17 June 2011

ജമാഅത്തെ ഇസ്ലാമി : ബന്ധുഹത്യാ പ്രസ്ഥാനത്തിന്റെ വര്‍ത്തമാനം -- സ്വലാഹുദ്ദീന്‍ അയ്യൂബി

jamaat.jpg
ജമാഅത്തെ ഇസ്ലാമിയുടെ വീക്ഷണപ്രകാരം ഇസ്ലാമെന്നാല്‍ വളരെ വ്യത്യസ്തങ്ങളായ കാമ്പയിനുകളാണ്. കാമ്പയിനുകളുടെ തൊടുകുറിയില്ലാതെ പ്രവര്‍ത്തനം നടത്തിയാല്‍, സര്‍ക്കുലറിന്റെ അകമ്പടിയില്ലാതെ ചിന്തിച്ചാല്‍ ദീന്‍ പൂര്‍ത്തിയാവില്ലെന്ന വിചാരം ഇപ്പോഴുമുണ്ട്. മൂന്നു വര്‍ഷം മുമ്പ് ജമാഅത്തെ ഇസ്ലാമി ഒരു കുടുംബം കാമ്പയിന്‍’ കൊണ്ടാടിയിരുന്നു. ജമാഅത്തുകാരായ ചിലരെങ്കിലും ഞാന്‍ ദീനിന്റെ പുറത്താണെന്ന് ന്യായമായും സംശയിച്ചു കൊണ്ടിരിക്കുന്ന കാലം. ആ കാമ്പയിന്‍ നടക്കുമ്പോള്‍ ജമാഅത്തു തകര്‍ത്തുകളഞ്ഞ  ചില കുടുംബങ്ങള്‍ എന്നൊരു പര്യാലോചന എന്റെ മനസ്സില്‍ വന്നിരുന്നു. അതൊന്ന് പൊടി തട്ടിയെടുക്കുകയാണിവിടെ.
പാര്‍ട്ടീ വളര്‍ച്ചയെന്ന സ്വാര്‍ത്ഥയുടെ അശ്വമേധരഥം തെളിച്ചു ജൈത്രയാത്ര നടത്തുന്നതിനിടയില്‍ തങ്ങള്‍ പുറംകാലുകൊണ്ട് ചവിട്ടിയെറിഞ്ഞ ചില കുടുംബങ്ങളെ കുറിച്ച് ആ കാമ്പയിനിടയില്‍ ഓര്‍ക്കാന്‍ അവര്‍ക്ക് സമയം കിട്ടിയിട്ടുണ്ടോ എന്നറിയില്ല. ചില കുടുംബങ്ങളെ എല്ലാ നിലക്കും തകര്‍ക്കാന്‍ പയറ്റിയ ചാണക്യസൂത്രങ്ങള്‍ അനവധിയാണ്. പിതാവിനെയും മകനെയും തമ്മിലടിപ്പിച്ചും, ചിലര്‍ക്ക് കുടുംബാവകാശം തന്നെ നിഷേധിച്ചും, ചില കുടുംബങ്ങളെ കുറിച്ച് വാസ്തവവിരുദ്ധമായ പ്രചരണങ്ങള്‍ക്ക് ഇടം നല്കിയും പാര്‍ട്ടി നിയോഗം നിറവേറ്റിയ ചരിത്രം അറപ്പുളവാക്കുന്നതാണ്.
ഈ കാമ്പയിന്‍ ആചരിക്കപ്പെടുമ്പോള്‍ മലപ്പുറത്തെ പ്രസിദ്ധമായ ഒരു സോഫ്റ്റ്വെയര്‍ കമ്പനി (അറ്റ്ലാന്റ ഐ.ടി. സൊല്യൂഷന്‍)ജമാഅത്ത് നേതാവിന്റെ മകന്‍ തകര്‍ക്കുകയും എം.ഡി.യെ അപായപ്പെടുത്താന്‍ കോഴിക്കോട്ടെ ഗുണ്ടകളെ വാടക്കെടുത്ത് കലോല്‍സവം നടത്തുകയും ചെയ്യുകയായിരുന്നു. പ്രസ്ഥാനസ്നേഹികളുടെ നിര്‍ലോഭസഹായം മുന്‍ അമീറിന്റെ പുന്നാരമോന് ധാരാളമായി അന്ന് ലഭിക്കുകയും ചെയ്തിരുന്നു. എസ്ഐഒ മുന്‍ നേതാവ് ടിപി ഷറഫുദ്ദീന്‍ (മോങ്ങം) ഒരു സാമ്പത്തികക്കെണിയില്‍ പെട്ട് ബിസിനസ് തകര്‍ന്ന് കിടക്കുമ്പോള്‍ അയാളെ റാഞ്ചാന്‍ ചെന്നൈയിലേക്ക് ഗുണ്ടകളെ വിട്ടതും അക്കാലത്ത് ഇസ്ലാമികപ്രസ്ഥാനത്തിന്റെ അറിവോടെയായിരുന്നു. ഏലൂരിലെ ഫാക്ടറിഗുണ്ടകളെയും കുടുംബക്കാരെയും കൂട്ടി സോളിഡാരിറ്റിയുടെ യുവശിങ്കങ്ങള്‍ കൊച്ചിയില്‍ ഹാശിം ഹാജിയെ പ്രതിരോധിക്കുന്നതും അക്കാലത്തു തന്നെയായിരുന്നു.
ജമാഅത്ത് പ്രസ്ഥാനിക കുടുംബം റിയല്‍ എസ്റേറ്റ് രംഗത്തും പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്വഭാവങ്ങളിലും ആശുപത്രി നെറ്റ്വര്‍ക്കുകളായും മാധ്യമമാഫിയായും സാംസ്കാരികരംഗത്തെ ഏഴാംകൂലികളായും മുസ്ലിം സമുദായത്തിനകത്തെ അഞ്ചാംപത്തിക്കാരായും പ്രവര്‍ത്തിച്ചതിന്റെ മൂര്‍ദ്ധന്യത കണ്ട കാലയളവുകളാണ് കഴിഞ്ഞുപോയത്. എം.ഡി.യുടെ ആത്മഹത്യയിലൂടെ ആയിരക്കണക്കിന് പ്രസ്ഥാനകുടുംബങ്ങളുടെ മനസ്സിലെ ഓര്‍ക്കിഡ് വസന്തം കരിഞ്ഞുണങ്ങിയ പൊരിവെയില്‍ക്കാലം. ആലുവായിലും പാലക്കാട് നഗരത്തിലും പുളിക്കല്‍ സാഫിയിലും ഓര്‍ക്കിഡിലും കാഞ്ഞങ്ങാടും തൃശൂര്‍ നഗരത്തിലും പാര്‍ട്ടിയെ വിശ്വസിച്ച് റിയല്‍ എസ്റേറ്റ് പരിപാടിക്ക് നിരവധി ദരിദ്ര മൌദൂദിസ്റുകള്‍ പണം മുടക്കിയ കലികാലം. പണമോ ലാഭമോ തിരിച്ചു കിട്ടാത്തതില്‍ ആ കുടുംബങ്ങള്‍ ഹിറാസെന്ററിനെ ത്വവാഫ് ചെയ്യുകയും വെള്ളിമാടുകുന്ന് ഐ.എസ്.ടി മുതല്‍ സ്റേഡിയം ഗ്രൌണ്ടിലെ ജില്ലാകേന്ദ്രം വരെ സഅ്യ് നടത്തി മാധ്യമാലയങ്ങള്‍ക്കു മുമ്പില്‍ രാപ്പാര്‍ക്കുകയും ചെയ്തിരുന്ന അക്കാലത്തു തന്നെയാണ് മുറിവുണക്കാന്‍ കുടുംബ കാമ്പയില്‍ തീരുമാനിക്കപ്പെട്ടത്.
ഇനി താഴെക്കൊടുത്ത ലിസ്റ് ഒന്ന് നന്നായി പഠിച്ചു നോക്കുക;
മൌദൂദിക്കും ജമാഅത്തിനും ഇസ്ലാമിക പ്രമാണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ വളരെ ആഴത്തിലുള്ളതാണെന്ന് സമര്‍ഥിക്കാന്‍ ശ്രമിച്ച് ജമാഅത്തെ ഇസ്ലാമിയെ പരിത്യജിച്ച വഹീദുദ്ദീന്‍ ഖാനെയും അദ്ദേഹത്തിന്റെ മക്കളെയും തമ്മിലടിപ്പിക്കാന്‍ ജമാഅത്തെ ഇസ്ലാമി സുദീര്‍ഘമായ 25 വര്‍ഷം മെനക്കെട്ടു. സ്വജീവന് ഭീഷണയുണ്ടായപ്പോള്‍ വാജ്പയി സര്‍ക്കാറിനോട് പോലീസ് പ്രൊട്ടക്ഷന്‍ ആവശ്യപ്പെട്ട അദ്ദേഹത്തെ കുറിച്ച് ബിജെപി മൌലാനാ എന്ന ആരോപണം വ്യാപകമാക്കി. അത് ഇന്നും തുടരുന്നു. എന്നാല്‍ ഈ പ്രചരണത്തിനു പകരം വഹീദുദ്ദീന്‍ഖാനെ നേരില്‍ കാണാന്‍ കെല്‍പുറ്റ ഒരാളും ഇന്നും ജമാഅത്തിലില്ലെന്ന് ഞങ്ങള്‍ വഹീദുദ്ദീന്‍ ഖാനെ സന്ദര്‍ശിച്ച ഘട്ടത്തില്‍ കൂടെ വന്ന മുന്‍ എസ്ഐഒ അഖിലേന്ത്യാ ശൂറാംഗം ഖാദി ഗിയാസുദ്ദീന്‍(യു.പി) പരിതപിക്കുകയുണ്ടായി. വഹീദുദ്ദീന്‍ഖാന്‍ ഉന്നയിച്ച വിമര്‍ശനങ്ങളെക്കുറിച്ചും അതിന്റെ മുമ്പില്‍ ചൂളിപ്പോയ മൌദൂദിയുടെ നയങ്ങളെക്കുറിച്ചും അറിയാന്‍ അദ്ദേഹം രചിച്ച 'ജമാഅത്തെ ഇസ്ലാമി; തഅ്ഗീര്‍ കി ഗലത്' എന്ന ഗ്രന്ഥം വായിച്ചാല്‍ മതി.—
വൈജ്ഞാനിക കാരണങ്ങള്‍ക്കൊണ്ട് ജമാഅത്തിനെ വിട്ട മുന്‍ നേതാവ് പാക്കിസ്ഥാനിലെ അമീന്‍ അഹ്സന്‍ ഇസ്ലാഹിയെ കുടുംബവൃത്തങ്ങളില്‍ നിന്ന് അകറ്റി. ജമാഅത്ത് ജിഹ്വകളില്‍ തന്നെ കുറിച്ചുള്ള വിവരങ്ങള്‍ തെറ്റായി പ്രസിദ്ധീകരിക്കുമ്പോഴും അപൂര്‍വമായ ക്ഷമ വച്ചു പുലര്‍ത്തിയാണ് പണ്ഡിതനായ അമീന്‍ അഹ്സന്‍ മരണം വരെ അതിനെ നേരിട്ടത്.
പ്രാസ്ഥാനിക ധാര്‍മികത പാലിക്കാത്ത ജമാഅത്തിനെ ഒഴിവാക്കി പില്‍കാലത്ത് മരണം വരെ ലണ്ടനിലെ ഇസ്ലാമിക് ഫൌണ്ടേഷന്റെ നേതൃസ്ഥാനത്ത് കഴിച്ചുകൂട്ടിയ എഞ്ചിനിയറും ബുദ്ധിജീവിയും ഗ്രന്ഥകാരനും പാക്കിസ്ഥാനിലെ ജമാഅത്ത് നേതാവുമായിരുന്ന ഖുര്‍റം ജാ മുറാദിനെ കുറിച്ച് ഒരുപാടുകാലം അസംബന്ധങ്ങള്‍ പ്രചരിപ്പിച്ചു. സൂഫീരീതികള്‍ പിന്തുടര്‍ന്ന അദ്ദേഹത്തെ മാനസികരോഗിയാക്കി ചിത്രീകരിച്ചു. കുടുംബങ്ങളില്‍നിന്നുതന്നെ അദ്ദേഹത്തെ നേരിടാന്‍ ശത്രുക്കളെ കണ്ടെത്തുന്നതില്‍ പാക്കിസ്താന്‍ ജമാഅത്ത് വിജയിച്ചു.
ഈയടുത്ത കാലത്ത് ജമാഅത്തിനെ കയ്യൊഴിക്കുകയും സൂഫീമാര്‍ഗം പിന്തുടരുകയും ചെയ്ത കാനഡയിലെ ടൊറണ്ടൊയിലെ ഗ്രാന്റ് മുഫ്തിയും ശാന്തപുരത്തെ ആദ്യകാല വിദ്യാര്‍ത്ഥിയും പണ്ഡിതനുമായ വളാഞ്ചേരിക്കാരന്‍ വി.—പി.—കെ. അഹ്മദ് കുട്ടിയെ കുറിച്ചും ജമാഅത്ത് കേന്ദ്രങ്ങള്‍ പലതും പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ടൊറണ്ടോയില്‍ തന്നെയുള്ള ജമാഅത്ത് വിധേയനായ മറ്റൊരാള്‍ ഗള്‍ഫില്‍ പലേടത്തും വിപികെയെ കുറിച്ചുള്ള തത്തമ്മപ്പാട്ടുകള്‍ പാടിക്കൊണ്ട് നടക്കുന്നത് ഞാന്‍ നേരിട്ടു തന്നെ കേട്ടിട്ടുണ്ട്.
കെ—എം രിയാലു സാഹിബും ജമാഅത്തും തമ്മിലുള്ള ബന്ധം വളരെ ദൃഢവും സുദീര്‍ഘവുമായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ അഖിലേന്ത്യാ നേതാവും മജ്ലിസേ നുമായിന്തഗാന്‍ മെമ്പറും ആയിരുന്ന അദ്ദേഹം പ്രബോധനവഴികളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ കാഴ്ച വെച്ച വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ എതിരാളികളായ ബന്ധുക്കളുടെ കൂടെക്കൂടി അദ്ദേഹത്തിന്റെ സ്വത്തു തട്ടിയെടുക്കുന്ന പണികളിലാണ് ജമാഅത്ത് ഏര്‍പ്പെട്ടത്. രിയാലു സാഹിബിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാന്‍ ജമാഅത്ത് വിപുലമായൊരു ചാരശൃംഖലയെ തന്നെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. മാഹി, തലശ്ശേരി, കോഴിക്കോട്, പാലക്കാട്, തമിഴ്നാട്ടിലെ മധുര, വാണിയമ്പാടി എന്നിവിടങ്ങളിലെല്ലാം അദ്ദേഹത്തെ കുറിച്ചുള്ള തെറ്റായ വാര്‍ത്താപ്രചരണങ്ങളുടെ ചുമതലയും ഇവര്‍ നിര്‍വ്വഹിക്കുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കളെ കൂടി ഇതിലുള്‍പ്പെടുത്താന്‍ ജമാഅത്ത് മറന്നിട്ടില്ല.
യു കെ ഇബ്രാഹിം മൌലവി എന്ന അബൂസഹ്ല ആദ്യകാല ജമാഅത്തു പ്രവര്‍ത്തകനായിരുന്നു. കലാസാഹിത്യ പ്രവര്‍ത്തനങ്ങളുടെ തോഴനായിരുന്ന അദ്ദേഹത്തിന്റെ ബുദ്ധിപരമായ മേന്‍മ തിരിച്ചറിയാതെ പോയ ജമാഅത്ത് അദ്ദേഹത്തെ കയ്യൊഴിച്ചു. വിലക്കേര്‍പ്പെടുത്തി. കുടുംബക്കാര്‍ പോലും അദ്ദേഹത്തെ തെറ്റിദ്ധരിച്ചു വിട്ടുനിന്നു. തന്റെ ഓമനകളായ മാപ്പിളപ്പാട്ടുകളെ കയ്യിലെടുത്ത് പരദേശിയായി കുട നന്നാക്കി കൊണ്ടാണ് അദ്ദേഹം പില്‍കാലത്ത് മരണം വരെ ആരോടും പരിഭവം പറയാതെ ജീവിച്ചത്. 'മിന്നിത്തിളങ്ങും മിന്നാ മിനുങ്ങിന്റെ കൂട്ടമെന്നോണം...' എന്നു തുടങ്ങുന്ന അദ്ദേഹത്തിന്റെ വരികള്‍ യുവജനോത്സവങ്ങളിലെ എന്നത്തെയും ഇഷ്ടഗാനമാണ്. മാവൂരിന്റെ പരിസരങ്ങളില്‍ ജീവിക്കുന്ന അദ്ദേഹത്തിന്റെ പേരക്കിടാങ്ങള്‍ അബൂസഹ്ലക്കെതിരെ ജമാഅത്ത് നടത്തിയ ദ്രോഹങ്ങളുടെ നേര്‍സാക്ഷികളാണ്.
ഹാശിം ഹാജിയെ ജമാഅത്ത് കൈകാര്യം ചെയ്ത വിധം ഇനിയും ആവര്‍ത്തിക്കേണ്ടതില്ലല്ലോ. 'ജമാഅത്തെ ഇസ്ലാമി ആരുടെ സൃഷ്ടി?' എന്ന അദ്ദേഹത്തിന്റെ കൃതി വായിച്ചാല്‍ കാര്യങ്ങള്‍ എളുപ്പം ബോധ്യമാകും. ആ പുസ്തകത്തിലെ വിഷയങ്ങള്‍ ജമാഅത്തിനു മറുപടിയില്ലാത്ത ആഗ്നേയാസ്ത്രങ്ങളാണ്. മറുപടി പറയാന്‍ ഹാജിയുടെ വെല്ലുവിളിയുമുണ്ട്. മാള അബ്ദുസ്സലാം മൌലവി, പള്ളുരുത്തി ഹാജി, ചാലക്കല്‍ ലിബാസ് അലി സാഹിബ് എന്നിവരെ കുറിച്ചു കൂടിയുള്ള വിവരങ്ങള്‍ അതില്‍തന്നെ വരുന്നുണ്ട്. എല്ലാവരും ജമാഅത്തിന്റെ പീഢനങ്ങള്‍ക്കിരയായവര്‍ തന്നെ.
ഒ.സി.കെ. ബാപ്പുട്ടി ഹാജിയെന്ന മാറഞ്ചേരിയിലെ ആദ്യകാല ജമാഅത്ത് റുക്നും(മെമ്പര്‍) നേതാവുമായിരുന്ന വ്യക്തിയെ മരണം വരെ ജമാഅത്ത് അവഗണിച്ചു. നിസ്സാരമായ പ്രശ്നങ്ങള്‍ മാത്രമേ അദ്ദേഹത്തിന് ജമാഅത്തിനോടുണ്ടായിരുന്നുള്ളൂ. എന്നാല്‍ നിസ്സാര പ്രശ്നങ്ങളില്‍ പരാതി പറഞ്ഞതിനാണ് അദ്ദേഹത്തെ നേതാക്കള്‍ അകറ്റി നിര്‍ത്തിയത്. മരിക്കുന്നതിനു മുമ്പ് അദ്ദേഹവുമായി സംസാരിക്കുമെന്ന് എനിക്കും സുഹൃത്തും മുന്‍ എസ്.ഐ.ഒ. നേതാവുമായ ഇ. അബ്ദുര്‍റഹ്മാനും അക്കാലത്തെ ജമാഅത്ത് ജില്ലാ നേതാവായിരുന്ന എം.ഐ. അബ്ദുല്‍ അസീസ് വാക്കു തന്നിരുന്നു. എന്നാല്‍ അതുണ്ടായില്ല. ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കാന്‍ കഴിയാതെ തന്നെ ബാപ്പുട്ടി ഹാജിയും മരിച്ചു. (തുടരും)

No comments:

Post a Comment