24 May 2012

നിസ്കാരക്കുപ്പായത്തോടൊപ്പം അഴിച്ചു വെക്കാവുന്നതാണോ നമ്മുടെ ഇസ്ലാം?




മനുഷ്യജീവിതത്തില്‍ ഇസ്ലാം ഇടപെടുന്നത് വളരെ സമുചിതമായാണ്. കാരണം, സൈദ്ധാന്തികമായി അതിനെ അവതരിപ്പിച്ചത് സൃഷ്ടാവാണെന്നത് തന്നെ. അതിനാലത് മാനുഷികസാഹചര്യങ്ങള്‍ക്ക് തീര്‍ത്തും അനുഗുണമായിരിക്കുമല്ലോ.മാത്രമല്ല, പ്രായോഗികതലത്തില്‍ അതനുസരിച്ച് ജീവിതം നയിച്ച് ഉമ്മത്തിന് വഴിതെളിച്ച പ്രവാചകന്മാരെല്ലാം അടിസ്ഥാനപരമായി മനുഷ്യര്‍ മാത്രമായിരുന്നുതാനും. ഇസ്ലാമിന്റെ നിയമങ്ങളും കല്‍പനകളുമെല്ലാം അംഗീകരിക്കുക മനുഷ്യന് ദുസ്സാധ്യമല്ലെന്നതിലുപരി സുസ്സാധ്യമാണെന്ന് വരുത്താനാണ് മാലാഖമാരെ പ്രവാചതന്മാരാക്കാതിരുന്നതെന്ന് ഖുര്‍ആന്‍ സൂക്തങ്ങള്‍ പലപ്പോഴായി സൂചിപ്പിക്കുന്നുണ്ട്.

പാരമ്പര്യമായി നമ്മുടേതൊക്കെ ഇസ്ലാമികമായ സാഹചര്യമാണ്. വിശ്വാസികളായ മാതാപിതാക്കള്‍ക്ക് ജനിച്ച്, മുസ്ലിം കുടുംബത്തിലായി വളര്‍ന്ന,് ഇസ്ലാമികമായ സാമൂഹികാന്തരീക്ഷത്തില്‍ തന്നെ ജീവിക്കാന്‍ ഭാഗ്യം സിദ്ധിച്ചവരാണെന്നര്‍ഥം. അതുകൊണ്ട് തന്നെ മുസ്ലിമാകുക എന്നത് നമ്മെ സംബന്ധിച്ചിടത്തോളം അഭിമാനദായകമാണ്. ആഗോള തലത്തില്‍ തന്നെ മുസ്ലിമായിട്ടറിയപ്പെടുക മതവിശ്വാസികള്‍ പോലും വെറുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്. എന്നാല്‍ നമ്മുടെയൊക്കെ ജീവിതത്തില്‍ 'ഇസ്ലാമി'നെ കുടിയിരുത്തുന്നതിന്റെ തോത് വ്യക്തികള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടു കാണുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. 

സമകാലിക മുസ്ലിം സമൂഹത്തില്‍ പല വിധത്തിലുള്ള ആളുകളെയും നമുക്ക് കാണാനാകും.നാമധാരികള്‍ മാത്രമായ മുസ്ലിംകളുണ്ട്. വിശ്വാസം പോലും പൂര്‍ണമായുണ്ടോയെന്ന് സ്വാഭാവികമായും സംശയിക്കേണ്ടവര്‍. അല്‍പം ചില ആരാധനകള്‍ മാത്രം ചെയ്യുന്ന മറ്റൊരു വിഭാഗവുമുണ്ട്. കുറ്റകൃത്യങ്ങളും ഏറെകാണുമവര്‍ക്ക്. അടുത്ത വിഭാഗം പൊതുവെ സ്രഷ്ടാവിനെ ഏറെ ഭയക്കുന്ന കൂട്ടത്തിലാണ്. കൃത്യമായി നമസ്കാരവും നോമ്പും സുന്നത്തുകളുമെല്ലാം കാണുമവര്‍ക്ക്. ഇതില്‍ ആദ്യ രണ്ടു വിഭാഗത്തെയും മാറ്റിനിറുത്തി മൂന്നാം വിഭാഗത്തെ മാത്രമാണ് നാം ചര്‍ച്ചക്കെടുക്കുന്നത്. മഹല്ലുകളിലെ മുസ്ലിം മുഖ്യധാരയെ പ്രതിനിധീകരിക്കുന്ന ഈ വിഭാഗത്തിന്റെ രഹസ്യ ജീവിതത്തിലോ അതല്ലെങ്കില്‍ അജ്ഞത മൂലം പരസ്യമായി തന്നെയോ കാണിക്കുന്ന, തീര്‍ത്തും അനിസ്ലാമികമെന്ന് പറയാവുന്ന ചില പ്രവണതകളെ സൂചിപ്പിക്കാനുള്ള ശ്രമമാണീ കുറിപ്പ്. 

മുസ്ലിമിനൊരു വ്യക്തിത്വമുണ്ട്. അന്യ മതക്കാരില്‍ നിന്നവനെ വേറിട്ടുനിര്‍ത്തുന്ന പ്രധാന ഘടകമതാണ്.് ഒരര്‍ത്ഥത്തില്‍ 'ഫിത്വ്റത്' പ്രധാനം ചെയ്തതാണത്. ആ വ്യക്തിത്വത്തിന്റെ വിനഷ്ടം, അങ്ങനെ നോക്കുമ്പോള്‍, സത്യത്തില്‍ ഫിത്വ്റത്തില്‍ നിന്നുള്ള ഭ്രംശമാണ്. എല്ലാവരും ജനിക്കുന്നത് ഫിത്വ്റത് അനുസരിച്ചാണ്; പിന്നെ ചുറ്റുപാടുകള്‍ അവരെ ജൂതരും ക്രിസ്ത്യാനികളും മജൂസികളുമൊക്കെ ആക്കിത്തീര്‍ക്കുന്നുവെന്ന് നബി വചനം.

ഇസ്ലാം നിഷ്കര്‍ഷിക്കുന്ന ആ വ്യക്തിത്വമേത്? നാമുത്തരം കണ്ടത്തേണ്ടിയിരിക്കുന്നു. എനിക്കാരാധിക്കാനല്ലാതെ നിങ്ങളെ സൃഷ്ടിച്ചിട്ടില്ലെന്ന് ഖുര്‍ആന്‍. ജീവിതത്തിലെ എല്ലാ അടക്കവും അനക്കവും, എന്തിന്, ഉറക്കം വരെ ആരാധനയാണെന്ന് വിശുദ്ധ ഹദീസ്. ഇവിടെ ആരാധനയുടെ 'വൃത്തം' അനന്തമായി വ്യാപിക്കുന്നത് കാണാം. 'ഇബാദത്തെ'ന്ന സംജ്ഞ നമ്മുടെ ജീവിതത്തെ മൊത്തം തന്നെ ദ്യോതിപ്പിക്കുമാറ് വിശാലമാകുന്നു. അതായത് ജീവിതം തന്നെ ആരാധനയായിത്തീരുന്നു. ശാരീരികാരാധനകളില്‍ അത്യുത്തമമായ നമസ്കാരം പോലും നാം തുടങ്ങുന്നത് 'മരണം വരെ അല്ലാഹുവിന് സമര്‍പ്പിച്ചാ'വണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടതിലെ സാംഗത്യമതായിരിക്കണം.
ജീവിതം മൊത്തം ആരാധനയായി കണക്കെഴുത്ത് നടത്തേണ്ടവനാണ് മുസ്ലിമെന്ന് മേല്‍പറഞ്ഞ കാര്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ഇനി നാം ആധുനിക മുസ്ലിംകളെ ഒന്ന് പരിശോധിക്കുക. അവനെ സംബന്ധിച്ചിടത്തോളം ആരാധനയും ജീവിതവും രണ്ട് വിഭിന്ന കാര്യങ്ങളാണ്. ആരാധനയവര്‍ നിര്‍വഹിക്കുന്നു. (ഇബാദത്തുകള്‍ മുറക്ക് നിര്‍വഹിക്കുന്ന വിഭാഗത്തെക്കുറിച്ചാണ് നാം ചര്‍ച്ച ചെയ്യുന്നതെന്ന് നേരത്തെ പറഞ്ഞല്ലോ.) ജീവിതവും അവര്‍ തള്ളിനീക്കുന്നു. ആദ്യത്തേത് കൊണ്ടവര്‍ പാരത്രികജീവിതത്തിലെ വിജയം ലക്ഷീകരിക്കുന്നു. രണ്ടാമത്തേത് കൊണ്ടവര്‍ ലക്ഷ്യമാക്കുന്നത് ഐഹിക ജീവിതത്തിലെ സമസ്യകള്‍ കൂട്ടിപ്പിരിക്കുക മാത്രമാണ്. അതുകൊണ്ട് തന്നെ അവരിലെ ഇസ്ലാം ചില നടനങ്ങളും മാമൂലുകളും മാത്രമായി ഒതുങ്ങി. ജീവിതപുസ്തകത്തിന്റെ മാര്‍ജിനുകളില്‍ മാത്രമാണ് ഇപ്പോള്‍ മതമൂല്യങ്ങളുടെ സ്ഥാനം. ജീവിതയാത്രയില്‍ മുസ്ലിമിന് ഇന്ധനമാകേണ്ടത് മതമാണ്. സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്കയക്കുമ്പോള്‍, 'എന്റെ സന്ദേശം നിങ്ങള്‍ക്കെത്തുമെന്ന്' ആദമിനും ഹവ്വക്കും വിളിയാളമുണ്ടാവാനുള്ള കാരണമതായിരിക്കണം. ആ മൂല്യങ്ങളാണ് ജീവിതത്തെ ഫ്രെയിം ചെയ്യേണ്ടത്. അതിന്റെ അതിരുകള്‍ക്കൊപ്പിച്ചാണ് മുസ്ലിം ജീവിതത്തെ നൂറ്റെടുക്കേണ്ടത്. 'നിഷിദ്ധങ്ങളുടെ പരിസരത്ത് മേഞ്ഞാല്‍ നിങ്ങളതില്‍ അകപ്പെട്ടേക്കാ'മെന്ന നബിവചനത്തിന്റെ താല്‍പര്യവു2ം മറ്റൊന്നല്ല.

നമസ്കാരം അഞ്ചുനേരവും ജമാഅത്തായി തന്നെ നമസ്കരിക്കുന്നുണ്ട് ആധുനികനായ മുസ്ലിം. പക്ഷേ, നമസ്കാരം കഴിഞ്ഞ് പള്ളി വിട്ടിറങ്ങുമ്പോഴേക്ക് ആ ചൈതന്യം വിനഷ്ടമാകുകയാണ്. അപ്പോഴാണ് പള്ളി സെക്രട്ടറി സ്ഥാനത്തെ ചൊല്ലി കത്തിക്കുത്ത് നടത്താനും വിശ്വാസിയായ തന്റെ സഹോദരനെ കുത്തിക്കൊല്ലാനും നിര്‍ലജ്ജമവന്‍ മുന്നോട്ട് വരുന്നത്. നിസ്കരിക്കണമെന്നും പള്ളിയുടെ പരിപാലനത്തിന് മുന്നിട്ടിറങ്ങണമെന്നും അവനെ പഠിപ്പിച്ചത് മതമാണ്. അതവന്‍ കൃത്യമായി (അവന്റെ ഭാഷയില്‍) ചെയ്യുമ്പോള്‍ തന്നെ, തന്റെ സഹോദരനെ വധിക്കാനും തയ്യാറാകുന്നു. ഇവിടെ ആധുനികന്റെ ഇസ്ലാമിന് താളം നഷ്ടപ്പെടുന്നുണ്ട്. സീരിയലുകള്‍ക്കിടയിലെ ആദ്യ ഇടവേള വുദൂ ചെയ്യാനും അടുത്തത് നിസ്കരിക്കാനും ഉപയോഗപ്പെടുത്തി നമസ്കാരവും സീരിയലും ഒരേസമയം നെഞ്ചിലേറ്റുന്ന ആധുനിക മുസ്ലിം കുടുംബിനികളെ നിര്‍മിച്ചെടുത്തത് സത്യത്തില്‍ ഇതേ ബോധമാണ്. അല്‍പം കാലംകൂടി കഴിഞ്ഞാല്‍ അവര്‍ നിസ്കരിച്ചുകൊണ്ടിരിക്കെ തന്നെ സീരിയല്‍ കാണാന്‍ പഠിക്കും. വേണമെങ്കില്‍ റക്അത്തുകള്‍ക്കിടയില്‍ ചാനല്‍ 'മാറ്റി'യെന്നുമിരിക്കും. നിസ്കാരത്തിനിടയില്‍ തന്നെ, റിംഗ് ചെയ്യുന്ന മൊല്‍ൈ ഫോണ്‍ കയ്യിലെടുത്ത് വിളിക്കുന്നതാരെന്ന് നോക്കി ഓഫ് ചെയ്ത് വെക്കാനൊക്കെ ഇതിനിടക്ക് തന്നെ നാം പഠിച്ചുകഴിഞ്ഞിട്ടുണ്ടല്ലോ. 
മതത്തിന്റെയും ഇസ്ലാമിന്റെയും പേരില്‍ നാം ധരിച്ച മുഖംമൂടി അഴിഞ്ഞു വീഴുന്നുണ്ടിവിടെ. നമ്മുടെ വീട്ടമ്മമാര്‍ നമസ്കാരത്തിനായി മാറ്റിയ 'നിസ്കാരക്കുപ്പായം' അഴിച്ചു തുടങ്ങുന്നതോടെ അവരുടെ ഹൃദയത്തിലെ ഇസ്ലാമും അഴിഞ്ഞുവീഴുന്ന ഒരു അവസ്ഥ നമുക്കിവിടെ കാണാനാകുന്നു. നിസ്കാരപ്പായയില്‍ നിന്നിറങ്ങിയ ഉടനെ അടുക്കളയില്‍ അവര്‍ നാക്കിട്ടലക്കുന്നത് മരുമക്കളെ കുറ്റം പറഞ്ഞുകൊണ്ടാണ്. സുന്നത്ത് നോമ്പുകള്‍ മുഴുവന്‍ പിടിക്കുകയും പൂര്‍ണ ഹിജാബില്‍ ജീവിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മുസ്ലിം ഉമ്മമാര്‍, തങ്ങളുടെ മരുമക്കളെ നല്ലനിലയില്‍ പരിപാലിക്കുന്നതും ആരാധനയുടെ ഭാഗം തന്നെയാണെന്ന് എന്ത് കൊണ്ട് മനസ്സിലാക്കുന്നില്ല. ജീവിതവും ആരാധനയും വെവ്വേറെയായി വഴിപിരിഞ്ഞതാണിവിടെ പ്രശ്നമായത്. മരുമക്കളെ പീഡിപ്പിക്കാനായി മാത്രം ഇത്തരം ഉമ്മമാര്‍ നടത്തുന്ന ചെയ്തികള്‍ പലപ്പോഴും മതത്തിന്റെ പരിമിതികള്‍ വിട്ട് മാനുഷിക മൂല്യങ്ങള്‍ക്ക് പോലും നിരക്കാത്തതായിത്തീരുന്നത് അത് കൊണ്ടാണ്.

സൃഷ്ടാവുമായി ബന്ധിപ്പിച്ച് മാത്രമാണ് നാമിപ്പോള്‍ ആത്മികത(തസവ്വുഫ്)യെ മനസ്സിലാക്കുന്നത്. അത് സൃഷ്ടികളോട് കൂടി ബന്ധപ്പെട്ടിരിക്കുന്നുവെന്ന കാര്യം നാം സൌകര്യാര്‍ത്ഥം വിസ്മരിക്കുന്നു. തഹ്ലീലും തക്ബീറും തഹ്മീദുമെല്ലാം പുണ്യകര്‍മമെന്ന് പഠിപ്പിക്കുന്ന തിരുവചനം തൊട്ട് ശേഷം പറഞ്ഞത് തന്റെ ചരക്ക് വാഹനത്തില്‍ കയറ്റാന്‍ ഒരു യാത്രക്കാരനെ സഹായിക്കലും പ്രതിഫലാര്‍ഹമാണെന്നാണ്. സൃഷ്ടാവിനോടുള്ള ബാധ്യതകള്‍ക്കപ്പുറം സൃഷ്ടികളോടുള്ള കടപ്പാടുകളും നാം ചെയ്ത് തീര്‍ക്കണമെന്നര്‍ത്ഥം. അങ്ങനെ നോക്കുമ്പോള്‍ സമകാലിക സാഹചര്യത്തില്‍ ഒന്നുകില്‍ നാം പരിത്യാഗത്തിന്റെ വഴി സ്വീകരിക്കേണ്ടിയിരിക്കുന്നു. അതായത് നാടും വീടും വിട്ട് ഏതെങ്കിലും മലമുകളില്‍ നാം ഒറ്റക്കുതാമസിക്കേണ്ടി വരും. അതല്ലെങ്കില്‍ സൃഷ്ടികള്‍ക്കിടയില്‍ ജീവിക്കുമ്പോള്‍, അവരോടുള്ള പെരുമാറ്റവും ഇടപാടുകളുമൊക്കെ അല്ലാഹു ഇഷ്ടപ്പെടുന്ന രീതിയിലാക്കാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. അതില്ലാത്ത കാലത്തോളം ആരാധനയുടെ 'അന്തസത്ത' നമുക്കന്യമായിത്തന്നെ തുടരുമെന്നര്‍ഥം. ഇതില്‍ ആദ്യത്തേത് ആത്മികതയുടെ പരമരൂപമായ 'സുഹ്ദി'ന്റെ വഴിയാണ്. രണ്ടാമത്തേത് ജനങ്ങള്‍ക്കിടയില്‍ തന്നെ ജീവിച്ച് ദിവ്യസാമീപ്യം കരഗതമാക്കാനുള്ള ശ്രമമാണ്. 

അല്ലാഹുവിനെ പ്രകീര്‍ത്തിച്ച് തുടങ്ങുന്ന നമസ്കാരം അവസാനിപ്പിക്കേണ്ടത് പരസൃഷ്ടികളുടെ നന്മക്കായി പ്രാര്‍ത്ഥിച്ചു കൊണ്ടാണെന്നാണ് ശരീഅത്തിന്റെ വീക്ഷണം. അതും മറ്റുള്ളവരോടൊത്ത് നിര്‍വഹിക്കുന്നതാണ് ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാള്‍ ഏറെ പ്രതിഫലാര്‍ഹമെന്ന് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നു. ഇബാദത്ത് എന്നതിന്റെ ആശയലോകം പരകോടി പ്രാപിക്കുകയാണിതിലൂടെ.

ജീവിതത്തിനും ആരാധനുക്കുമിടയില്‍ മതില്‍ കെട്ടിയാണ് ആധുനികന്റെ നടപ്പ്. മുഴുസമയവും പള്ളിയില്‍ ഇഅ്തികാഫിരിക്കുന്ന എത്രയോ കാരണവന്‍മാരുണ്ട് നമ്മുടെയൊക്കെ മഹല്ലുകളില്‍. നമസ്കാരങ്ങളെല്ലാം തന്നെ ജമാഅത്തായി മാത്രം നിസ്കരിക്കുന്നവരാണവര്‍. ഭയഭക്തിയും ദൈവഭയവും കൊണ്ടുമാത്രമിതെല്ലാം നിര്‍വഹിക്കുമ്പോഴും സ്വന്തം വീട്ടിലെത്തിയാല്‍ അവരുടെ സ്വഭാവം മാറുന്നു. അവിടെ അവര്‍ പൌത്രന്മാരെ ശകാരിച്ചും കുടുംബത്തെ പഴിച്ചും കൊണ്ട് കഴിഞ്ഞു കൂടുന്നു. നിസാര പ്രശ്നങ്ങളുടെ പേരില്‍ കുടുംബത്തിലെ അന്തരീക്ഷം താപമയമാക്കുന്നു. എന്താണീ വിരോധാഭാസത്തിനു വഴിവെച്ചത്. തന്റെ നാഥന്റെ സ്മരണകളിലായി ഒരുപാട് സമയം ചെലവഴിച്ച ഒരാളെസംബന്ധിച്ചിടത്തോളം ഇതെങ്ങനെ സാധ്യമാകും. ഹസനി(റ)നെയും ഹുസൈനെ(റ)യും നമസ്കാര സമയത്ത് പോലും പരിലാളിച്ച നബിയുടെ ജീവിതം നമുക്കെങ്ങെനെ വിസ്മരിക്കാനാവുന്നു? 

നമ്മുടെ പള്ളികളില്‍ നടക്കുന്ന ജമാഅത്ത് നമസ്കാരങ്ങളില്‍ സന്നിഹിതരാവുന്നതില്‍ ഭൂരിഭാഗവും വൃദ്ധന്‍മാരാണെന്നത് തന്നെ ജീവിതത്തെയും ആരാധനയെയും നാം വേര്‍തിരിച്ചെഴുതി എന്നതിന്റെ വ്യക്തമായ തെളിവാണല്ലോ. മാത്രമല്ല, ഇടക്കെപ്പോഴെങ്കിലും ജമാഅത്തില്‍ പങ്കെടുക്കാനെത്തുന്നവരെ പള്ളിയിലെ ഇമാം പോലും സംശയ ദൃഷ്ടിയോടെ വീക്ഷിക്കുന്നതിന്റെ കാരണവും മേല്‍പറഞ്ഞത് തന്നെയല്ലേ. പള്ളികളിലെ ഹൌളുകളില്‍ വെള്ളം നിറച്ചും പരിസരം വേണ്ടവിധം പരിപാലിച്ചും കൊണ്ടിരിക്കുന്ന 'മൊല്ലാക്ക' സംഘടിത നമസ്കാരം കഴിഞ്ഞ് 'സ്വഫില്‍' നിന്ന് തിരക്കിട്ടിറങ്ങുന്നത് ഒരുപക്ഷേ, ഹൌളിന്‍ കരയില്‍ സംസാരിച്ചുകൊണ്ടിരിക്കുകയോ അതെല്ലെങ്കില്‍ വെള്ളം കൊണ്ട് കളിച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്ന ചെറിയ കുട്ടികളെ പരമാവധി 'തെറി'പറയാനായിരിക്കും. സൌമ്യമായി ഉപദേശിക്കുന്നതിന് പകരം തെറിയഭിഷേകത്തിന്റെ രീതി സ്വീകരിക്കാന്‍ ഇയാളിവിടെ തയ്യാറാകുന്നു. അല്ലാഹുവിന്റെ പള്ളിയുമായി മാത്രം ബന്ധപ്പെട്ട് ജീവിതം മുന്നോട്ട് നയിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം സൃഷ്ടികളോട് പുലര്‍ത്തേണ്ട സാമാന്യമര്യാദ പോലും പാലിക്കാതിരിക്കാന്‍ കഴിയാതിരിക്കുന്നതെങ്ങനെ? 
നാട്ടിലെ ദീനീ സംരംഭങ്ങള്‍ക്കെല്ലാം മുന്‍പന്തിയിലുണ്ടാവുന്നവര്‍ തന്നെ ഗാനമേളകളിലും സജീവ സാന്നാധ്യം വഹിക്കുന്നത് അപസൂചകമല്ലേ. ആര്‍ട്സ് ക്ളബുകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ തന്നെ നേതൃത്വം നല്‍കുന്ന മഹല്ലത്തുകള്‍ നമുക്കില്ലേ? ഡൈനിംഗ് റൂമിലിരുന്ന് ഖുര്‍ആന്‍ പ്രഭാഷണ സി.ഡി കള്‍ സാകൂതം ശ്രവിച്ച് മനസ്സിലാക്കുന്നവര്‍ തന്നെ അല്‍പം കഴിഞ്ഞ് ചാനലുകളിലെ സിനിമാരംഗത്തിനൊത്ത് കരഞ്ഞും ചിരിച്ചും സമയം തള്ളിനീക്കന്നത് എത്രമാത്രം അപഹാസ്യകരമല്ല.

മതത്തിന്റെ വെളുത്ത കാന്‍വാസില്‍ കറുത്ത ചില കളങ്കകള്‍ നാമറിയാതെ വീഴുന്നുണ്ടിവിടെയെല്ലാം. നമ്മെ സംബന്ധിച്ചിടത്തോളം അത് പക്ഷേ, ഒരു പ്രശ്നമേ ആകുന്നില്ല. കാരണം ഒന്ന് നമുക്ക് നമ്മുടെ ഇസ്ലാമിന്റെ ഭാഗമാണ്. മറ്റേത് ജീവിതത്തിന്റെയും.
ജീവിതത്തിലുടനീളം ഇസ്ലാം കൊണ്ട് നടക്കണമെന്നും അതുവഴി തെറ്റില്‍ നിന്ന് പരിശുദ്ധി പ്രാപിക്കണമെന്നുമാണ് ദൈവ കല്‍പന. എന്നാലിപ്പോള്‍ ജീവിതത്തില്‍ ചെയ്തു കൂട്ടിയ എണ്ണമറ്റ തെറ്റുകളുടെ കുരുക്കുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാര്‍ഗമായി മാത്രമേ നാമിസ്ലാമിനെ കാണുന്നുള്ളൂ. അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്ന് പറഞ്ഞാല്‍ തന്നെ സ്വര്‍ഗപ്രവേശം സാധ്യമണെന്ന പ്രവാചക വചനത്തെ ഈയൊരു കോണില്‍ കൂടിയും വായിക്കാമോ ആവോ.

ആധുനിക മുസ്ലിമിന്റെ സാമ്പത്തിക മേഖലയും മേല്‍ പറഞ്ഞ ഇരട്ടബോധത്തില്‍ നിന്ന് രക്ഷപ്പെട്ടില്ല. കൈനിറയെ ദാനധര്‍മം ചെയ്യുന്നവരും അഗതികളെ സഹായിക്കുന്നവരുമായ നിരവധി പേരുണ്ട്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാങ്കുമായും പലിശയുമായും ബന്ധപ്പെട്ടവരുമായിരിക്കുമവര്‍. മതബോധമവരെ ദാനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ജീവിതം ബാങ്കുമായി ഇടപഴകാനും. അതുവഴി ആത്മീയതയെ ചേരുംപടി ചേര്‍ക്കാന്‍ അവര്‍ക്കാവാതെ വരുന്നു. 

ആകെ താളം തെറ്റിയ അവസ്ഥ. ജീവിതത്തെ മതത്തിന്റെ അരിക് പിടിച്ച് കരുപിടിപ്പിക്കാനാവാത്ത സ്ഥിതിവിശേഷം. മതം സംഘടനവല്‍കരിക്കപ്പെടുക കൂടി ചെയ്തതോടെ അതിന്റെ മുഖം ഏറെ പരിതാപകരമായിരിക്കുന്നു. ഇസ്ലാമിക പ്രബോധനത്തിനായി കിണഞ്ഞു ശ്രമിക്കുന്നവര്‍ തന്നെ ഇതര സംഘടനക്കാരന്റേതായതിന്റെ പേരില്‍ പള്ളി പൂട്ടിക്കുന്നതില്‍ വരെ കാര്യമെത്തിയിരിക്കുന്നു. ആരാധനകള്‍ക്കായി പ്രത്യേക വേദി വിളിച്ചു കൂട്ടുന്നവര്‍ തന്നെ പള്ളി പൂട്ടിക്കാനും സംഘടിക്കുന്നതില്‍ എന്തോ സ്വരച്ചേര്‍ച്ച നഷ്ടപ്പെടുന്നപോലെ.

അപരനെ എന്തുചെയ്യാനും മടിക്കാത്ത ഒരു ആരാധക വിഭാഗമാണിതിലൂടെ ജന്മം കൊണ്ടത്. കൃത്യമായ നമസ്ക്കാരവും നിരതമായ ദിക്റുകളും കൂടെക്കൊണ്ട് നടക്കുമ്പോഴും അയല്‍വാസിയെ 'സിഹ്ര്‍' ചെയ്ത് പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ആധുനിക മുസ്ലിം സമൂഹത്തില്‍ ഏറെ കാണപ്പെടുന്നു. പലപ്പോഴും സ്വന്തം കുടുംബങ്ങള്‍ക്കെതിരെയായിരിക്കുമീ മാരണപരിപാടികള്‍. തന്നേക്കാള്‍ ഏറെ സമ്പത്തോ സൌകര്യമോ ഉണ്ടെന്ന് തോന്നിയാല്‍ അവര്‍ക്കെതിരെ മാരണത്തിന്റെ വഴി സ്വീകരിക്കാന്‍ മടിക്കാത്ത ഇത്തരക്കാരൊരുപക്ഷേ, ഖുര്‍ആന്‍ താഴെ വെക്കുക പോലും ചെയ്യാത്തവരായിരിക്കും. അന്യനെ ദ്രോഹിക്കാതിരിക്കല്‍ വലിയൊരു ഇബാദത്താണെന്നും ഇസ്ലാമതിന് ഏറെ വിലകല്‍പിച്ചിട്ടുണ്ടെന്നും ഇത്തരക്കാര്‍ അറിയാതെ പോകുന്നു. ഐഹിക ജീവിതത്തിന്റെ ഉപാധിയായി മാത്രം സമ്പത്തിനെയും സൌകര്യങ്ങളെയും മനസ്സിലാക്കുന്നതോടെയാണ് ആധുനികന്‍ ഈയൊരു തരത്തില്‍ ചിന്തിച്ചു തുടങ്ങുന്നത്. യഥാര്‍ഥത്തില്‍ അടിമത്വബോധത്തിന്റെ ആണിക്കല്ലിനിവിടെ ഇളക്കം തട്ടുന്നതെന്ന് അവനറിയുന്നില്ല.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ ആധുനികന്‍ ജീവിതമായി മാത്രം മനസ്സിലാക്കിയെടുക്കാന്‍ പരിശീലിച്ചിരിക്കുന്നു. നമസ്കാര, നോമ്പാദി കര്‍മങ്ങള്‍ കൃത്യമായി വീട്ടിയാല്‍ പിന്നെ രാഷ്ട്രീയം ഏതുമാവാമെന്ന തോന്നല്‍ അതില്‍ നിന്നുത്ഭൂതമായതാണ്. ഉമ്മത്തിനെ വഴിനടത്തേണ്ട പണ്ഡിതര്‍ നിരീശ്വര നിര്‍മത വാദങ്ങളുയര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളെ പോലും വാരപ്പുണരാന്‍ വെമ്പല്‍ കൊള്ളുന്ന നിലവിലെ കാഴ്ച ഇത്തരത്തില്‍ ചിന്തിച്ചാല്‍ വളരെ സംഗതമായി തോന്നുന്നു. ദൈവവിശ്വാസമുള്ളവനും നിരീശ്വരവാദത്തിലധിഷ്ഠിതമായ രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗങ്ങളാവാമെന്ന ന്യായവാദം നിരത്തി പ്രസ്തുത പാര്‍ട്ടിപ്പതാകകള്‍ പുതക്കാന്‍ ശ്രമിക്കുന്നത് ആ തെറ്റുധാരണയുടെ പ്രകടമായ തെളിവാണ്. ഇസ്ലാമിക ദൃഷ്ട്യാ ജിവിതം തന്നെ ഇബാദത്തായിരിക്കെ അത്തരം കാര്യങ്ങളോടവര്‍ക്ക് സന്ധിയാകാന്‍ കഴിയുന്നത് തസ്വവ്വുഫിനെ അതിന്റെ ഒരു പകുതിയില്‍ നിന്ന് വേരറുത്ത് മാറ്റിയത് കൊണ്ടാണ്. സജീവരാഷ്ട്രീയക്കാരായ നിരവധി മുസ്ലിം സൂഹൃത്തുക്കള്‍ നമുക്ക് ചുറ്റിലുമുണ്ട്. ഇസ്ലാമിക മൂല്യങ്ങള്‍ മുറുകെപിടിക്കുമ്പോഴും രാഷ്ട്രീയത്തെ അടക്കിവാഴുന്ന അഴിമതികളില്‍ നിന്നവര്‍ക്ക് മുക്തരാകാന്‍ കഴിയാത്തതും സത്യത്തില്‍ നാം ചര്‍ച്ച ചെയ്യുന്ന ഇരട്ടമനോഭാവമൊന്ന് കൊണ്ട് തന്നെയല്ലേ.
വിശ്വാസിയുടെ ജീവിതം തന്നെ ആരാധനയാണ്. അതുകൊണ്ട് അവനിവിടെ രണ്ടു ഒപ്ഷനേ ഉള്ളൂ. ഒന്നുകില്‍ മതമൂല്യങ്ങളോട് രാജിയാവുന്ന പാര്‍ട്ടിയിലായി രാഷ്ട്രീയം നോക്കുക. അതല്ലെങ്കില്‍ പിന്നെ രാഷ്ട്രീയത്തില്‍ നിന്ന് തീരെ വിട്ട് നില്‍ക്കുക. ഇത് രണ്ടുമല്ലാത്ത ഏത് തീരുമാനവും ഇസ്ലാമിന്റേതെന്ന പേരില്‍ അവനണിഞ്ഞ മുഖം മൂടിയെ വികൃതമാക്കാനേ സഹായിക്കൂ.

പണ്ഡിതന്‍മാരാണീ സമൂഹത്തിന്റെ അത്താണി. അജ്ഞരായ സമൂഹം അവരില്‍ നിന്നാണ് ഇബാദത്തിനെ തിരിച്ചറിയാന്‍ ശ്രമിക്കുന്നത്. മുസ്ലിയാരെ മാത്രമാണിവര്‍ പലപ്പോഴും മുസ്ലിമായി കാണുന്നത് തന്നെ. എന്നിട്ടും, ആരാധനയുടെ അര്‍ഥം തിരിച്ചറിയാന്‍ പണ്ഡിതന്മാരില്‍ പെട്ട ചിലര്‍ക്കാകുന്നില്ലെന്നത് ഏറെ പരിതാപകരമല്ലേ. ദിക്ര്‍ ചൊല്ലി ബസിലെ സീറ്റലിരുന്ന് യാത്ര ചെയ്തുകൊണ്ടിരിക്കുന്ന മുസ്ലിയാര്‍ക്ക് തന്റെ തൊട്ടടുത്ത് സീറ്റില്ലാതെ നില്‍ക്കുന്ന വയോവൃദ്ധനെ കണ്ടില്ലെന്ന് നടിക്കാന്‍ ആവുന്നതിന്റെ കാരണം ആരാധനയെ യഥാവിധി ഉള്‍കൊള്ളാത്തതാണല്ലോ. മതമൂല്യങ്ങളെ യഥാവിധിയുള്‍ക്കൊള്ളാന്‍ സമൂഹത്തിനു നേതൃത്വം നല്‍കുന്ന ഇവര്‍ തയ്യാറാകേണ്ടതുണ്ട്. സ്വന്തം കുടുംബങ്ങളില്‍ പോലും സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ ഇവര്‍ക്കാവുന്നില്ലെന്ന് പലപ്പോഴും നമുക്കറിയാനാകുന്നുണ്ടല്ലോ. നിന്റെ ഭാര്യക്കും സന്താനങ്ങള്‍ക്കുമൊക്കെ ചില കടപ്പാടുകള്‍ വീട്ടേണ്ടതുണ്ടെന്ന പ്രവാചകാധ്യാപനം നമുക്കെന്തേ ബാധകമല്ലേ.

മഹല്ലുകളില്‍ ഇന്നും ശേഷിക്കുന്ന ഇസ്ലാമികചലനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഇവര്‍ മാത്രമാണെന്നതില്‍ സംശയമൊന്നുമില്ല. ഇവര്‍ കുടെയില്ലാതായാല്‍ നമ്മുടെ പരിസരത്തുനിന്ന് ഇസ്ലാമിക മുല്യങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ ഇല്ലാതാവുമെന്ന വ്യക്തമായ ബോധത്തോടെ തന്നെയാണിത് കുറിക്കുന്നത്.

അല്ലാഹുവുമായി ബന്ധിക്കുന്ന ചില കാര്യങ്ങളുടെ നിര്‍വഹണത്തോടെ തന്നെ തന്റെ ദൌത്യം പുര്‍ണമായെന്ന് വിശ്വസിക്കുന്നതോടെ ഒരു വിശ്വാസിയുടെ ജീവിതം അനിസ്ലാമികമായിത്തീരുന്നതാണിവിടെ കാണുന്നത്. 'ദീന്‍ ഗുണദോഷിക്കലാണെ'ന്ന് നബി(സ) പറഞ്ഞപ്പോള്‍ 'ആര്‍ക്കൊക്കെ' എന്ന് ചോദിച്ച അനുചരന്മാരോട് അവിടന്ന് പ്രതികരിച്ചത് ഹദീസില്‍ കാണാം. അതില്‍ അല്ലാഹുവിനും പ്രവാചകര്‍ക്കും വേദഗ്രന്ഥങ്ങള്‍ക്കുമെല്ലാം ശേഷം പൊതുജനങ്ങളെ കുടി പരാമര്‍ശിക്കുന്നുണ്ട്.
അവരെക്കൂടി പരിഗണിക്കുമ്പോള്‍ മാത്രമേ ഇസ്ലാം പൂര്‍ണമാവുന്നുള്ളൂ എന്നര്‍ത്ഥം.
മതബോധത്തിന്റെ ഈ വ്യാജമുഖം അഴിച്ചുവെക്കേണ്ട കാലമായിരിക്കുന്നു. മാമൂലുകള്‍ക്കപ്പുറം മതത്തിന്റെ അന്തസത്ത തിരിച്ചറിയാനുള്ള ശ്രമം നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കേണ്ടിയിരിക്കുന്നു. കാരണം മാനവികതാബോധത്തിന്റെ പരമമായ മാതൃകയാണ് ഇസ്ലാം ലോകത്തിനുമുന്നില്‍ സമര്‍പ്പിക്കുന്നത്. അതിനെയൊന്നും വകവെക്കാതെയുള്ള നിലവിലെ ജീവിതശൈലി ഇസ്ലാമിനെ ആത്മാവറ്റ ഒന്നാക്കിയിരിക്കുന്നു. ക്രിസ്തീയതയെയും ഹൈന്ദവതയെയും പോലെ പ്രായോഗികതലമില്ലാതെ താത്വികമായ ഒരിടത്തേക്ക് ദൈവികമതമായ ഇസ്ലാമും ചുരുങ്ങുന്നകാലം, ഇങ്ങനെ പോയാല്‍, അധികം വിദൂരത്തല്ലെന്നര്‍ഥം.
   
  
   
 

No comments:

Post a Comment