18 September 2011

പ്രവാചകരു (സ) ടെ ഖബ്ര്‍ സന്ദര്‍ശനംആദ്യ ഇസ്ലാമിക രാഷ്ട്രത്തിന്റെ തലസ്ഥാനമാണ് മദീന. നബി (സ) ക്ക് അളവറ്റ സ്വീകാര്യത ലഭിച്ച അനുഗ്രഹീത പട്ടണം. അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ) അന്ത്യവിശ്രമം കൊള്ളുന്നത് ഈ പട്ടണത്തിലാണ്. ഹജ്ജ് ഉദ്ദേശിക്കുന്നവര്‍ റൌളാശരീഫ് (അന്ത്യപ്രവാചകരുടെ ഖബ്ര്‍) സിയാറത്ത് -സന്ദര്‍ശനം- നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. 
ഏതൊരു വിശ്വാസിയുടെയും അടങ്ങാത്ത അഭിലാഷമാണ് പുണ്യ നബി (സ) യുടെ ഖബറിനരികില്‍ എത്തുക എന്നത്. നബി (സ)യുടെ ഖബര്‍ സന്ദര്‍ശനം നടത്തല്‍ ഏറെ പുണ്യമുള്ളതും കൂടുതല്‍ പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതുമായ സല്‍കര്‍മ്മമാണ്. 

ഹജ്ജ് കഴിഞ്ഞാല്‍ അന്ത്യപ്രവാചകരുടെ റൌളാശരീഫ് സന്ദര്‍ശനം നടത്തല്‍ പ്രത്യേകം സുന്നത്താണെന്നതിന് പ്രവാചക വചനങ്ങള്‍ തെളിവായിക്കാണാം. മഹാനായ റസൂല്‍ (സ) പറഞ്ഞു: ഹജ്ജ് ചെയ്തിട്ട് എന്റെ ഖബര്‍ സന്ദര്‍ശിക്കാത്തവന്‍ എന്നോട് പിണങ്ങിയിരിക്കുന്നു. (ഈ ഹദീസ് ഇബ്നു അബിയ്യ് എന്നവര്‍ 'അല്‍കാമില്‍' എന്ന ഗ്രന്ഥത്തില്‍ റിപ്പോര്‍ട്ട് ചെയ്തതായി ഇമാം മഹല്ലി (റ) തന്റെ "കന്‍സുര്‍റാഗിബ്-മഹല്ലി- ല്‍ വ്യക്തമാക്കന്നുണ്ട്)

മുഹമ്മദ് നബി (സ) മറ്റൊരിക്കല്‍ പറഞ്ഞു: വല്ലവനും എന്റെ ഖബര്‍ സന്ദര്‍ശനം നടത്തിയാല്‍ ഞാന്‍ എന്തായാലും അവനു വേണ്ടി ശഫാഅത് ( ഭീതി നിറഞ്ഞ അന്ത്യനാളിന്റെ നടപടികളില്‍ ബുദ്ധിമുട്ടിക്കഴിയുമ്പോള്‍ അല്ലാഹുവിനോട് പൊതു സമൂഹത്തെ രക്ഷിക്കാനാവശ്യപ്പെടുന്ന പ്രവൃത്തി) ചെയ്യും.
റസൂലി (സ) ന്റെ ഖബര്‍ സന്ദര്‍ശനം സുപ്രധാനമായ ആരാധനയാണെന്നും അതുദ്ദേശിച്ച് കൊണ്ട് മദീനയിലേക്ക് പുറപ്പെടുമ്പോള്‍ പുണ്യ റസൂലിനു അല്ലാഹുവിന്റെ അനുഗ്രഹവും രക്ഷയുമുണ്ടാവാന്‍ അല്ലാഹുവോട് ധാരാളമായി അപേക്ഷിക്കണമെന്നും (സ്വലാത്തും സലാമും വര്‍ദ്ധിപ്പിക്കണമെന്നും) ഭുവന പ്രശസ്ത പണ്ഡിതന്‍ ഇമാം നവവി (റ) തന്റെ ശറഹുല്‍ മുഹദ്ദബില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകം സുന്നത്തുള്ള കുളി നിര്‍വ്വഹിച്ച് ഏറ്റവും വൃത്തിയുള്ള വസ്ത്രം ധരിച്ച് മദീനയിലെ മസ്ജിദുന്നബവിയെന്ന പള്ളിയില്‍ പ്രവേശിക്കുന്ന വിശ്വാസി പുണ്യറസൂലി (റ) ന്റെ ഖബറിന്റെയും അവിടെന്ന് ഉപയോഗിച്ചിരുന്ന പ്രസംഗ പീഡത്തിന്റെയും ഇടയിലുള്ള സ്ഥലത്ത് ചെന്ന് സ്വലാത്തുത്തഹിയ്യത്ത് (അഭിവാദ്യനിസ്കാരം, ഈ നിസ്കാരം നേരത്തെ വിശദീകരിക്കപ്പെട്ടിട്ടുണ്ട്) നിര്‍വ്വഹിക്കണം.

അഭിവാദന നിസ്കാരത്തിന് ഏറ്റവും ഉത്തമമായ സ്ഥലമാണ് മേല്‍പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ പള്ളിയില്‍ എപ്പോഴും ജനത്തിരക്കനുഭവപ്പെടും. മേല്‍സൂചിപ്പിച്ച സ്ഥലത്ത് വെച്ച് നിസ്കരിക്കാന്‍ ശ്രദ്ധിക്കണം.
നിസ്കാരാനന്തരം തികഞ്ഞ അച്ചടക്കത്തോടെയും ആദരവോടെയും പ്രവാചകരുടെ ഖബര്‍ ലക്ഷ്യം വെച്ച് നീങ്ങുകയാണ് വേണ്ടത്. ഖബറുശ്ശരീഫില്‍ നിന്നും ഏകദേശം നാല് മുഴമെങ്കിലും അകലം പാലിച്ച് കൊണ്ട് വേണം ഖബറില്‍ കിടക്കുന്ന പ്രവാചകര്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിക്കേണ്ടത്. അഭിവാദനസമയത്ത് പതിഞ്ഞ ശബ്ദമാണ് വേണ്ടത്. ഉയര്‍ന്നശബ്ദത്തില്‍ റസൂലി (സ) നെ അഭിമുഖീകരിക്കുന്നത് അനാദരവാണ്.
അന്ത്യപ്രവാചകരുടെ ഖബറിനരികില്‍ എത്തുമ്പോള്‍ അര്‍പ്പിക്കേണ്ട അഭിവാദ്യത്തിന്റെ രൂപം ഇങ്ങനെയാണ്: السلام عليك يا رسول الله صلي الله عليه وسلم
അല്ലാഹുവിന്റെ തിരുദൂദരെ, അങ്ങയുടെ മേല്‍ അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ, അവന്റെ അനുഗ്രഹവും രക്ഷയും അങ്ങയ്ക്ക് സദാലഭിക്കട്ടെ.

തിരു നബി (സ) യുടെ അന്ത്യവിശ്രമ സ്ഥലത്തിന് തൊട്ടടുത്ത് തന്നെയായി അബൂബക്ര്‍ സ്വിദ്ദീഖ് (റ),ഉമറുല്‍ ബ്നു ഖത്വാബ് (റ) എന്നിവരുടെ ഖബറുകളുമുണ്ട്. പുണ്യറസൂലിനു അഭിവാദ്യങ്ങളര്‍പ്പിച്ച ശേഷം ഒരു മുഴം വലതു ഭാഗത്തേക്ക് നീങ്ങി സിദ്ദീഖി (റ) നും വീണ്ടും ഒരുമുഴം വലത്തോട്ട് നീങ്ങി ഉമറുബ്നു ഖത്വാബി(റ) നും അഭിവാദ്യമര്‍പ്പിക്കണം.

അവസാനത്തെ രണ്ട് പേര്‍ക്കുള്ള അഭിവാദ്യത്തിന്റെ ചുരുങ്ങിയ രൂപം യഥാക്രമം ഇങ്ങനെയാണ്: 
1. السلام عليك يا خليفة رسول الله  , السلام عليك يا ابا بكر الصديق
(പുണ്യ റസൂലിന്റെ പ്രതിനിധിയായവരെ അങ്ങയ്ക്ക് രക്ഷയുണ്ടാവട്ടെ, അബൂബക്ര്‍ സ്വിദ്ദീഖെന്നവരെ അങ്ങയ്ക്ക് രക്ഷയുണ്ടാവട്ടെ)
2. السلام عليك يا فاروق , السلام عليك يا عمر بن الخطاب
 (ഫാറൂഖ് എന്ന നാമത്തില്‍ സുപ്രസിദ്ധരായവരെ അങ്ങയ്ക്ക് രക്ഷയുണ്ടാവട്ടെ)
തുടര്‍ന്ന് ആദ്യം നിന്നിരുന്ന സ്ഥലത്തേക്ക് തന്നെ നീങ്ങി ഐക്യവും പാരത്രികവുമായ ന•കള്‍ക്കുവേണ്ടി മനമുരുകി പ്രാര്‍ത്ഥന നടത്തണം.

അനുബന്ധം

1. മദീനയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഖ്ബറ (ഭൌതിക ശരീരങ്ങള്‍ അടക്കം ചെയ്യുന്ന പ്രദേശം) യാണ് ജന്നത്തുല്‍ ബഖീഅ്. അന്ത്യപ്രവാചകരുടെ സതീര്‍ഥ്യരായ സ്വഹാബിമാര്‍ അവരുടെ പിന്ഗാമികളായ  താബിഉകള്‍ മുഹമ്മദ് നബി (സ)യുടെ ചില ഭാര്യമാര്‍, മക്കള്‍, ബന്ധുക്കള്‍ അല്ലാഹുവിന്റെ ഇഷ്ടജനങ്ങളായ ഔലിയാക്കള്‍, പ്രഗല്‍ഭരായ ഇസ്ലാമിക പണ്ഡിത•ാര്‍ അന്ത്യവിശ്രമം കൊള്ളുന്ന പ്രദേശം കൂടിയാണ് ജന്നത്തുല്‍ ബഖീഅ്. അവരെയും (അവിടെയും) സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥന നടത്തലും കൂടുതതല്‍ പ്രോല്‍സാഹിപ്പിക്കേണ്ടതും പുണ്യമുള്ളതുമായ കാര്യമാണ്.
2. ഉഹുദും അവിടത്തെ ശുഹദാക്കളും ഖുബാഇലെ പള്ളി, മസ്ജിദുല്‍ ഖിബ്ലതൈന്‍, ഖന്‍ദഖിലെ മസ്ജിദുല്‍ ഫത്ഹ് എന്നിവയും മറ്റുചില ചരിത്രപ്രധാന പള്ളികളും സ്ഥലങ്ങളും സന്ദര്‍ശിക്കാനും ഹാജിമാര്‍ പ്രത്യേകം ശ്രദ്ധിക്കണം.
3. സുപ്രസിദ്ധമായ 'ബദര്‍' മദീനയില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ ദീരത്താണ് സ്ഥിതിചെയ്യുന്നത്. അവിടെ സിയാറത്ത് (സന്ദര്‍ശനം) നടത്താനും ബദ്ര്‍ രക്തസാക്ഷികള്‍ക്ക് അഭിവാദ്യ (സലാം) മര്‍പ്പിക്കലും പുണ്യമുള്ള മറ്റൊരു സംഗതിയാണ്.
4. മദീനാ താമസ വേളയില്‍ നബി (സ) യെ സിയാറത്തു ചെയ്യാനും സലാം പറയാനും മസ്ജിദുന്നബവിയിലെ ജമാഅത്തു (സംഘടിത നിസ്കാരങ്ങള്‍) കളില്‍ പങ്കെടുക്കാനും പരമാവധി ഉത്സാഹം കാണിക്കണം. ഇഅ്തികാഫ്, സ്വലാത്ത്, ഖുര്‍ആന്‍ പാരായണം, ദാനധര്‍മ്മങ്ങള്‍ മുതലായവയും ആവുന്നത് ചെയ്യണം.
5. മദീനയുമായി യാത്രപറയുമ്പോള്‍ അന്ത്യപ്രവാചകന്റെ തിരു സന്നിധിയില്‍ ചെന്ന് അഭിവാദ്യങ്ങളര്‍പ്പിച്ച് യാത്രചോദിക്കാന്‍ മറന്നുപോവരുത്.
6. ഹജ്ജ്, ഉംറ ചെയ്യുന്നവനും അല്ലാത്തവനും പ്രസ്തുത സിയാറത്തുകള്‍ ശക്തിയായ സുന്നത്താകുന്നു.
അവലംബം:
മഹല്ലി
ഫതഹുല്‍ മുഈന്‍
ഇആനത്തുത്വാലിബീന്‍
ഹജ്ജും ഉംറയും - ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍
ഹജ്ജും ഉംറയും - ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി

No comments:

Post a Comment