12 September 2012

തകര്‍ന്ന ബന്ധം


മ്മറത്താരോ വന്നതിന്റെ ശബ്ദം സൈനബ ശ്രദ്ധിച്ചു. ഉച്ചനേരത്ത് ആരായിരിക്കുമെന്ന ആശങ്കയോടെ അവള്‍ വാതില്‍ തുറന്നതും ഒരു നടുക്കം ഹൃദയത്തിലൂടെ പാഞ്ഞു. ‘റസൂലുല്ലാഹി!’ അറിയാതെ ചുണ്ടുകള്‍ചലിച്ചു. ‘അതെ.’ നബിതിരുമേനി പുഞ്ചിരി തൂകി.
സൈനബ വാതില്‍പാളിയില്‍ മുറുകെപിടിച്ചു.
ലോകത്തിന്റെ ഗുരു. സമാധാനത്തിന്റെ ദൂതന്‍. മാനവഐക്യത്തിന്റെ സന്ദേശവാഹകന്‍. കുടുംബസ്നേഹി. ഈ വീട്ടിലേക്ക് കയറിവരാന്‍ എന്താണുകാരണം? ‘സൈനബക്ക് സുഖമല്ലേ’ സ്നേഹമസൃണമായ ചോദ്യം. ‘അല്‍ഹംദുലില്ലാഹ്.’ വിനയപുരസ്സരം സൈനബ മറുപടി പറഞ്ഞു. ‘സഹോദരന്‍ അബ്ദുല്ലയും അഹ്മദും എവിടെപ്പോയി? അവരെ വിളിക്കൂ.’ ‘അവരിവിടെയുണ്ട്. ഞാന്‍ വിളിക്കാം.’ സന്തോഷം തളിരിട്ട മുഖവുമായി സൈനബ മെല്ലെ അകത്തേക്ക് പോയി.
നബി(സ്വ) വന്നതറിഞ്ഞ് അബ്ദുല്ല ഓടിയെത്തി. അബ്ദുല്ലയില്‍ നിന്നാണ് സൈനബ ഇസ്ലാമിന്റെ ശബ്ദം കേട്ടത്. അപ്പോള്‍തന്നെ മുസ്ലിമായി. പലായനത്തിനുള്ള ഓര്‍ഡര്‍ ലഭിച്ചപ്പോള്‍ രണ്ടു സഹോദരന്മാരോടൊപ്പം മദീനയിലേക്ക് പോന്നു. ഇപ്പോള്‍ അവരോടൊത്താണ്  താമസിക്കുന്നത്.
ആമുഖമില്ലാതെ നബി(സ്വ) വന്നകാര്യം സംസാരിച്ചു: ‘സൈനബക്ക് ഒരു വിവാഹം വേണ്ടേ. അവള്‍ക്ക് നല്ല ഒരു ഭര്‍ത്താവിനെ കണ്ടുവെച്ചാണ് ഞാനിവിടെ വന്നത്.’ താഴ്മയോടെ അബ്ദുല്ല ചോദിച്ചു. ‘ആരായിരിക്കും റസൂലേ അത്?’ വാതില്‍ മറവില്‍ നിന്ന് സംസാരം ശ്രവിക്കുന്ന സൈനബയുടെ മിഴികള്‍ വിടര്‍ന്നു. ആകാംക്ഷയോടെ അവള്‍ ശ്രദ്ധിച്ചു. ‘എന്റെ വളര്‍ത്തുപുത്രന്‍ സൈദുബിന്‍ ഹാരിസയില്ലേ? അവന്‍തന്നെ.’
അബ്ദുല്ലയുടെ മുഖം നീരസംകൊണ്ട് കോടി. സൈനബയുടെ മുഖം കടലാസുപോലെ വിളറി വെളുത്തുപോയി.
അല്‍പനേരം അവര്‍ക്കിടയില്‍ മൌനം പടര്‍ന്നു. എവിടെനിന്നോ വന്നുപെട്ട കറുത്തവനായ സൈദ് ഭര്‍ത്താവായി വരുന്നത് സൈനബക്കും അബ്ദുല്ലക്കും ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല. സ്വതന്ത്ര തറവാട്ടില്‍, ഉന്നതകുലജാതയായ തനിക്ക് അടിമയായി വളര്‍ന്ന സൈദ് എങ്ങനെ യോജിക്കും? തന്റെ സൌന്ദര്യത്തിന്റെ നാലയലത്ത് നില്‍ക്കാന്‍ പോലും സൈദിനാവില്ല. മൌനം ഭഞ്ജിച്ചുകൊണ്ട് അബ്ദുല്ല സംസാരം തുടങ്ങി. ‘അത് ശരിയാവില്ല റസൂലേ.’ നിഷേധം കേള്‍ക്കാത്തഭാവത്തില്‍ നബിതിരുമേനി ആവര്‍ത്തിച്ചു. ‘സൈനബയെ സൈദിനു വിവാഹം ചെയ്തു കൊടുക്കണം.’
വിവാഹസ്വപ്നങ്ങള്‍ ചീട്ടുകൊട്ടാരം കണക്കെ ഇടിഞ്ഞുവീഴുന്നത് സൈനബ മനസ്സിലാക്കി. ഇടറുന്ന സ്വരത്തില്‍ അവള്‍ പ്രതികരിച്ചു.
‘ഇല്ല റസൂലേ, സൈദിനെ എനിക്കിഷ്ടമല്ല.’
കണ്ഠത്തില്‍ കുരുങ്ങി അവരുടെ ശബ്ദം ചതഞ്ഞിരുന്നു. പിച്ചവച്ച നാള്‍ മുതല്‍ പരിചയമുള്ളയാളാണ് സൈദ്. ആളു കൊള്ളാം. നല്ല വിശ്വാസി. നബിയുടെ ദത്തുപുത്രന്‍. ജനങ്ങള്‍ വിളിക്കുന്നതുതന്നെ മുഹമ്മദിന്റെ പുത്രന്‍ സൈദ് എന്നാണ്. പക്ഷേ, തന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുവിരിക്കാന്‍ മനസ്സനുവദിക്കുന്നില്ല.
നബി(സ്വ) ഒരുകാര്യം ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ട് മറുത്തുപറയേണ്ട ദുര്‍ഗതിവന്നതില്‍ സൈനബ പരിതപിച്ചു. സ്വസ്ഥത നഷ്ടപ്പെട്ട അവള്‍ എന്തുചെയ്യണമെന്നറിയാതെ പരുങ്ങി. ഇനി എന്തുചെയ്യണമെന്ന ചിന്തയില്‍ അന്തരീക്ഷത്തിലേക്ക് കണ്ണും നട്ടിരിക്കുന്ന നബി(സ്വ)യുടെ മുഖം മങ്ങുന്നത് അബ്ദുല്ല പ്രത്യേകം ശ്രദ്ധിച്ചു.
ഒരു നിമിഷം ഈ വിവാഹ താല്‍പ്പര്യത്തിന്റെ പൊരുളിലേക്ക് അബ്ദുല്ല മനസ്സ് പായിച്ചു. വര്‍ണ, വര്‍ഗ, ദേശ, ഭാഷയുടെ പേരില്‍ അഹങ്കരിക്കുന്നവരായിരുന്നു ജനങ്ങള്‍. അത്തരം അഹങ്കാരങ്ങള്‍ പിഴുതെടുത്ത് മനുഷ്യരെല്ലാം ഒന്നാണെന്നും ഭക്തിയില്‍ മാത്രമേ വ്യത്യാസമുള്ളൂവെന്നും പഠിപ്പിച്ച നബി (സ്വ)യാണ് ഈ കല്യാണക്കാര്യവുമായി വന്നിരിക്കുന്നത്. സ്വന്തം വളര്‍ത്തുപുത്രന് ഉന്നത കുടുംബമായ തന്റെ ഖുറൈശിത്തറവാട്ടിലെ സുന്ദരിക്കുട്ടിയെ വിവാഹം ചെയ്തുകൊടുക്കുകവഴിമാനവികതയുടെ മാതൃക സൃഷ്ടിക്കാനാണ് നബി ഈ പടികയറിവന്നിരിക്കുന്നത്. എന്നിട്ട് താനും സഹോദരിയും അതിന് വിലങ്ങുനില്‍ക്കുകയോ? നബി(സ്വ)യുടെ ഉദ്ദേശ്യശുദ്ധിക്കു മുന്നില്‍ എതിരുപറഞ്ഞ അബ്ദുല്ല ഖേദം കൊണ്ട് വിറച്ചു. ചിന്ത നീണ്ടുപോയപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സ് ഉലഞ്ഞു. ഭാവം മാറി.
ഉറക്കത്തില്‍ നിന്നുണര്‍ന്നപോലെ പെട്ടെന്ന് നബി(സ്വ) പിടഞ്ഞെണീറ്റു. ജിബ്രീലിന്റെ പിടുത്തത്തില്‍ നിന്ന് മോചിതരായ നബി(സ്വ) അഹ്സാബ് സൂറത്തില്‍ 37 ാം വാക്യം ഓതിക്കേള്‍പ്പിച്ചു.
“അല്ലാഹുവും അവന്റെ റസൂലും ഒരുകാര്യം തീരുമാനിച്ചാല്‍ പിന്നെ അതില്‍ മറിച്ചൊരു തീരുമാനം എടുക്കല്‍ സത്യവിശ്വാസിക്കും വിശ്വാസിനിക്കും ചേര്‍ന്നതല്ല. അല്ലാഹുവിനും അവന്റെ ദൂതനും എതിര്‍ നില്ക്കുന്നവരാരോ അവര്‍ വ്യക്തമായ വഴികേടില്‍ തന്നെ.’
അപ്പോള്‍ സൈനബ, നബി(സ്വ)യോട് സ്വരംതാഴ്ത്തി ചോദിച്ചു: ‘അവിടത്തേക്കീ കാര്യം ഇഷ്ടമാണോ റസൂലേ?’ ‘എന്റെയിഷ്ടമാണിവിടെ പറഞ്ഞത്.’
‘എങ്കില്‍ അവിടത്തെ ഇഷ്ടമാണ് വലുത്. ഈ സൈനബയുടെ അഭിപ്രായത്തിനോ ആഗ്രഹങ്ങള്‍ക്കോ ഒരു വിലയുമില്ല. അതിനാല്‍ ഞാനത് അംഗീകരിക്കുന്നു. തിരുദൂതരുടെ തീരുമാനത്തിന് വിഘ്നം നില്‍ക്കാന്‍ ഞാന്‍ ആളല്ല.’
സന്തോഷത്തോടെ നബി(സ്വ) പോകാനെഴുന്നേറ്റു. അബ്ദുല്ല നബി(സ്വ)യുടെ കരം കവര്‍ന്നു. നബി(സ്വ)യുടെ പിന്നാലെ നടന്ന് യാത്രയാക്കാന്‍ അബ്ദുല്ലയും ഇറങ്ങി.
വാതില്‍പടിയില്‍ ചാരിനില്‍ക്കുന്ന സൈനബ നബി(സ്വ) നടന്നകലുന്നത് നോക്കിനിന്നു. എത്രയായാലും നബി(സ്വ)യുടെ മകന്‍ എന്നല്ലേ അദ്ദേഹം അറിയപ്പെടുകയെന്ന് ഓര്‍ത്ത് സൈനബ സമാധാനിച്ചു.
***************
ആര്‍ഭാടങ്ങളില്ലാതെ വിവാഹം കഴിഞ്ഞു. വിവാഹമൂല്യം നല്‍കിയത് നബി(സ്വ). പത്ത് സ്വര്‍ണ ഉറുപ്പിക, അറുപത് വെള്ളിനാണയം, മുഖമക്കന, പുതപ്പ്, അമ്പത് മുദ്ദ് ഭക്ഷ്യപദാര്‍ഥം, മുപ്പത് സ്വാഅ് കാരക്ക എന്നിവയായിരുന്നു മഹ്റ്.
പുതുമാരന്‍ സൈദിന്റെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ സൈനബക്കായില്ല. നിസ്സഹായത വിളിച്ചോതുന്ന വിവര്‍ണ മുഖവുമായി അവര്‍ റൂമില്‍ വന്നിരുന്നു.
വിവാഹം സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരികമായ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമല്ല; പരസ്പരം സ്നേഹവും വിശ്വാസവും ഊട്ടിയുറപ്പിക്കുന്ന പരിശുദ്ധമായ ഒരു ബന്ധമാണത്. മനംതുറന്ന് വാരിപ്പുണരാന്‍ ഇരുവര്‍ക്കും കഴിയാതെ ആഴ്ചകളും മാസങ്ങളും കടന്നുപോയി. അവസാനം ഈ രഹസ്യം ഇനി മൂടിവെച്ചിട്ട് കാര്യമില്ലെന്ന് സൈദ്(റ) തീരുമാനിച്ചു.
സങ്കടവുമായി നബിയെ സമീപിച്ച സൈദിനെ നബി(സ്വ) ആശ്വസിപ്പിച്ചു. ‘സഹിക്കുക. അതെല്ലാം ശരിയായിക്കൊള്ളും. വലിയ തറവാട്ടുകാരിയും സുന്ദരിയുമല്ലേ. ക്രമേണ ഇ ണങ്ങിക്കൊള്ളും.’ പക്ഷേ, അതുണ്ടായില്ല. ആ ബന്ധം ആടിയുലഞ്ഞുകൊണ്ടിരുന്നു. ഉണ്ടായിരുന്ന സ്വസ്ഥതയും നഷ്ടപ്പെട്ട വിഷാദത്തില്‍ സൈനബ വിളറിവെളുത്തുവന്നു. ഓര്‍ക്കാന്‍ കഴിയാത്ത അടഞ്ഞ അധ്യായമായി ബന്ധം അവസാനിപ്പിക്കണമെന്ന സൈദിന്റെ ആവശ്യത്തിന് മൂര്‍ച്ചയേറി. അതിനായി വീണ്ടും വീണ്ടും നബിയില്‍ സമ്മര്‍ദ്ദമേറി.

No comments:

Post a Comment