17 June 2011

മീഡിയയുടെ മിത്തും പ്രകോപനവും

മീഡിയയുടെ മിത്തും പ്രകോപനവും --

news.jpg
പരസ്പര വിരുദ്ധങ്ങളായ ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്ന മതങ്ങള്‍ തമ്മില്‍ നൂറ്റാണ്ടുകളോളം ഐക്യത്തോടെ വര്‍ത്തിച്ച് മതാധിഷ്ഠിത മതേതരത്വത്തിന്റെ അവിശ്വസനീയ ചരിത്രം ലോകത്തിനു സമ്മാനിച്ച നാടാണ് കേരളം. ഈ പശ്ചാത്തലത്തില്‍ മഅ്ദനിയുടെ അറസ്റും പ്രൊഫ. ജോസഫിന്റെ ചോദ്യക്കടലാസും അതിന്റെ അനുബന്ധ സംഭവവികാസങ്ങളുമൊക്കെ ചേര്‍ന്ന് സൃഷ്ടിച്ച സാഹചര്യത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
സൈദ്ധാന്തികമായി എന്തെ ല്ലാം തത്വങ്ങള്‍ പറഞ്ഞാലും വ്യാഖ്യാനങ്ങള്‍ നല്‍കിയാലും മതങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമുള്ളതായി എനിക്കു തോന്നിയിട്ടില്ല. അത് ഇന്ത്യയുടെ ഒരു പ്രത്യേകതയാണ്. കേരളത്തില്‍ ആ പ്രത്യേകത വളരെ കൂടുതലുമാണ്. മതങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന രാജ്യങ്ങളുണ്ട്. ഇപ്പോഴുമുണ്ട്. അതല്ല ഇവിടത്തെ സ്ഥിതി. ഇവിടത്തെ പ്രശ്നം എല്ലാ മതങ്ങളിലും പെട്ട കുറച്ചുപേര്‍ അല്ലെങ്കില്‍ ചില സംഘടനകള്‍ അവരുടെ വര്‍ഗീയ താല്‍പര്യങ്ങള്‍ക്കോ മറ്റേതെങ്കിലും തരത്തിലുള്ള താല്‍പര്യങ്ങള്‍ക്കോ വേണ്ടി മതത്തിന്റെ പേരിലുള്ള സംഘര്‍ഷം സൃഷ്ടിക്കുന്നു എന്നതാണ്. നാമെല്ലാം വളരെ ആശങ്കയോടെ നോക്കുന്ന ഗുജറാത്തില്‍ പോലും ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ യുദ്ധം നടക്കുന്നില്ല. ഒരു വിഭാഗത്തില്‍ പെട്ടവര്‍ വളരെ വിചിത്രമായ, നിര്‍ഭാഗ്യകരമായ പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് നടത്തുന്ന ചില അക്രമങ്ങളാണ്. മതങ്ങള്‍ തമ്മിലുള്ള സൌഹൃദമില്ലാതായിരിക്കുന്നു, സഹിഷ്ണുത ഇല്ലാതായിരിക്കുന്നു എന്ന് വിലപിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല. പ്രൊഫ. ജോസഫിനെ അക്രമിച്ച സംഭവത്തില്‍ പോലും മതത്തിന്റെ പേരില്‍ ചെയ്തു എന്നാണ് പറയുന്നത്. ഇതുപറയുമ്പോഴും കേരളത്തിലെ മുഴുവന്‍ മുസ്ലിംകളും അതിന്റെ പേരില്‍ പ്രകോപിതരായി അധ്യാപകനു നേരെയോ കോളജിനു നേരെയോ മുഴുവന്‍ ക്രൈസ്തവ സമൂഹത്തിനും നേരെയോ യുദ്ധത്തിനു പോകുന്നില്ല. അവര്‍ മനസ്സില്‍ പോലും അങ്ങനെ വിചാരിക്കുന്നില്ല. എന്നാല്‍ അങ്ങനെ വിചാരിക്കുന്ന, പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ് അത് ചെയ്തത്. അതിനെ എതിര്‍ക്കുന്നതിന്ന് ഏറ്റവും ആദ്യം മുന്നില്‍ വന്നതും മുസ്ലിംകള്‍ തന്നെയാണ്. അധ്യാപകനെ എറണാകുളത്ത് ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ രക്തം നല്‍കാന്‍ വരി നിന്നത് പോലും മുസ്ലിം ചെറുപ്പക്കാരാണ്. അവരുടെയുള്ളില്‍ അങ്ങനെയൊരു പകയുണ്ടെങ്കില്‍ അയാളെ രക്ഷിക്കാനല്ലല്ലോ നോക്കുക. അയാള്‍ മരിച്ചിട്ടില്ലെങ്കില്‍ വീണ്ടും അക്രമിക്കുവാനല്ലേ ഉദ്യമിക്കുക? എനിക്ക് ഗുജറാത്തിലൊക്കെയുള്ള ധാരാളം ഹിന്ദുക്കളെ അറിയാം. അവരുടെയൊന്നും പ്രത്യയശാസ്ത്രം നരേന്ദ്രമോഡിയുടെ പ്രത്യയശാസ്ത്രമല്ല. പക്ഷേ, അയോധ്യമുതല്‍ ഏത് വിഷയമെടുത്തു പരിശോധിച്ചാലും ജനങ്ങളെ ഇളക്കിവിടാവുന്ന, വളരെയേറെ വൈകാരിക വിക്ഷോഭം സൃഷ്ടിക്കാവുന്ന ഒന്നായി മതത്തെ പ്രയോജനപ്പെടുത്തുന്നു. അതാണ് നാം പരാജയപ്പെടുത്തേണ്ടത്. അവിടെ ഒരു മതസൌഹാര്‍ദ്ദ സമ്മേളനത്തിനൊന്നും വലിയ പ്രസക്തിയുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. യഥാര്‍ത്ഥ മതനിരപേക്ഷത എന്താണെന്ന് സമൂഹത്തെ പഠിപ്പിക്കുക. അത് ശക്തിപ്പെടുത്തുന്നതിന്നാവശ്യമായ കാര്യങ്ങള്‍ ചെയ്യുക. അതോടൊപ്പം നിയമത്തിന്റെ കര്‍ശനമായ ചില ഇടപെടലുകള്‍ ഉണ്ടാകുക, ഇതൊക്കെയാണ് അനിവാര്യമായിട്ടുള്ളത്. സാമൂഹികവിരുദ്ധരെ നിയന്ത്രിക്കുന്നതു കൊണ്ടുമാത്രം തീരുന്നതാണോ പ്രശ്നങ്ങള്‍? സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പോലും വര്‍ഗീയശക്തികള്‍ വേരുറപ്പിച്ചിട്ടില്ലേ? നിലവിലുള്ള നിയമങ്ങളുടെ പരിരക്ഷ പോലും ലഭിക്കുന്നില്ലല്ലോ? വര്‍ഗീയ ലഹളകള്‍ തടയുന്നതിനുള്ള ഒരു നിയമ നിര്‍മ്മാണം നടത്തുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ പറയാന്‍ തുടങ്ങിയിട്ട് ഏഴു വര്‍ഷമായി. യുപിഎ സര്‍ക്കാറിന്റെ ഏഴാം വര്‍ഷമാണിത്. കമ്യൂണല്‍ വയലന്‍സ് തടയാനുള്ള ഒരു നിയമനിര്‍മ്മാണം നടത്താന്‍ പോലും കഴിയുന്നില്ല. എതിര്‍പ്പുകള്‍ തന്നെ കാരണം. ഈ എതിര്‍പ്പുകള്‍ ഉണ്ടാകുന്നത് ഭരണ സംവിധാനത്തില്‍ ഹിന്ദുത്വശക്തികള്‍ക്കുള്ള സ്വാധീനത്തിന്റെ ഫലമാണ്. അത്തരം സ്വാധീനങ്ങള്‍ക്ക് അതീതമായി ശക്തമായ ചില നിലപാടുകള്‍ സ്വീകരിക്കാന്‍ മതനിരപേക്ഷ സമൂഹത്തിനു കഴിയണം. അതില്‍ പലപ്പോഴും പരാജയപ്പെടുന്നു എന്നത് ദുഃഖകരമായ കാര്യമാണ്. മതനിരപേക്ഷതയുടെ പേരിലാണ് നാല് നാലര വര്‍ഷക്കാലം ഒന്നാം യുപിഎ സര്‍ക്കാറിനെ പിന്തുണച്ചത്. അന്നത്തെ ഒരു ഉറപ്പ്, വര്‍ഗ്ഗീയത തടയാനുള്ള ഒരു നിയമനിര്‍മ്മാണമായിരുന്നു. മറ്റെന്തെല്ലാം നിയമങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. വനിതാ സംവരണത്തിന് അതിശക്തമായ എതിര്‍പ്പുണ്ട്. എന്നാല്‍ അതിപ്പോഴും സജീവമാണ്. രാജ്യസഭ അത് പാസ്സാക്കുകയും ചെയ്തു. ഇവിടെയത് സാധിക്കുന്നില്ല. അവിടെയൊക്കെയാണ് ഭരണകൂടത്തിന്റെ ഇച്ഛാശക്തിയിലും ആത്മാര്‍ത്ഥതയിലും നമുക്ക് സംശയമുണ്ടാകുന്നത്. മതേതരത്വം, ജനാധിപത്യം തുടങ്ങിയവയുടെ വിജയം വിവേകപൂര്‍വ്വം ആലോചിക്കാനും നിര്‍വികാരമായി തീരുമാനമെടുക്കാനും കഴിയുന്നതിലാണല്ലോ. അങ്ങനെയൊരവസ്ഥ ഇന്ത്യയിലും കേരളത്തിലുമൊക്കെ ഇല്ലാതായിട്ട് കാലം കുറേയായി. ഓരോരോ മിത്തുകളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. രാമ മിത്താകാം, രാവണ മിത്താകാം - മഅ്ദനി ഇപ്പോഴൊരു രാവണ മിത്താണ്. ജനാധിപത്യത്തിന്റെ കാവല്‍ഭടരെന്നു വിശേഷിപ്പിക്കുന്ന മീഡിയയാണ് ഇത് സൃഷ്ടിക്കുന്നത്. വൈകാരികമായി ജനങ്ങളെ ഇളക്കിവിടുന്ന രൂപത്തില്‍ മീഡിയ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ നമ്മുടെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഭാവി എന്താകുമെന്ന് ആശങ്ക തോന്നുന്നു. തെരഞ്ഞെടുപ്പില്‍ പലതരത്തിലുള്ള തെറ്റായ സ്വാധീനങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് പലയിടത്തും അത് സംഭവിക്കുന്നുണ്ട്. ജനാധിപത്യത്തെ നിലനിര്‍ത്തുന്നത് സ്വതന്ത്രമായ തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പ് സ്വതന്ത്രമാകാതിരിക്കാനിടയാകുന്ന പല ദുസ്വാധീനങ്ങളും ഉണ്ടാകുന്നുണ്ട്. അതിലൊന്നാണ് മീഡിയയുടെ സ്വാധീനം. അത് നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ആളുകളുടെ വൈകാരിക പ്രതികരണങ്ങളെ പ്രചോദിപ്പിക്കുന്നു. അപ്പോള്‍ ജനങ്ങളുടെ നിലപാടുകള്‍ വൈകാരികമായിത്തീരുന്നു. സമ്മതിദാനവും വൈകാരികമായി മാറും. വൈകാരികമായി ഒരു ജനത പ്രതികരിക്കുന്നത് എപ്പോഴും തെറ്റാണ് എന്നു പറയാനാവില്ല. 1977, ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട വര്‍ഷമാണ്. അന്ന് ആരും പ്രതീക്ഷിക്കാത്ത അപകടമാണ് ഭരണകക്ഷിക്കു സംഭവിച്ചത്. പ്രധാനമന്ത്രി തോല്‍ക്കുന്നു. പാര്‍ട്ടിയുടെ ഭൂരിപക്ഷം ഗണ്യമായി കുറയുന്നു. ചില സംസ്ഥാനങ്ങളില്‍ ഒരു സീറ്റുപോലും കിട്ടാത്ത സ്ഥിതിയുണ്ടാകുന്നു. അത് ഇന്ത്യന്‍ ഇലക്ടൊറൈറ്റ് അന്ന് വൈകാരികമായി പ്രതികരിച്ചതിന്റെ ഫലമാണ്. ആ വൈകാരിക പ്രതികരണം മീഡിയ ഉണ്ടാക്കിയതല്ല. അന്ന് ദൃശ്യമാധ്യമമില്ല. പത്രങ്ങള്‍ ഗവ. നിയന്ത്രണത്തിലായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനമില്ല. നേതാക്കള്‍ ജയിലിലാണ്. എന്നിട്ടും എങ്ങിനെയാണ് വടക്കെ ഇന്ത്യയിലെ ജനങ്ങള്‍ ഒരേ വികാരത്തോടെ പ്രതികരിച്ചത് എന്നത് ഒരു മിസ്ററിയാണ്. നമുക്കറിയില്ല. പക്ഷേ, പ്രതികരണം വൈകാരികമായിരുന്നു. ജനങ്ങള്‍ യുക്തി സഹമായി ചിന്തിച്ച് വോട്ടുചെയ്തതൊന്നുമല്ല. അതു കൊണ്ട് വൈകാരിക പ്രതികരണം എപ്പോഴും തെറ്റായിരിക്കും എന്നു പറയാനാവില്ല. എഴുപത്തേഴിലെ ജനകീയവിധി അന്നാവശ്യമായിരുന്നു. എന്നാല്‍ ചില പ്രതീകങ്ങള്‍ ചിലപ്പോള്‍ സൃഷ്ടിക്കപ്പെടുന്നു. ആ പ്രതീകങ്ങളെ മുന്‍നിര്‍ത്തി വൈകാരികാവേശമുണ്ടാക്കാന്‍ ശ്രമിക്കുന്നു. അത് പലപ്പോഴും നല്ലതിനല്ല എന്ന വിമര്‍ശനം ശരിയാണ്. ഗൌരവമുള്ള പലതിനെയും ലാഘവ ബുദ്ധിയോടെ കാണുക; തള്ളിക്കളയേണ്ട കാര്യങ്ങളെ പര്‍വ്വതീകരിക്കുക. ഇതാണ് മാധ്യമങ്ങളുടെ രീതി. ഇപ്പോള്‍ മഅ്ദനിയെ കുറിച്ചു പറഞ്ഞു. അന്‍വാറുശ്ശേരിയില്‍ മഅ്ദനിയെ അറസ്റു ചെയ്യുന്ന ദിവസവും അതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളും ചാനലുകളില്‍ തത്സമയ പ്രക്ഷേപണമായിരുന്നു. ഒരു സെക്കന്റുപോലും വിടാതെ. അതില്ലായിരുന്നെങ്കില്‍ 'മഅ്ദനിയെ അറസ്റു ചെയ്തു' എന്ന വര്‍ത്ത നാം വായിക്കും. അത്രയേയുള്ളൂ. പക്ഷേ, ഇതു കാണുന്നവര്‍ക്ക് രണ്ടു തരം പ്രതികരണങ്ങളുണ്ടാകുന്നു. മഅ്ദനി അറസ്റിനു വഴങ്ങുന്നില്ല, അയാള്‍ ചെറുത്തു നില്‍ക്കുന്നു. അന്‍വാറുശ്ശേരി ഒരു മഹാ പ്രാകാരം പോലെ. സുവര്‍ണക്ഷേത്രത്തില്‍ കാവലോടെ ഒളിച്ചിരിക്കുന്ന ഭിന്ദ്രന്‍വാലയെപ്പോലെ മഅ്ദനിയെ അവതരിപ്പിക്കുന്ന അവസ്ഥ. എന്താണ് ഉദ്ദേശ്യം എന്ന് നമുക്കറിയില്ല. മാധ്യമങ്ങള്‍ നടത്തുന്നത് ജനങ്ങളുടെ ആഭിമുഖ്യം അനുനിമിഷം നിലനിര്‍ത്തിക്കൊണ്ടു പോകാനും അത് ശക്തിപ്പെടുത്താനുമുള്ള പ്രവര്‍ത്തനമാണ്. ആ പ്രവര്‍ത്തനം പലപ്പോഴും വലിയ അപകടങ്ങള്‍ക്കു കാരണമാകുന്നു എന്ന കാര്യം കൂടി അവര്‍ തിരിച്ചറിയണം. വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ പത്രങ്ങള്‍ സ്വയം സംയമനം പാലിച്ച് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം എന്ന് അനുശാസിക്കുന്ന പ്രസ്സ്കൌണ്‍സിലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്. അമേരിക്കയിലെ ഒരു പാസ്റര്‍ വിശുദ്ധ ഖുര്‍ആന്‍ കത്തിക്കുമെന്ന് പറഞ്ഞു. അതിനെ അമേരിക്കന്‍ പ്രസിഡന്റ് അപലപിച്ചു. അങ്ങനെയെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിന്റെ ദൃശ്യങ്ങളും വാര്‍ത്തകളും നല്‍കി ജനങ്ങളെ ഇളക്കിവിടരുത് എന്ന് കേന്ദ്രമന്ത്രി ചിദംബരം പറഞ്ഞു. സംയമനം പാലിക്കണം. വിശുദ്ധ ഖുര്‍ആന്‍ ആരെവിടെ കത്തിച്ചാലും വികലമാക്കിയാലും തെറ്റാണ്. അപലപനീയമാണ്, അതില്‍ സംശയമൊന്നുമില്ല. പക്ഷേ, ഒരു ഭ്രാന്തന്‍ അത് ചെയ്താല്‍ മാധ്യമങ്ങളത് ഏറ്റെടുത്ത് പ്രസിദ്ധീകരിച്ച്, ജനങ്ങളുടെ വികാരങ്ങളെ ഇളക്കിവിട്ടാല്‍ ഉണ്ടാകാവുന്ന പ്രതികരണം ഏതു രീതിയിലാകുമെന്ന് നമുക്ക് പറയാനാവില്ല. അത് റിപ്പോര്‍ട്ട് ചെയ്തില്ലെന്നു വിചാരിക്കുക. വിശുദ്ധഖുര്‍ആന് ഒരു ദോഷവും സംഭവിക്കുന്നില്ല. മുസ്ലിംകള്‍ക്കും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. അവിടെയൊക്കെയാണ് നാം ചില മര്യാദകള്‍ പാലിക്കേണ്ടത്. പൊതു സമൂഹത്തിന്റെ വികാരത്തെ ഇളക്കിവിടുകയല്ല വേണ്ടത്. പക്വതയോടെ കാര്യങ്ങള്‍ കാണാന്‍ പ്രാപ്തമാക്കുകയാണ് വേണ്ടത്. ഓരോ ഗ്രാമത്തില്‍ നിന്നും ശില പൂജിച്ചു കൊണ്ടുപോവുന്ന തന്ത്രം സ്വീകരിച്ച്, ഇന്ത്യയിലാകെ വര്‍ഗീയ വികാരം ആളിക്കത്തിക്കുന്ന രീതി നേരത്തേ രാഷ്ട്രീയത്തില്‍ പ്രയോഗിച്ചത് നാം കണ്ടതാണ്. അതിലൂടെ അവര്‍ ലാഭം കൊയ്യുകയുമുണ്ടായി. സത്യത്തിലിപ്പോള്‍ പത്രക്കാരും ലാഭം കൊയ്യാനായി പ്രതീകങ്ങളെ സൃഷ്ടിക്കുന്ന തന്ത്രം പയറ്റുകയല്ലേ ചെയ്യുന്നത്? ജനങ്ങളിലാണ് എന്റെ പ്രതീക്ഷ. ജനങ്ങളുടെ മനസ്സ് അത്രക്കങ്ങ് വിഷലിപ്തമായിട്ടില്ല. ഇന്ത്യയിലെ ഹിന്ദുസമൂഹം മൊത്തത്തില്‍ ബാബരി മസ്ജിദിന്ന് എതിരായിരുന്നില്ല. അത് തകര്‍ക്കണമെന്ന അഭിപ്രായക്കാരുമായിരുന്നില്ല. അതൊരു പ്രാദേശിക പ്രശ്നമായി തീരേണ്ടതാണ്. പള്ളിപൊളിച്ച് അവിടെയൊരു ക്ഷേത്രം പണിയുക എന്നത് ഹിന്ദു സമൂഹത്തിന്റെ അജണ്ടയേയല്ല. കൂടിവന്നാല്‍ ഒരു പ്രാദേശിക പ്രശ്നം. അത് വൈകാരികമായ പ്രശ്നമാക്കി മാറ്റുന്നത് ഒരു രാഷ്ട്രീയപ്രസ്ഥാനമാണ്. ആ രാഷ്ട്രീയ പ്രസ്ഥാനം വൈകാരിക പ്രശ്നത്തെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ ഭരണമാറ്റമുണ്ടായിട്ടുണ്ട്. അധികാരത്തില്‍ വന്നിട്ടുണ്ട്. ആ വൈകാരിക വിക്ഷോഭം നിലനിര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍ തെരഞ്ഞെടുപ്പില്‍ തോറ്റിട്ടുമുണ്ട്. ഇതെല്ലാം സംഭവിക്കുന്നു. മാധ്യമങ്ങളെ പോലെ തന്നെ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളെ വൈകാരികമായി ഇളക്കിവിടാന്‍ മതത്തെ വിനിയോഗിക്കുന്നു. അനിവാരമായിരുന്ന സംയമനം അത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പത്രങ്ങള്‍ കാണിച്ചില്ല. സെപ്തംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ ദിവസം. അവിടെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് പോലും വിവരമറിയുന്നതിനു മുമ്പ്, 'വാര്‍ ഓണ്‍ ടറര്‍' എന്ന് ടൈറ്റിലടിച്ചു കൊണ്ടാണ് ഫോക്സ് ഒക്കെ രംഗത്തു വന്നത്. മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫോക്സ്. ഒരു ഭരണകൂടത്തിന്റെ അജണ്ടപോലും നിശ്ചയിക്കുന്നത് മാധ്യമങ്ങളാവുകയാണ്. ആരാണ് ആക്രമിച്ചത്, ആര്‍ക്കെതിരെയാണ് യുദ്ധം ചെയ്യേണ്ടത് എന്നൊക്കെ മാധ്യമങ്ങള്‍ തന്നെ നിശ്ചയിക്കുന്നു. 'ടെറര്‍' എന്നു പറഞ്ഞാല്‍ മുസ്ലിംകള്‍ തന്നെയാണല്ലോ. ഞാന്‍ എറണാകുളത്ത് മത്സരിക്കുമ്പോള്‍ ഒരു സമുദായം എന്ന നിലക്ക് എന്നെ ഏറ്റവും കൂടുതല്‍ പിന്തുണച്ചിട്ടുള്ളത് മുസ്ലിം സമുദായമാണ്. രാഷ്ട്രീയ കാരണങ്ങളാലാണത്. അല്ലാതെ എനിക്ക് മുസ്ലിം വോട്ടര്‍മാരുമായി വൈകാരിക ബന്ധമൊന്നുമില്ല. 2003-04ല്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ വളരെ പ്രസക്തമായ രാഷ്ട്രീയ നിലപാടെടുത്തു. അത് രാഷ്ട്രീയ നിലപാടാണ്. എന്റെ മതമെന്താണെന്നോ സമുദായമെന്താണെന്നോ അവര്‍ അന്വേഷിക്കുന്നില്ല. മുസ്ലിം സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നു. സാധാരണ ജനങ്ങള്‍ക്ക് മതം അവനും അവന്‍ വിശ്വസിക്കുന്ന ഈശ്വരനും തമ്മിലുള്ള ഒരു ബന്ധമാണ്. അതിന് സാമൂഹികമായി ചില ചട്ടക്കൂടുകളുണ്ട്. അതു കൊണ്ട് മറ്റെല്ലാ മതങ്ങളെയും വെറുക്കുന്നു എന്ന് വിചാരിക്കുന്നതില്‍ അര്‍ത്ഥമില്ല. ഈ ശത്രുതയുണ്ടാക്കുന്നത് തല്‍പരകക്ഷികളാണ്. അതില്‍ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പങ്കുണ്ട്. അതിനെ എതിര്‍ ക്കുന്നുവെന്നു പറയുന്ന സെക്യുലര്‍ കക്ഷികള്‍ക്കുമുണ്ട്, ഈ താല്‍പര്യം. അയോധ്യയില്‍ ബിജെപിയെ എതിര്‍ക്കുന്നത് സെക്യുലര്‍ താല്‍പര്യം കൊണ്ട് മാത്രമല്ല. അവര്‍ക്കതില്‍ രാഷ്ട്രീയ ലാക്കുകളുണ്ട്. നമുക്കാവശ്യം സെക്യുലറിസമാണ്. ഇന്ത്യയെപ്പോലെ വൈവിധ്യമുള്ള രാജ്യത്ത് വിശേഷിച്ചും. മതനിരപേക്ഷ സമൂഹത്തില്‍ മതവിശ്വാസികള്‍ എങ്ങനെ ജീവിക്കണം, അന്യോ ന്യം എങ്ങനെ കാണണം, എങ്ങനെ പെരുമാറണം എന്ന ചിന്തയാണ് മുന്നോട്ട് വെക്കേണ്ടത്, ശക്തിപ്പെടുത്തേണ്ടത്. താങ്കള്‍ വിശ്വാസമര്‍പിക്കുന്ന ജനങ്ങള്‍ക്ക് നാവില്ല; നേതൃത്വമില്ല; ആശയവിനിമയത്തിന് മാര്‍ഗ്ഗങ്ങളില്ല. അതിനാല്‍ അവരിലേക്കു കൂടി മീഡിയയുടെയും രാഷ്ട്രീയക്കാരന്റെയും കുതന്ത്രങ്ങള്‍ കടന്നുചെല്ലാനല്ലേ സാധ്യത? അതുണ്ടാകും. എങ്കിലും ഞാന്‍ ജനങ്ങളില്‍ വിശ്വസിക്കുന്നു. കൈ മുറിക്കപ്പെടുന്നതുവരെ ജോസഫ് എന്ന അധ്യാപകന്‍ വളരെ സ്വതന്ത്രമായി ജീവിക്കുകയായിരുന്നില്ലേ. മൂവാറ്റുപുഴയില്‍ മുസ്ലിംകള്‍ ഇല്ലാഞ്ഞിട്ടൊന്നുമല്ലല്ലോ. സസ്പെന്‍ഷന്‍ വാങ്ങുന്നു. വീട്ടിലിരിക്കുന്നു. പള്ളിയില്‍ പോകുന്നു... എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടായിരുന്നു. ഒരു മുസ്ലിം പോലും വഴിയില്‍ തടഞ്ഞു നിര്‍ത്തി അയാളെ അക്രമിച്ചില്ലല്ലോ. ഒടുവില്‍ അക്രമിക്കപ്പെട്ടത് എവിടെ നിന്നോ വന്ന ഒരു ചെറുസംഘത്തിന്റെ ആസൂത്രിത ശ്രമത്തിന്റെ ഫലമാണ്. പ്രവാചകനോ അല്ലാഹുവോ അല്ല അവരുടെ മനസ്സിലുള്ളത്. അവരുടെ അജണ്ട വേറെയാണ്. അത് നടപ്പിലാകുമ്പോഴാണ് മതസ്പര്‍ദ്ധയുണ്ടാകുന്നത്. അതിനര്‍ത്ഥം തദ്ദേശവാസികളായ മുസ്ലിംകള്‍ക്ക് അയാളെ അക്രമിക്കുന്നത് തെറ്റാണെന്ന് അറിയാമെന്നല്ലേ. ചോദ്യക്കടലാസില്‍ അനഭിലഷണീയ ചോദ്യങ്ങള്‍ വന്നത് തെറ്റാണ്. അത് ചര്‍ച്ചയായി. പോലീസ് കേസായി. അങ്ങനെ നടക്കട്ടെ എന്നു തീരുമാനിക്കുകയാണു വേണ്ടത്. അതാണ് സാധാരണ മുസ്ലിംകളുടെ താല്‍പര്യം. എന്നാല്‍ അതിനപ്പുറത്തെ അജണ്ടയുമായി വരുന്ന ചില ഗ്രൂപ്പുകള്‍, തല്‍പര കക്ഷികള്‍ എല്ലാ വിഭാഗത്തിലുമുണ്ട്. എല്ലാ മതത്തിലുമുണ്ട്. അവര്‍ക്ക് ജനങ്ങളിലേക്ക് വേരോട്ടം ഉണ്ടാകാതെ നോക്കുകയാണു വേണ്ടത്. അതുകൊണ്ട് നമുക്ക് നിയമവ്യവസ്ഥയെ ആശ്രയിക്കുക. അതല്ലേ മാര്‍ഗമുള്ളൂ. നിയമ വ്യവസ്ഥയെ അംഗീകരിച്ചു കൊണ്ടും അനുസരിച്ചു കൊണ്ടുമുള്ള ജീവിതം. എല്ലാ മതങ്ങളും പഠിപ്പിക്കുന്നതും അതു തന്നെയാണല്ലോ. മതത്തിന്റെ അനുശാസനകള്‍ക്ക് അനുസരിച്ച് ജീവിക്കണമെന്നാണല്ലോ മതങ്ങളും പഠിപ്പിക്കുന്നത്. അതു തന്നെയാണ് നിയമങ്ങളും പറയുന്നത്. കൊല്ലരുത്, വ്യഭിചരിക്കരുത്, കളവുപാടില്ല എന്നൊക്കെ മതം അനുശാസിക്കുന്നു. അതൊക്കെ തന്നെയാണ് നിയമങ്ങളും പറയുന്നത്. അവക്ക് മതേതരമായ ഒരു മുഖം നല്‍കിയിരിക്കുന്നുവെന്നു മാത്രം. മതങ്ങള്‍ പഠിപ്പിക്കേണ്ടതും അതു തന്നെയാണ്. മതങ്ങളുടെ നിയമങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അനുസൃതമായ ഒരു മതനിരപേക്ഷ ജീവിതം. എന്റെ വിശ്വാസം മറ്റുള്ളവരുടെ വിശ്വാസത്തെ ബാധിക്കേണ്ട കാര്യമില്ല. അവരുടെ വിശ്വാസം എന്റെ വിശ്വാസത്തെയും ബാധിക്കേണ്ട കാര്യമില്ല. മതം കേരളത്തില്‍ വലിയ ചര്‍ച്ചാവിഷയമാണ്. എന്നാല്‍ ചര്‍ച്ചയില്‍ വരുന്നതെപ്പോഴും ലൌ ജിഹാദ് പോലെ, കൈവെട്ട് കേസുപോലെ വളരെ നെഗറ്റീവായ ഇമ്പ്രഷന്‍ മാത്രം സൃഷ്ടിക്കുന്ന വിഷയങ്ങളാണ്. കാരന്‍ ആംസ്ട്രോങ്ങിനെപ്പോലെ വളരെ ഗൌരവത്തോടെയും താരതമ്യ മനോഭാവത്തോടെയും മതത്തെ ചര്‍ച്ചചെയ്യുന്ന രീതി കേരളത്തിലെ ഏറ്റവും മികച്ച സാംസ്കാരിക ആനുകാലികങ്ങള്‍ പോലും ഏറ്റെടുക്കാത്തത് എന്തു കൊണ്ടാണ്? ഓരോ മതത്തിലെയും വിശ്വാസികളെ അടുത്തറിയാന്‍ ഇത് അനിവാര്യമല്ലേ? അവര്‍ക്കിടയില്‍ കാര്യഗൌരവത്തോടെ സംസാരിക്കാവുന്ന വിഷയങ്ങള്‍ അതോടെ ഉയര്‍ന്നു വരില്ലേ? മറിച്ച് കൈവെട്ടു കേസ് ചര്‍ച്ചക്കെടുക്കുമ്പോള്‍ അകലം കൂടുകയല്ലേ ചെയ്യുന്നത്? മതസംബന്ധമായ വിഷയങ്ങളില്‍ മാത്രമല്ല; എല്ലാ രംഗത്തും ഇപ്പോള്‍ നടക്കുന്നത് ഉപരിപ്ളവമായ ചര്‍ച്ചകളാണ്. നിയമത്തെ കുറിച്ച് ഗൌരവമുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടോ? ഇല്ല. ജഡ്ജിയെ ശുംഭന്‍ എന്നു വിളിക്കുന്നതാണ് നിയമത്തെ കുറിച്ച് ഇവിടെ നടക്കുന്ന ചര്‍ച്ച. അതിനപ്പുറത്തേക്ക് എന്താണ് നിയമം? എന്താണു കോടതി? എന്താണു കോടതി പറഞ്ഞത്? അതിലെ തെറ്റും ശരിയുമെന്ത്? അങ്ങനെയുള്ള ചര്‍ച്ചയല്ല ഇവിടെ നടക്കുന്നത്. മതത്തെക്കുറിച്ചും ഇങ്ങനെ തന്നെയാണ് ചര്‍ച്ച. ആഴത്തിലുള്ള സംഭവങ്ങളൊന്നും നടക്കുന്നില്ല. മറിച്ച് വളരെ തെറ്റായ സന്ദേശം നല്‍കുന്ന പ്രതീകങ്ങളും സങ്കല്‍പങ്ങളും മാധ്യമങ്ങളുണ്ടാക്കിയെടുക്കുന്നു. അതുകൊണ്ട് മാധ്യമങ്ങള്‍ക്ക് ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. കഴിഞ്ഞ മുപ്പതുവര്‍ഷക്കാലത്തെ കേരളത്തിലെ സാമൂഹികാന്തരീക്ഷത്തില്‍ വളര്‍ന്നുവന്ന വളരെ ചീത്തയായ പ്രവണതകള്‍ സൃഷ്ടിക്കുന്നതില്‍ തീര്‍ത്തും കുറ്റകരമായ പങ്കുവഹിച്ച ഒരു വിഭാഗമാണ് മാധ്യമങ്ങള്‍? വിശദീകരിച്ചു കഴിഞ്ഞതാണത്. ഞാന്‍ ഒന്നുകൂടി കടത്തിപ്പറയുകയാണ്. പത്രക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമെല്ലാം അവരവരുടേതായ താല്‍പര്യങ്ങളുണ്ട്. ലോകത്തെവിടെയെങ്കിലും ആരെങ്കിലും ഒരു ഭീകരാക്രമണം നടത്തിയാല്‍ അതിന്റെ ഉത്തരവാദിത്വം ഏതെങ്കിലുമൊരു മുസ്ലിം സംഘടനയില്‍ ആരോപിക്കപ്പെടുന്നു. എന്നാല്‍ എന്തിനാണ് അവരത് നടത്തുന്നത്? ഏതൊരു ഭീകരപ്രവര്‍ത്തനവും നടത്തുന്നതിന്നു പിന്നില്‍ ഒരു സംഘടനയുണ്ടെങ്കില്‍ അവര്‍ക്ക് അതിനൊരു ലക്ഷ്യവുമുണ്ടാകും. ആ ലക്ഷ്യം അവര്‍ പറയും. മുംബൈ ആക്രമണം. എന്തായിരുന്നു ലക്ഷ്യം? എന്ത് സാധിച്ചു കൊടുത്താല്‍ ഭീകരാക്രമണം ഇല്ലാതാവും? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലല്ലോ. സെപ്തംബര്‍ പതിനൊന്നിനു ശേഷം ലോകത്തെവിടെയും ഒരു ഭീകരപ്രവര്‍ത്തനം നടത്തുന്നതിന് ഏറ്റവും പറ്റിയത് ഇസ്ലാമിക മുഖമാണ്. അത് ചെയ്യിക്കുന്ന കൂട്ടര്‍ ആരാണ്? ഏതു പ്രവര്‍ത്തനവും പണം മുടക്കിയും ആസൂത്രണം ചെയ്തുമാണല്ലോ നടപ്പാക്കുന്നത്. മുംബൈ ആക്രമണം. ചെറിയ തോതില്‍ ചെയ്യാനാവില്ല. വലിയ പണം മുടക്കുണ്ട്. അതെവിടെ നിന്നു വരുന്നു? അതിനെ കുറിച്ച് വ്യക്തമായ ഒരു വിശദീകരണം നമുക്കിതുവരെ ലഭിച്ചിട്ടില്ല. ഓരോ ആക്രമണത്തിനും അനുബന്ധമായി ആയുധ വ്യാപാരം വര്‍ധിക്കുന്നതാണ് നാം കാണുന്നത്. മുംബൈ ആക്രമണത്തിനു ശേഷം വന്ന വാര്‍ത്ത ഇന്ത്യ അമേരിക്കയില്‍ നിന്ന് ആയുധം വാങ്ങുന്നു, ഇസ്രയേലില്‍ നിന്ന് മിസൈല്‍ വാങ്ങുന്നു എന്നൊക്കെയാണ്. ആയുധക്കച്ചവടമാണ് ഇതിന്റെയൊക്കെ പിന്നിലുള്ളത് എന്ന് നമുക്ക് സംശയിക്കാം. ഇത് കച്ചവടമാണ്. അതില്‍ സാമ്പത്തിക താല്‍പര്യമുണ്ട്. അവരുടെ പണം പറ്റിക്കൊണ്ട് ആളുകള്‍ ചെയ്യുന്നുണ്ട്. അതൊരിക്കലും ഇസ്ലാമിക താല്‍പര്യമല്ല. ലോകത്ത് ആയുധമുണ്ടാക്കുന്ന ഇസ്ലാമിക കമ്പനികളൊന്നുമില്ലല്ലോ. അങ്ങനെ കേട്ടിട്ടില്ല. അമേരിക്കയിലെയും ഇസ്രായേലിലെയുമൊക്കെ ആയുധ വ്യാപാരികള്‍ക്ക് കച്ചവടം വര്‍ദ്ധിപ്പിക്കുന്നതിന് ഇതാവശ്യമാണ്. അപ്പോഴല്ലേ ആയുധം വാങ്ങാനാവുകയുള്ളൂ. മുംബൈ കഴിഞ്ഞപ്പോള്‍ ആയിരക്കണക്കിനു കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങിച്ചു. ആരും എന്തിനാണെന്ന് ചോദിച്ചില്ലല്ലോ. അങ്ങനെ ചോദിച്ചിരുന്നെങ്കില്‍ അവന്‍ രാജ്യദ്രോഹിയാണെന്നു പറയും. ദേശസുരക്ഷയില്‍ താല്‍പര്യമില്ലാത്തവനാണെന്നു പറയും. അതിനാല്‍ എല്ലാവരും നിശ്ശബ്ദരാണ്. അപ്പോള്‍ ഇതിന്റെ പിന്നിലൊന്നുമുള്ളത് മതമല്ല. ഏതെങ്കിലും മതത്തെ വളര്‍ത്താനും അതാവശ്യമില്ല. ഇതിന്റെയൊക്കെ പിന്നില്‍ കച്ചവട താല്‍പര്യങ്ങളുണ്ട്. അതത്ര നിസ്സാരമല്ല. ഒരു വര്‍ഗ്ഗീയ ലഹള നടക്കുമ്പോള്‍ അതിനു പിന്നില്‍ അബ്കാരികളോ റിയല്‍ എസ്റേറ്റുകാരോ ഒക്കെയാവാം. പക്ഷേ, പത്രം വായിക്കുമ്പോഴോ ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ അല്ലെങ്കില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മില്‍ ഏറ്റുമുട്ടി എന്നാണ്. ഏറ്റു മുട്ടിയത് അവരാകാം. എന്നാല്‍ ഏറ്റുമുട്ടിച്ചത് മറ്റാരോ ആണ്. അവരുടെ താല്‍പര്യങ്ങള്‍ മറ്റൊന്നാണ്. ഈ പ്രതിസന്ധികളൊക്കെ തിരിച്ചറിഞ്ഞ് ഓരോ സമുദായത്തെയും മുന്നോട്ടു നയിക്കാന്‍ കഴിയുന്ന യോഗ്യതയുള്ള നേതൃത്വത്തിന്റെ അഭാവം അനുഭവിക്കുന്നതുപോലെ തോന്നുന്നു. അങ്ങനെയൊരു നേതൃത്വമുണ്ടായിരുന്നെങ്കില്‍ ബാബരി മസ്ജിദിന്റെ കാര്യത്തില്‍ വ്രണിതഹൃദയരായ മുസ്ലിംകളെ വൈകാരികമായി സമാശ്വസിപ്പിക്കുകയും തീവ്രമായ പ്രതികരണങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുകയും ക്രിയാത്മകമായി പ്രതികരിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുമായിരുന്നു. എല്ലാവിഭാഗത്തിലെയും നേതൃത്വം വളരെ ദുര്‍ബലമായി വരുന്നതുപോലെ തോന്നുന്നു. ... പണ്ടത്തെപ്പോലെ സമുന്നതരായ നേതാക്കള്‍ ഉണ്ടാകുന്നില്ല എന്ന ഖേദം എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുണ്ട്. അതു കൊണ്ട് പഴയ കാലത്തെ ഓര്‍ത്തു കൊണ്ടിരുന്നാല്‍ പോരല്ലോ. ഉള്ള അവസ്ഥയില്‍ മുന്നോട്ട് പോകേണ്ടിവരും. ജനങ്ങളുടെ പ്രശ്നമെന്താണ്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ മൊത്തത്തില്‍ മുസ്ലിംകള്‍ക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുണ്ട്. ബാബരി മസ്ജിദിനു ശേഷം വിശേഷിച്ചും. വേട്ടയാടപ്പെടുന്നു എന്ന വിചാരം അവര്‍ക്കുണ്ട്. അത് ന്യായമായ കാര്യമാണ്. അതൊഴിവാക്കാനാണ് പൊതുസമൂഹം ശ്രമിക്കേണ്ടത്. മുസ്ലിം നേതാക്ക•ാര്‍ മാത്രമല്ല. 'അങ്ങനെയൊരു അരക്ഷിതത്വം തോന്നേണ്ട കാര്യമില്ല. തുല്യാവകാശങ്ങളുള്ള പൌര•ാരാണ് അവരും. ഇന്ത്യയുടെ ഭാഗം തന്നെയാണ്. അവകാശപ്പെട്ടത് അവര്‍ക്കും ലഭിക്കും' എന്നുറപ്പു കൊടുക്കേണ്ട ഉത്തരവാദിത്വം പൊതു സമൂഹത്തിന്റേതാണ്. പൊതുസമൂഹത്തിന്റെ പ്രാതിനിധ്യമാണ് ഭരണകൂടത്തിനുള്ളത്. ഭരണകൂടം ആ ഉത്തരവാദിത്വം നിറവേറ്റാന്‍ പരിശ്രമിക്കുന്നുണ്ട്. അതില്‍ പോരായ്മയുണ്ടെങ്കില്‍, ഏറ്റക്കുറച്ചിലുകളുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കുന്നതിന്നാണ് നേതൃത്വം. അതിന്ന് പഴയകാലത്തെപ്പോലെ തലയെടുപ്പുള്ള നേതാക്കള്‍ ഇല്ല എന്ന അവസ്ഥയുണ്ട്. ഇബ്റാഹിം സുലൈമാന്‍ സേട്ടുവിനെയും ബനാത്വാലയേയും പോലെ നില്‍ക്കാന്‍ കഴിയുന്ന ഏത് മുസ്ലിം നേതാവാണ് നമ്മുടെ പാര്‍ലമെന്റില്‍ ഇപ്പോഴുള്ളത്. ഒരു ജനതയെന്ന നിലയില്‍ നമ്മുടെ മുന്നോട്ടുള്ള പോക്കിന് വേണ്ടത് സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന ശക്തികളെ തിരിച്ചറിയുക; അതൊഴിവാക്കാന്‍ ശ്രമിക്കുക; എല്ലാവര്‍ക്കും അവകാശപ്പെട്ടത് നല്‍കാനുള്ള ഒരു മനസ്സ് സമൂഹത്തിനുണ്ടാവുക തുടങ്ങിയവയാണ്

                                                                                                     in     resala

No comments:

Post a Comment