണുകലങ്ങി. കണ്ണു പൊട്ടനായ പൊന്നുമോനെ നോക്കി മനമുരുകിയ അവര്‍ തന്റെ സങ്കടെ ഇടതടവില്ലാതെ സര്‍വ്വശക്തന്റെ മുമ്പില്‍ അവതരിപ്പിച്ചു കൊണ്ടിരുന്നു.
ഒരു ദിവസം ഇബ്റാഹീമീ മില്ലത്തിന്റെ സമാദരണീയ പിതാവ് ഖലീലുല്ലാഹി ഇബ്റാഹീം നബിയെ അവര്‍ സ്വപ്നത്തില്‍ കണ്ടു. ദുഃഖിതയായ മഹതിയോട് ആ പ്രവാചക ശ്രേഷ്ഠന്‍ ഇങ്ങനെ പറഞ്ഞു. നിങ്ങളുടെ സങ്കടസാന്ദ്രമായ പ്രാര്‍ത്ഥനാധിക്യം നിമിത്തം സര്‍വശക്തനായ റബ്ബ് അരുമ സന്താനത്തിന് കാഴ്ച തിരിച്ചു നല്‍കിയിരിക്കുന്നു. ഈ ശുഭ വാര്‍ത്ത് കേട്ട് സന്തോഷ ഭരിതയായി ഉണര്‍ന്നു നോക്കിയപ്പോള്‍ ആമാതൃഹൃദയം ആനന്ദതുന്തിലരായി- പുന്നാരമോന് കാഴ്ചയുള്ള കണ്ണുകള്‍.
No comments:
Post a Comment