18 September 2011

തിരുസന്നിധിയിലേക്കൊരു സങ്കട ഹരജി



പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങളുടെ ശ്രേണിയില്‍ ശ്രദ്ധേയമായ ഇടം അടയാളപ്പെടുത്തുന്ന പ്രകൃഷ്ട രചനയാണ് കഅ്ബുബ്നു സുഹൈറി(റ)ന്റെ ഖസ്വീദതു ബാനത് സുആദ്. മറ്റൊരു പ്രകീര്‍ത്തന കാവ്യത്തിനും അവകാശപ്പെടാന്‍ കഴിയാത്തവിധം ഉന്നതമാണ് ബാനത് സുആദിന്റെ രചനാ പശ്ചാത്തലവും കവന ശൈലിയും അവതരണ മേന്മയുമെല്ലാം. പ്രവാചക തിരുമേനിയുടെയും ഇസ്ലാമിക സമൂഹത്തിന്റെയും കൊടിയ വൈരിയായിരുന്നൊരു മനുഷ്യന്‍ ഒരൊറ്റ കവിതയുടെ മാത്രം പിന്‍ബലത്തില്‍ പൂര്‍വകാല തെറ്റുകളില്‍ നിന്നെല്ലാം സംശുദ്ധനായിത്തീര്‍ന്നതിന്റെ ഉദ്വേഗ ജനകമായ കഥയാണ് ബാനത് സുആദിന്റേത്. 
പ്രവാചക തിരുമേനിയുടെ ജന്മനഗരമായ മക്കതുല്‍ മുകര്‍റമയിലെ ഇസ്ലാമിക വിജയവുമായി ബന്ധം പുലര്‍ത്തുന്നതാണ് ബാനത് സുആദിന്റെ രചനാ പശ്ചാത്തലം. ഹിജ്റ ഏഴാം വര്‍ഷം വരെ ബഹുദൈവാരാധനയുടെയും ഇസ്ലാം വിരോധത്തിന്റെയും ഈറ്റില്ലമായി വാണിരുന്ന കഅ്ബയും പരിസരവും ഫത്ഹു മക്കയോടെ ശുദ്ധമാക്കപ്പെട്ടു. ജന്മനാടില്‍ നിന്ന് തന്നെയും അനുചരരെയും ആട്ടിയോടിച്ചവര്‍ക്ക് പോലും ലോകാനുഗ്രഹി(സ്വ)യിലൂടെ പൊതുമാപ്പ് ലഭിച്ചതുവഴി ഇസ്ലാമിക വിരോധികള്‍ പോലും പ്രവാചക തീരത്തേക്ക് കടന്നുവന്നു. ഇസ്ലാമിക വിരോധം തലക്കുകയറിയ അപൂര്‍വം അറബികള്‍ മാത്രമേ ഈ ഇസ്ലാം ആശ്ളേഷത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയുണ്ടായുള്ളൂ.
മക്കാവിജയം കൊണ്ടൊന്നും ഇസ്ലാം ആശ്ളേഷിക്കാന്‍ കൂട്ടാക്കാത്തവരായിരുന്നു ഹിജാസിലെ പേരെടുത്ത കവി സുഹൈര്‍ ബിന്‍ അബീസുല്‍മയുടെ പുത്രന്മാരായ കഅ്ബ്, ബുജൈര്‍ എന്നിവര്‍. ഇസ്ലാമിക വിരോധവുമായി മക്കയിലിനിയും തങ്ങുക അസാധ്യമാണെന്നറിഞ്ഞതോടെ വിശുദ്ധ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലൊന്നായ അസ്റഖുല്‍ അസാഫിലേക്ക് ഇരുവരും താമസം മാറ്റി. ഇക്കാലയളവിലാണ് പ്രവാചകനെ നിരീക്ഷിക്കുക ലക്ഷ്യം വെച്ച് മദീനയിലേക്കു ചെന്ന ബുജൈര്‍ സത്യമതം പുല്‍കുന്നത്. 
ഏക ആശ്രയമായിരുന്ന സഹോദരനും ഇസ്ലാമിക ചേരിയിലേക്ക് കാലുമാറിയതോടെ കഅ്ബ് തികച്ചും ഏകാകിയായിത്തീര്‍ന്നു. പ്രവാചകനെയും അനുയായികളെയും അതിനിശിതമായി വിമര്‍ശിച്ചു തുടങ്ങി. വിമര്‍ശനത്തിന്റെ തീക്ഷ്ണത പരിധി വിട്ടതോടെ സ്വഹാബികള്‍ നബി തിരുമേനിയോട് ആവലാതി പറഞ്ഞു. കഅ്ബിനെ ഇനിയും വെച്ചുപൊറുപ്പിക്കുന്നത് അനുചരന്മാരോട് ചെയ്യുന്ന ക്രൂരതയാകുമെന്ന് തിരിച്ചറിഞ്ഞ പ്രവാചകന്‍ കഅ്ബിനെ വധിച്ചുകളയാന്‍ തന്നെ ആജ്ഞാപിച്ചു; എവിടെ വെച്ച് കണ്ടാലും വധിച്ചുകളയുക!
പ്രവാചകന്റെ പുതിയ ഉത്തരവിറങ്ങിയതോടെ കഅ്ബിന് ജീവിതം കുറേക്കൂടി ദുഷ്കരമായി. നഗരങ്ങളിലും പ്രാന്തങ്ങളിലുമെല്ലാം ഇസ്ലാം മതാനുയായികളുടെ സാന്നിധ്യമുണ്ടെന്നതിനാല്‍ ജീവന്‍ സംരക്ഷിക്കുക ഇനിയത്ര എളുപ്പമല്ല. ഇതേ ഘട്ടത്തിലാണ് ഇസ്ലാം ആശ്ളേഷിക്കുകയാണ് ഏക പോംവഴിയെന്ന് ഉണര്‍ത്തിക്കൊണ്ട് ബുജൈറിന്റെ സന്ദേശവും ലഭിക്കുന്നത്. എല്ലാം കൂടി ഒത്തുവന്നതോടെ അദ്ദേഹമൊരു ദൃഢ നിശ്ചയമെടുത്തു; ഇസ്ലാം ആശ്ളേഷിക്കുക തന്നെ! എന്നാല്‍, ഒരു മുസ്ലിമിന്റെയും കണ്ണില്‍ പെടാതെ സത്യമതം എങ്ങനെ പുല്‍കും? ഇതായിരുന്നു അടുത്ത പ്രതിസന്ധി. അതിനും പ്രതിവിധി മനസ്സിലെത്തി; മുഖംമൂടിയണിഞ്ഞ് പ്രവാചക സന്നിധിയിലെത്തുക. സുരക്ഷ ഉറപ്പിച്ചതിനു ശേഷം മാത്രം മുഖം വെളിവാക്കുക! ഒടുവില്‍, മുഖംമൂടിയണിഞ്ഞ് കഅ്ബ് പ്രവാചക സന്നിധിയിലെത്തിയതും സത്യവിശ്വാസം പുല്‍കിയതും അറിയപ്പെട്ട ചരിത്രം. ഇസ്ലാം മതാശ്ളേഷത്തിന്റെ ഉദ്വേഗഭരിത വേളയില്‍, കഠിനവൈരിയായ തനിക്ക് പോലും മാപ്പരുളിയ പ്രവാചക ശ്രേഷ്ഠനെ പ്രകീര്‍ത്തിച്ച് കഅ്ബ് പാടിയ കവിതാ ശകലങ്ങളാണ് ഖസ്വീദതു ബാനത് സുആദ്.
പ്രവാചക പ്രകീര്‍ത്തനത്തിന്റെ ഹൃദയസാന്ദ്രമായ അനുഭൂതിയാണ് ബാനത് സുആദ് പ്രദാനം ചെയ്യുന്നത്. കഠിനവൈരിയായ തനിക്കുപോലും മാപ്പരുളാന്‍ തിരുനബി(സ്വ) കാണിക്കുന്ന ഹൃദയ വിശാലതയില്‍ മനംകുളിര്‍ക്കുന്ന കവി തിരുനബിക്ക് മുന്നില്‍ സമര്‍പ്പിക്കുന്ന അത്യുജ്ജ്വലമായ കാണിക്കയാണിത്. ഇക്കാലമത്രയും തന്റെ കവിതകളിലൂടെ തിരുനബിയെ നിരന്തരം വേട്ടയാടിയതിന് ഈ ഒരൊറ്റ കവിതയിലൂടെ കവി പ്രായശ്ചിത്തം ചെയ്യുന്നു. സമ്പൂര്‍ണതയുടെ നിറകുടമായൊരു വ്യക്തിയെ പ്രകീര്‍ത്തിക്കുമ്പോഴുണ്ടാകുന്ന അനിശ്ചിതത്വം ബാനത് സുആദ് ഗീതകത്തിലും വേണ്ടുവോളം നമുക്ക് കണ്ടെത്താന്‍ കഴിയും. 
മുന്‍കാല ചെയ്തികള്‍ക്കെല്ലാമുള്ള മാപ്പപേക്ഷയായാണ് ബാനത് സുആദ് കവിതയെ കവി സമര്‍പ്പിക്കുന്നത്. തന്നെ എവിടെക്കണ്ടാലും വധിച്ചുകളയണമെന്ന് ലോകാനുഗ്രഹി ഉത്തരവിടാന്‍ മാത്രം ഘോരമാണ് തന്റെ പൂര്‍വകാല വിമര്‍ശനങ്ങള്‍. അവക്കെല്ലാം തിരുനബിയില്‍ നിന്ന് മാപ്പ് ലഭിക്കും എന്ന ശുഭപ്രതീക്ഷയാണ് കവിതയുടെ ആത്യന്തിക തന്തു. 'ഉന്‍ബിഅ്തു അന്ന റസൂലല്ലാഹി ഔഅദനീ; വല്‍ അഫ്വു ഇന്‍ദ റസൂലില്ലാഹി മഅ്മൂലു' തുടങ്ങിയ ബാനത് സുആദ് വരികള്‍ ഈ മനോവികാരത്തിന്റെ ഹൃദയഭേദക വര്‍ണനകളാണ്. തിരുനബി തനിക്ക് മാപ്പരുളുക തന്നെ ചെയ്യും എന്ന ശുഭാപ്തി വിശ്വാസമാണ് ഇത്തരം വരികളിലുടനീളം തുടിച്ചു നില്‍ക്കുന്നത്.
സാഹിതീയമായി വിലയിരുത്തുമ്പോള്‍ ആദ്യകാല പ്രകീര്‍ത്തന കാവ്യങ്ങളെക്കാള്‍ ഒരുപടി മുന്നിലാണ് ബാനത് സുആദിന്റെ സ്ഥാനമെന്ന് നിസംശയം വിലയിരുത്താം. അക്കാലത്തെ അറബി കവിതകളുടെ പൊതുവായ സവിശേഷതകളും ഗുണഗണങ്ങളുമെല്ലാം ബാനത് സുആദിലും ഒത്തിണങ്ങിയിട്ടുണ്ട്. കവിയുടെ സ്നേഹ ഭാജനത്തിന്റെ വിശേഷണങ്ങളുമായാണ് ഒരുവിധ കവിതകളെല്ലാം അക്കാലങ്ങളില്‍ വിരചിതമായിരുന്നത്. സുആദ് എന്ന കാമുകിയുടെ വര്‍ണനകളോടെയാണ് ബാനത് സുആദ് ആരംഭിക്കുന്നത്. കവിയുടെ യഥാര്‍ത്ഥ കാമുകി തന്നെയാണ് സുആദ് എന്നും, ആലങ്കാരികമായൊരു ചിത്രീകരണം മാത്രമാണ് സുആദിലൂടെ കഅ്ബ്(റ) നടത്തുന്നതെന്നുമെല്ലാം പലവിധ വായനകളുണ്ട്. 'ബാനത് സുആദു ഫഖല്‍ബില്‍ യൌമ മക്ബൂലു' എന്ന ആദ്യ കവിതാര്‍ധത്തില്‍ നിന്നാണ് (മിസ്വ്റാഅ്) കവിതയുടെ പേരും നിര്‍ണയിക്കപ്പെട്ടിരിക്കുന്നത്.
സുആദിനെക്കുറിച്ചുള്ള കാവ്യാത്മക വര്‍ണനകളാണ് ഗീതകത്തിന്റെ ആദ്യപകുതിയത്രയും. ആദ്യാര്‍ധം തികച്ചും സാഹിത്യപ്രധാനമാണ് എന്ന നിരൂപക ഭാഷ്യത്തിനു പിന്നിലെ പ്രേരകവും ഇതുതന്നെ. അക്ഷര ക്രമീകരണത്തിലും പദവിന്യാസത്തിലും കഅ്ബുബ്നു സുഹൈര്‍(റ) പുലര്‍ത്തിയിരുന്ന അസാമാന്യ പാടവം ഈ ഭാഗത്ത് പ്രകടമായിത്തന്നെ ദര്‍ശിക്കാന്‍ കഴിയും. സംഗീതാത്മകത തുടിച്ചുനില്‍ക്കുന്ന പരസ്പര ബന്ധിത പദങ്ങള്‍ ഈ ഭാഗത്ത് വേണ്ടുവോളം കാണാം.
കവിതയുടെ രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ പ്രവാചകാനുരാഗത്തിന്റെ വേറിട്ടൊരു തലത്തിലേക്ക് കവി കടന്നുവരുന്നു. തന്നെക്കുറിച്ചുള്ള ആക്ഷേപങ്ങളും പരാതികളും ഒട്ടധികമാണെങ്കിലും അവയത്രയും പൊറുത്തുനല്‍കാന്‍ മാത്രം വിശാലമാണ് പ്രവാചക തിരുമേനിയുടെ വിശുദ്ധ മനസ്സ്. കുറ്റവാളിയുടെ കേവല കുമ്പസാരത്തിനപ്പുറം ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ളതാണ് കവിതയിലെ ഓരോ വചനങ്ങളും എന്നത് ബാനത് സുആദ് ആസ്വാദനം നടത്തുന്ന ഏതൊരു സഹൃദയനും വായിച്ചെടുക്കാവുന്നതേയുള്ളൂ. 
പ്രവാചക പ്രകീര്‍ത്തനത്തിന്റെ ക്രമപ്രവൃദ്ധവും താളാത്മകവുമായ ഒഴുക്കാണ് ബാനത് സുആദിലുടനീളം പ്രകടമാകുന്നത്. ലാം അക്ഷരത്തില്‍ പ്രാസാത്മകമായി മുന്നേറുന്ന പ്രവാചക പ്രകീര്‍ത്തനം പരകോടിയിലെത്തുന്നത് നാല്‍പത്തഞ്ചാം കവിതയിലാണ്. 'ഇന്നര്‍റസൂല ലസൈഫുന്‍ യുസ്തളാഉ ബിഹി; മുഹന്നദുന്‍ മിന്‍ സുയൂഫില്ലാഹി മസ്ലൂലു' (പ്രകാശ പ്രസരണം നടത്തുന്നൊരു ഖഡ്ഗമാണ് തിരുദൂതര്‍; അല്ലാഹുവിന്റെ ഖഡ്ഗങ്ങളില്‍ നിന്ന് ഊരിപ്പിടിച്ചൊരു ഇന്ത്യന്‍ വാള്‍) എന്ന് കവി പാടുമ്പോള്‍ പ്രവാചകാനുരാഗത്തിന്റെ സമ്പൂര്‍ണത അക്ഷരാര്‍ത്ഥത്തില്‍ തന്നെ ദൃശ്യമാകുന്നുണ്ട്.
ബാനത് സുആദ് ഗീതകത്തിലെ ഏറ്റവും ശ്രദ്ധേയമായ വരികള്‍ ഇവയാണെന്നാണ് നിരൂപക പക്ഷം. ഒട്ടേറെ അഭിപ്രായാന്തരങ്ങളും ഈ രണ്ടു വരികളില്‍ പണ്ഡിതന്മാര്‍ക്കുണ്ട്. ഖഡ്ഗം എന്നതിനു പകരം പ്രകാശം എന്നര്‍ത്ഥം വരുന്ന 'നൂറുന്‍' എന്നായിരുന്നു കഅ്ബ് ചൊല്ലിയത് എന്നാണ് അവയിലൊന്ന്. ഇതുപ്രകാരം 'ഇന്നര്‍റസൂല ല നൂറുന്‍...' എന്നാണ് കവിതാ ഭാഗം. അല്ലാഹുവിന്റെ ഖഡ്ഗം എന്നതിന് പകരം ഇന്ത്യയില്‍ നിന്നുള്ള ഖഡ്ഗം (മിന്‍ സുയൂഫില്ലാഹ് എന്നതിന് പകരം മിന്‍ സുയൂഫില്‍ ഹിന്‍ദ്) എന്നായിരുന്നു കവി പാടിയതെന്നും നബി തിരുമേനിയുടെ തിരുത്താണ് 'സുയൂഫുല്‍ ഹിന്‍ദ്' എന്നുമാണ് മറ്റൊരഭിപ്രായം. 
കവിതയുടെ തുടക്കഭാഗം മുതല്‍ക്കേ കവിതയില്‍ ആണ്ടിറങ്ങിയിരുന്നു നബി തിരുമേനി(സ്വ). തീക്ഷ്ണാനുരാഗത്തിന്റെ ഈ കാവ്യഭാഗമെത്തിയതോടെ തന്റെ വിശുദ്ധമായ പുതപ്പ് (ബുര്‍ദ) തോളിടത്തില്‍ നിന്നെടുത്ത് കഅ് ബി(റ)ന് പുതപ്പിച്ചു കൊടുത്തു അവിടന്ന്. കൊടിയ ശത്രുവായി വന്നൊരാള്‍ പരമോന്നത ബഹുമതിയുമായി കടന്നുപോകുന്ന സുരഭില മുഹൂര്‍ത്തമാണ് ഈ രംഗത്തിലൂടെ നാം അനുഭവിച്ചറിയുന്നത്. (പില്‍ക്കാല ഇസ്ലാമിക ചരിത്രത്തില്‍ ഈ വിശുദ്ധ പുതപ്പിനെക്കുറിച്ച് ഏറെ വിവരണങ്ങളുണ്ട്. പതിനായിരം ദിര്‍ഹമിന് പകരം പുതപ്പ് സ്വന്തമാക്കാന്‍ മുആവിയ(റ) ശ്രമം നടത്തിയെങ്കിലും കഅ്ബ് വഴങ്ങിയില്ല. കവിയുടെ മരണശേഷം അനന്തരാവകാശികള്‍ക്ക് ഇരുപതിനായിരം ദിര്‍ഹം നല്‍കിയാണ് മുആവിയ പിന്നീടിത് സ്വന്തമാക്കിയത്. ഖിലാഫത്ത് പദവി അലങ്കരിക്കുന്നവരാണ് കുറേ കാലത്തേക്ക് പിന്നീടിത് കൈമാറിപ്പോന്നത്.) സ്തുതി, ശൃംഗാരം, ആക്ഷേപം, വിലാപം തുടങ്ങിയ മേഖലകളിലെല്ലാം കവിത രചിച്ചിരുന്ന കഅ്ബുബ്നു സുഹൈര്‍ ബാനത് സുആദിന് ശേഷം മറ്റൊരു ഗീതകവും രചിച്ചതായി രേഖകളില്ല. 
ബാനത് സുആദിനെ വേണ്ടവിധത്തില്‍ വായന നടത്തുന്നതില്‍ വര്‍ത്തമാന മുസ്ലിം പരാജയമാണ്. പ്രവാചക പ്രകീര്‍ത്തന കാവ്യത്തിന്റെ പ്രവിശാല തലത്തില്‍ നിന്ന് സാഹിതീയ മേന്മയുടെ ഇടുങ്ങിയ ഇടങ്ങളിലാണ് ഈ അനാസ്ഥ മൂലം വിശ്രുത ഗീതകത്തിന്റെ സ്ഥാനം. ജമാലുദ്ദീന്‍ അബ്ദുല്ലാഹ് ബിന്‍ ഹാശിം, ബാജൂരി തുടങ്ങി അനവധി പണ്ഡിത വര്യര്‍ ബാനത് സുആദിന് വിശദീകരണ ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്.

No comments:

Post a Comment