08 March 2012

വലീമത് (വിവാഹ സല്‍ക്കാരം)

 



വിവാഹത്തോടനുബന്ധിച്ചുള്ള സല്‍ക്കാരം ഇസ്ലാമില്‍ സുന്നത്താകുന്നു. അനസ് (റ) പറയുന്നു: അബ്ദുര്‍റഹ്മാനുബനു ഔഫിന്റെ വസ്ത്രത്തില്‍ സ്വിഫ്റതിന്റെ അടയാളം കാണാനിടയായപ്പോള്‍ നബി (സ) തങ്ങള്‍ ചോദിച്ചു: എന്താണിത്? അപ്പോല്‍ അദ്ദേഹം പറഞ്ഞു. ഒരു നവാത് സ്വര്‍ണം കൊണ്ട് ഞാന്‍ ഒരു സ്ത്രീയെ വിവാഹം ചെയ്തിട്ടുണ്ട്. അപ്പോള്‍ നബി (സ) തങ്ങളുടെ മറുപടി ഇതായിരുന്നു. 'അല്ലാഹു നിനക്ക് ബര്‍ക്കത്ത് ചെയ്യട്ടെ, ഒരു ആടെങ്കിലും അറുത്ത് നീ വിവാഹ സദ്യ ഒരുക്കുക' (ബുഖാരി, മുസ്ലിം)
അനസ് (റ) പറയുന്നു: നബി (സ) തങ്ങള്‍ സ്വഫിയ്യ (റ) ബീവിയെ വിവാഹം ചെയ്തപ്പോള്‍ കാരക്കയും സുവൈഖ് നല്‍കി വിവാഹ സദ്യ ഒരുക്കിയിരുന്നു. (മുസ്ലിം)
അലി (റ) ഫാഥിമ (റ)യെ വിവാഹം ചെയ്യാനൊരുങ്ങിയപ്പോള്‍ നബി (സ) തങ്ങള്‍ ഇങ്ങനെ പറയുകയുണ്ടായി. പുതുമാരന്‍ വലീമത് നല്‍കേണ്ടതത്യാവശ്യമാണ്. (അഹ്മദ്)
ഹലാലായ വിവാഹം പരസ്യമാകുന്നതോടൊപ്പം വിവാഹത്തിന് സന്തോഷമുണ്ടാക്കാനും ഇത് സഹായിക്കുന്നു. നബി (സ) തങ്ങള്‍ പറഞ്ഞു: ഹറാമിന്റെയും ഹലാലിന്റെയും ഇടയിലുള്ള വ്യത്യാസം ദഫ് മുട്ടലും പരസ്യമാക്കലുമാകുന്നു. (തുര്‍മുദി)
ആഇശ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെയും കാണാം.
أعلنوا هذا النكاح واجعلوه في المساجد واضربوا عليه بالدفوف – رواه الترمذي
(നിങ്ങള്‍ നികാഹിനെ പരസ്യമാക്കുക, അത് പള്ളിയില്‍ വെച്ച് നടത്തുകയും ദഫ്മുട്ടി പരസ്യപ്പെടുത്തുകയും ചെയ്യുക) (തുര്‍മുദി)
സംഘടിക്കുക (الوليم) എന്നര്‍ത്ഥമുള്ള പദത്തിന് വന്നതിനാല്‍ സന്തോഷകരമായ കാര്യങ്ങള്‍ക്കോ മറ്റോ നല്‍കപ്പെടുന്ന ഏതു സദ്യക്കും 'വലീമത്' എന്ന് പറയപ്പെടുന്നുണ്ടെങ്കിലും 'വിവാഹസദ്യ'ക്കാണ് ഇത് അധികവും ഉപയോഗിക്കാറ്. (മുഗ്നി, മുഹ്താജ്)
തന്റേടമുള്ളവരാണിത് നല്‍കേണ്ടത്.

എപ്പോള്‍ നടത്തണം?

നികാഹിന്റെ അഖ്ദ് നടന്നതിന് ശേഷമേ വലീമത്ത് സുന്നത്തൂള്ളൂ. അപ്പോള്‍ അതിന് മുമ്പുള്ള സല്‍ക്കാരത്തിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ ആ ക്ഷണം സ്വീകരിക്കല്‍ നിര്‍ബന്ധമില്ല എന്നാല്‍ സംയോഗത്തിന് ശേഷമാണ് സദ്യകൊടുക്കല്‍ ഏറ്റവും നല്ലത്. കാരണം നബി (സ) തങ്ങള്‍ തങ്ങളുടെ ഭാര്യമാരെ വിവാഹം ചെയ്തപ്പോഴെല്ലാം ഇങ്ങനെയായിരുന്നു ചെയ്തിരുന്നത്. അപ്പോള്‍ നബിചര്യ പിന്‍പറ്റലുമുണ്ടിതിന്. ഥലാഖ് കൊണ്ടോ മരണം കൊണ്ടോ കാലദൈര്‍ഘ്യം കൊണ്ടോ വലീമത്തിന്റെ സുന്നത്ത് നഷ്ടപ്പെടാത്തത് കൊണ്ട് എപ്പോഴും നടത്താവുന്നതാണ്. (തുഹ്ഫ: 7/424)
ഒരാള്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ എല്ലാവര്‍ക്കും കൂടി ഒരു വലീമത്ത് മതിയെന്നാണ് അദ്റഈ ഇമാമിന്റെ അഭിപ്രായമെങ്കിലും ഓരോ ഭാര്യമാര്‍ക്കും വ്യത്യസ്ത വലീമത്ത് നടത്തണമെന്നാണ് പ്രബലാഭിപ്രായം. (തുഹ്ഫ: 7/421)
വലീമത്ത് രാത്രിയിലാവലാണ് സുന്നത്ത്. കാരണം രാത്രി നല്‍കപ്പെട്ട ഒരു അനുഗ്രഹത്തിന്റെ പകരമാണല്ലോ ഇത്. (فإذا طعمتم فانتشروا)

No comments:

Post a Comment