27 February 2012

ക്ഷമയുടെ പരമോന്നതിയില്‍….




അണ പൊട്ടിയൊഴുകുന്ന ഈ ദുഃഖ പ്രകടനം കാണുന്നവരെയും അസ്വസ്ഥമാക്കുമല്ലോ. പിതാവിന്റെ ഈ സങ്കടവും അസ്വാസ്ഥ്യവുമൊക്കെക്കണ്ട് മക്കള്‍ പറഞ്ഞു: 'പിതാവേ, അങ്ങയുടെ കാര്യം എത്ര കഷ്ടം! ഇങ്ങനെ യൂസുഫിനെ ഓര്‍ത്തോര്‍ത്ത് കരഞ്ഞാല്‍ അങ്ങ് പറ്റേ ക്ഷയിച്ച് അശക്തനാകുമല്ലോ. അല്ലെങ്കില്‍ ഇക്കണക്കിന് നിങ്ങള്‍ മരിച്ചുപോവുക തന്നെ ചെയ്തേക്കും'. ഇപ്പോഴത്തെ ഈ അസ്വാസ്ഥ്യത്തിന് യഥാര്‍ഥ കാരണം ബിന്‍യാമീന്റെ തിരോധാനമാണല്ലോ; ഒപ്പം റൂബീലിന്റെ അസാനിധ്യവും. എന്നാല്‍ യൂസുഫിന്റെ പേരു പറഞ്ഞാണിപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്നത്.

മക്കളും വീട്ടുകാരും തന്റെ ഈ ദുഃഖ പ്രകടനത്തില്‍ ആക്ഷേപിച്ചപ്പോള്‍ യഅ്ഖൂബ് നബി(അ) പറഞ്ഞു: 'നിങ്ങളെന്തിന് എന്നെ ആക്ഷേപിക്കുന്നു? ഞാന്‍ നിങ്ങളോടാരോടുമല്ലല്ലോ എന്റെ ദുഃഖം ബോധിപ്പിക്കുന്നത്. അല്ലാഹുവാണ് എന്റെ ഏകാശ്രയം. അവന്റെ മുന്‍പിലാണ് ഞാന്‍ സങ്കടം നിരത്തുന്നത്. മാത്രവുമല്ല, കേവലം നിരര്‍ഥകമോ ഫലശൂന്യമോ ആയ പണിയൊന്നുമല്ല ഞാന്‍ ഈ ചെയ്യുന്നത്. നിങ്ങള്‍ക്കറിയാത്ത പല കാര്യങ്ങളും എനിക്കറിയാം. അത് അല്ലാഹു പഠിപ്പിച്ച് തന്നതാണ്'. അപ്രതീക്ഷിതമായി സര്‍വ്വശക്തന്റെ ഭാഗത്തുനിന്ന് തനിക്ക് അനുഗ്രഹവും ഔദാര്യവും ലഭിക്കുമെന്നും അങ്ങനെ താന്‍ ഈ ദുഃഖസാഗരത്തില്‍ നിന്ന് കരകേറുമെന്നുമാണ് ആ പ്രവാചക ശ്രേഷ്ഠന്‍ പറയുന്നത്. 

പത്ത് സഹോദരങ്ങള്‍ ഈജിപ്തില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം യഅ്ഖൂബ് നബി(അ) നിതാന്ത ദുഃഖത്തിന്റെ ആഗാധ ഗര്‍ത്തത്തില്‍ നിപതിച്ചു കഴിയുകയാണ്. യൂസുഫിന്റെയും ഇപ്പോള്‍ ബിന്‍യാമീന്റെയും വേര്‍പാട് ആ മഹാപുരുഷനെ അക്ഷരാര്‍ഥത്തില്‍ തന്നെ തളര്‍ത്തിക്കളഞ്ഞു. അങ്ങനെയിരിക്കെയാണദ്ദേഹം ഒരു ദിവസം അവരിരുവരെയും അന്വേഷിച്ചു പോകാന്‍ കല്‍പിക്കുന്നത്: 'എന്റെ പ്രിയമക്കളേ, നിങ്ങള്‍ ഈജിപ്തില്‍ പോയി യൂസുഫിനെയും ബിന്‍യാമീനെയും സൂക്ഷ്മമായി അന്വേഷിക്കുക'. രണ്ടുപേരെ പറഞ്ഞതില്‍ ഒന്നാം സ്ഥാനം യൂസുഫിനാണ് പിതാവ് നല്‍കുന്നത്. അതേസമയം മക്കളെ സംബന്ധിച്ചിടത്തോളം ഇതൊരു വിചിത്രകാര്യമായിരുന്നു. കാല്‍ നൂറ്റാണ്ട് മുമ്പ് 'ചെന്നായ പിടിച്ച' ഒരാളെ ഇപ്പോള്‍ അന്വേഷിക്കാന്‍ പറയുമ്പോള്‍ ആര്‍ക്കും അങ്ങനെയല്ലേ തോന്നുക?

മക്കള്‍ പ്രതികരിച്ചു: 'ബിന്‍യാമീന്റെ കാര്യം ശരി. അവന്റെ കാര്യത്തില്‍ എല്ലാവിധ പരിശ്രമങ്ങളും ഞങ്ങള്‍ നടത്താം. എന്നാല്‍ യൂസുഫിനെ പണ്ടെന്നോ ചെന്നായ പിടിച്ചുപോയില്ലേ? മരിച്ചവരെ തെരയുന്ന പണി ഞങ്ങള്‍ക്കില്ല. താങ്കള്‍ എന്തൊക്കെയാണ് ഇപ്പറയുന്നത്?' മക്കള്‍ ഇങ്ങനെ പ്രതികരിച്ചപ്പോള്‍ യഅ്ഖൂബ് നബി(അ) പ്രസ്താവിച്ചു: അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ആശ മുറിയരുത്. സത്യനിഷേധികളേ അതിനെക്കുറിച്ച് ഭഗ്നാശരാകൂ.

യൂസുഫിനെയും ബിന്‍യാമീനെയും അന്വേഷിക്കാന്‍ പറഞ്ഞപ്പോള്‍ സഹോദരങ്ങളുടെ പ്രതികരണം നാം കണ്ടുവല്ലോ. ഏതായാലും അന്വേഷണാര്‍ഥം ഈജിപ്തിലേക്ക് പുറപ്പെടാന്‍ അവര്‍ തീരുമാനിച്ചു. അവരുടെ ധാരണയനുസരിച്ച് എവിടെയും തെരഞ്ഞുനടക്കേണ്ട ആവശ്യമില്ലല്ലോ. കാരണം യൂസുഫ് നബി(അ)നെതെരയുക എന്ന ലക്ഷ്യമേ അവര്‍ക്കില്ല. ബിന്‍യാമീനാകട്ടെ ഈജിപ്ഷ്യന്‍ രാജകൊട്ടാരത്തില്‍ അടിമയാണ്; രാജാവിന്റെ കടാക്ഷത്തിന് വിധേയമായി അവന്നു വിട്ട് പോരാവുന്നതേയുള്ളു. അത് കൊണ്ട് കൊട്ടാരത്തില്‍ പോവുക എന്നത് തന്നെയായിരുന്നു അവരുടെ തീരുമാനം. ഈ യാത്രയെപ്പറ്റി ഖുര്‍ആന്‍ ഒന്നും പരാമര്‍ശിച്ചിട്ടില്ല; ഈജിപ്തിലെത്തിയ ശേഷമുള്ള കാര്യങ്ങളേ പറയുന്നുള്ളു. കഥാകഥനങ്ങളില്‍ ഖുര്‍ആന്റെ ഒരു സ്വാഭാവിക ശൈലി മാത്രം. 

കൊട്ടാരത്തില്‍ എത്തിക്കഴിഞ്ഞപ്പോഴാകട്ടെ, ഉടനെ അനുജനെ വിട്ടുതരാനൊന്നുമല്ല അവര്‍ പറയുന്നത്. പരസ്പരം ബന്ധപ്പെടാനും സംസാരിക്കാനുമൊക്കെ മറ്റെന്തെങ്കിലും അവസരമുണ്ടാക്കി അനുനയ പൂര്‍വ്വമേ ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കാന്‍ പറ്റുകയുള്ളുവല്ലോ. അത് മനസ്സിലാക്കിക്കൊണ്ടു തന്നെയാണവരുടെ നീക്കം. തങ്ങളുടെ ദാരിദ്യ്രവും ദൈന്യതയും നിസ്സഹായാവസ്ഥയുമൊക്കെ ആദ്യമേ പ്രകടമാക്കുന്നത് ഈ ഉദ്ദേശ്യസമേതം തന്നെയാണ്. അവര്‍ പറഞ്ഞു: ബഹുമാനപ്പെട്ട രാജാവേ, ഞങ്ങളും കുടുംബാംഗങ്ങളും ദരിദ്രരാണ്. വലിയ വിഷമത്തിലാണ് ഞങ്ങള്‍. ഭക്ഷ്യവസ്തുക്കള്‍ക്ക് മതിയായ വില തന്നെ കൊണ്ടുവരാന്‍ ഞങ്ങള്‍ക്കായിട്ടില്ല. ഈ വിഷമാവസ്ഥ വേണ്ട വിധം ഗ്രഹിക്കുകയും ഞങ്ങളെ പ്രത്യേകം പരിഗണിക്കുകയും ചെയ്ത് ധാന്യം പൂര്‍ണ്ണമായി തരാന്‍ അങ്ങേക്ക് കനിവുണ്ടാകണം. ധര്‍മിഷ്ട•ാര്‍ക്കും ഉദാരമതികള്‍ക്കുമൊക്കെ അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുമല്ലോ. 

09 February 2012

ബന്ധങ്ങളുടെ ആഴം


Add caption


യൂസുഫ് നബി(അ)യുടെ ആവശ്യമനുസരിച്ച് സഹോദരങ്ങള്‍ ഈജിപ്തില്‍ നിന്ന് പുറപ്പെടുകയാണ്. അപ്പോഴേക്ക്, കന്‍ആനിലുള്ള യഅ്ഖൂബ് നബി(അ)ക്കതാ പ്രിയപുത്രന്റെ സുഗന്ധം വന്നെത്തുന്നു! അപ്പോള്‍ അടിച്ചുവീശിയ ഒരു കാറ്റ് യൂസുഫ് നബി(അ)യുടെ കുപ്പായത്തിന്റെ വാസന വഹിച്ച് പിതാവിനെത്തിച്ചു. അവര്‍ക്കിടയില്‍ എട്ടു ദിവസത്തെ യാത്രാദൂരമുണ്ടായിരുന്നു. എണ്‍പത് ഫര്‍സഖ് ദൂരമാണ് കന്‍ആനും ഈജിപ്തിനുമിടക്ക് ഉണ്ടായിരുന്നതെന്ന് മുഫസ്സിറുകള്‍ എഴുതിയിട്ടുണ്ട്. ഇത് നാനൂറ് കിലോമീറ്റര്‍ വരും.

ദശാബ്ദങ്ങള്‍ക്കു മുമ്പ് അപ്രത്യക്ഷനായ, മരിച്ചു പോയെന്ന് വിശ്വസിക്കപ്പെടുന്ന മകനെപ്പറ്റി വൃദ്ധനായ പിതാവ് ഇത് പറയുമ്പോള്‍ ആരും അവിശ്വസിക്കും; മാത്രമല്ല, വാര്‍ദ്ധക്യ സഹജമായ അത്തും പിത്തുമാണെന്നേ ആരും വിധിയെഴുതൂ. ഇത് ഗ്രഹിച്ച്കൊണ്ട് തന്നെ യഅ്ഖൂബ് നബി(അ) പറഞ്ഞു: എനിക്ക് യൂസുഫിന്റെ വാസന വന്നെത്തുന്നുണ്ട്. ഞാന്‍ പടുകിഴവനായെന്നും അത്തുംപിത്തും പറയുകയാണെന്നും നിങ്ങള്‍ വിധിക്കയില്ലെങ്കില്‍ അവന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന്തന്നെ ഞാന്‍ വ്യക്തമാക്കുമായിരുന്നു! ചുറ്റും കൂടി നിന്ന പൌത്രരും മറ്റു ബന്ധുക്കളുമൊക്കെ പ്രതീക്ഷിച്ചത് തന്നെ പ്രതികരിച്ചു: 'താങ്കള്‍ ആ പഴയ മൂഢധാരണയില്‍ തന്നെയാണല്ലോ, എന്തൊരു കഷ്ടമാണിത്!' യൂസുഫ് നബി(അ)നെക്കുറിച്ച് അശേഷമെങ്കിലും പ്രതീക്ഷയില്ലാത്ത അവര്‍ ഇങ്ങനെത്തന്നെ പ്രതികരിക്കാനേ ന്യായമുള്ളുവല്ലോ.

എന്നാല്‍ ഏറ്റം ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. യഅ്ഖൂബ് നബിക്കും യൂസുഫ് നബി(അ)ക്കും അല്ലാഹുവിങ്കല്‍ നിന്നുള്ള പരീക്ഷണ ഘട്ടങ്ങള്‍ വന്നുകൊണ്ടിരിക്കുകയായിരുന്നു. തന്റെ അപാരമായ അറിവും നിഗൂഢമായ രഹസ്യങ്ങളുമനുസരിച്ച് പലരെയും പല രീതിയിലായിരിക്കും അല്ലാഹു പരീക്ഷണങ്ങള്‍ക്ക് വിധേയരാക്കുന്നത്. ഓരോന്നിനും അതിന്റേതായ ശൈലിയും സ്വഭാവവും മാധ്യമങ്ങളുമൊക്കെ ഉണ്ടാവുകയും ചെയ്യും. ഇവിടെയും അതൊക്കെ കാണാവുന്നതാണ്. തന്റെ വീട്ടില്‍ നിന്ന് ഏതാനും കിലോമീറ്ററകലെ മാത്രമായിരിക്കാം പണ്ട് യൂസുഫ് നബി(അ) പൊട്ടക്കിണറ്റില്‍ കിടന്നത്. എന്നാല്‍ അന്ന് പിതാവിന് വാസന അനുഭവപ്പെട്ടില്ല. ഇപ്പോഴാകട്ടെ, പതിറ്റാണ്ടുകള്‍ കഴിഞ്ഞ ശേഷം നൂറുകണക്കിന് നാഴികകള്‍ക്കപ്പുറത്ത് നിന്ന് സുഗന്ധം വന്നെത്തുകയും ചെയ്യുന്നു. അല്ലാഹുവിന്റെ സൃഷ്ടി വൈഭവങ്ങളെയും പ്രാപഞ്ചിക പ്രതിഭാസങ്ങളെയും കുറിച്ചു ചിന്തിക്കുന്ന ആര്‍ക്കും ഇത് ഗ്രഹിക്കാവുന്നതേയുള്ളു. 

സുലൈമാന്‍ നബി(അ) കാറ്റില്‍ സഞ്ചരിക്കുമായിരുന്നു; മറ്റു പല പ്രവാചക•ാരും കാല്‍നടയായും കഴുതപ്പുറത്തും കുതിരപ്പുറത്തുമൊക്കെ സഞ്ചരിച്ചു. ധിക്കാരികളായ പല ജനസമൂഹങ്ങളെയും ഭൂകമ്പം, കൊടുങ്കാറ്റ്, ഭീകരശബ്ദം എന്നിവകൊണ്ട് അല്ലാഹു നശിപ്പിച്ചുവെങ്കില്‍ നൂഹ് നബി(അ)ന്റെ കാലത്തെ നിഷേധികളെ നശിപ്പിക്കാന്‍ വ്യാപകമായ വെള്ളപ്പൊക്കമാണുണ്ടായത്. മൂസാ നബി(അ)ന്റെ അനുയായികളെ രക്ഷിച്ചത് കടലായിരുന്നുവെങ്കില്‍ നൂഹ് നബിയുടെ അനുയായികളെ രക്ഷിച്ചത് കപ്പല്‍. അബ്രഹത്തിനെയും ശിങ്കിടികളെയും നയിച്ചത് ആനകളായിരുന്നെങ്കില്‍ സംഹരിച്ചത് കൊച്ചു പറവകള്‍....! ഇങ്ങനെ അനന്തമായി നീളും ആ പട്ടിക. 

 ഈജിപ്തില്‍ നിന്ന് പുറപ്പെട്ട സഹോദരങ്ങള്‍ കന്‍ആനിലെത്തി. യൂസുഫിനെക്കുറിച്ച എല്ലാ ശുഭവൃത്താന്തങ്ങളും മുഅ്ജിസത്തിന്റെ കുപ്പായവും കൊണ്ടുവരുന്ന ആള്‍ കുപ്പായം വന്ദ്യപിതാവിന്റെ മുഖത്ത് വെച്ച്കൊടുത്തു. എന്തൊരദ്ഭുതം! കരഞ്ഞ് കരഞ്ഞ് കണ്ണ്കലങ്ങി കാഴ്ച നഷ്ടപ്പെട്ട അദ്ദേഹത്തിനതാ കാഴ്ച തിരിച്ച് കിട്ടിയിരിക്കുന്നു! 

വിവരങ്ങളറിഞ്ഞപ്പോള്‍ ആ പിതാവ് പ്രസ്താവിച്ചു: ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ലേ മക്കളേ, നിങ്ങള്‍ക്കറിയാത്ത പലതും എനിക്കറിയാമെന്ന്? അല്ലാഹുവിങ്കല്‍ നിന്നാണ് ആ അറിവുകള്‍ എനിക്ക് കിട്ടുന്നത്. അവന്‍ സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാണ്. അത്കൊണ്ട് അവങ്കല്‍ നിന്നുള്ള അറിവുകള്‍ പിഴക്കില്ല. ആ നഗ്നസത്യമാണിപ്പോള്‍ ഇവിടെ പുലര്‍ന്നിട്ടുള്ളത്. 

ആ മക്കള്‍ സ്വപിതാവിന്റെ മുമ്പില്‍ അണിനിരന്നപ്പോഴത്തെ ആ രംഗം ഒന്നോര്‍ത്തു നോക്കൂ....! രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്വന്തം അനുജനെ കൊണ്ട്പോയി മരണ വക്ത്രത്തിലേക്കെറിഞ്ഞ് അവനെ ചെന്നായ പിടിച്ചുവെന്ന് ബോധിപ്പിച്ച ജ്വേഷ്ഠ•ാരുടെ കുറ്റം തെളിഞ്ഞിരിക്കുകയാണ്. തങ്ങള്‍ മഹാഅപരാധമാണ് അന്ന് പ്രവര്‍ത്തിച്ചതെന്ന് അവര്‍ സ്വയം സമ്മതിച്ചു. തങ്ങളുടെ ആ പാതകം പൊറുത്തുകിട്ടുവാനായി അല്ലാഹുവോട് ദുആ ചെയ്യണമെന്നും അവര്‍ പിതാവിനോടപേക്ഷിച്ചു. നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പൊറുക്കാനപേക്ഷിക്കാമെന്നും ആ ഉദാരമനസ്കന്‍ പറഞ്ഞു. പ്രവാചക•ാരുടെ മനസ്സും മസ്തിഷ്കവുമൊക്കെ അനുയായികളോട് അങ്ങേയറ്റം വാത്സല്യനിര്‍ഭരവും ലോലവുമായിരിക്കുമല്ലോ. കുറ്റംചെയ്തവരെ പ്രതികാര മനസ്ഥിതിയോടെ കാണുകയെന്ന സ്വഭാവമേ അവര്‍ക്കുണ്ടാവില്ല. 

സഹോദര•ാരെ കുപ്പായവുമായി പിതാവിങ്കലേക്ക് പറഞ്ഞയച്ചപ്പോള്‍ കുടുംബത്തെയൊന്നടങ്കം ഈജിപ്തിലേക്ക് കൊണ്ടുവരാന്‍ യൂസുഫ് നബി ഏല്‍പിച്ചിരുന്നുവല്ലോ. ഇതിനായി ഇരുന്നൂറു സവാരി മൃഗങ്ങളെയും മറ്റു സാധന സാമഗ്രികളും കൊടുത്തയച്ചിരുന്നതായും മുഫസ്സിറുകള്‍ പറയുന്നുണ്ട്. കന്‍ആനില്‍, കൊടുമ്പിരികൊള്ളുന്ന പട്ടിണിയും അതിരൂക്ഷമായ ദാരിദ്യ്രവുമായിരുന്നല്ലോ. അങ്ങനെ യഅ്ഖൂബ് നബിയും മക്കളും പൌത്രരും കൂട്ടുകുടുംബങ്ങളുമൊക്കെ കന്‍ആനില്‍ നിന്നു പുറപ്പെട്ടു. അവര്‍ നൂറില്‍ താഴെയുണ്ടായിരുന്നു. എഴുപത്തിരണ്ടുപേര്‍ എന്നു നിജപ്പെടുത്തുന്ന നിവേദനം സമഖ്ശരി ഉദ്ധരിച്ചതായും കാണാം. 

സത്യം വെളിച്ചം വീശുന്നു…



തന്റെ പിതാവിന്റെയും സഹോദരങ്ങളുടെയും ദൈന്യതയാര്‍ന്ന ചിത്രം നഗ്നമായി അവതരിപ്പിക്കപ്പെട്ടപ്പോള്‍ യൂസുഫ് നബി(അ)യുടെ മനസ്സ് വിതുമ്പി. ഹൃദയ വിജൃംഭണമുണ്ടായി. തങ്ങള്‍ക്കിടയിലെ 'മറ' ഇനിയൊട്ടും തുടര്‍ന്നു പോകാനാവില്ലെന്നദ്ദേഹത്തിന് ബോധ്യപ്പെട്ടു. താന്‍ ചോദിച്ചു: നിങ്ങള്‍ അവിവേകികളും തന്റേടമില്ലാത്തവരുമായിരുന്ന നാളുകളില്‍ യൂസുഫിനെയും അവന്റെ സഹോദരനെയും എന്തൊക്കെയാണ് ചെയ്തതെന്ന് ഇപ്പോള്‍ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? 

സഹോദരങ്ങള്‍ ഇതികര്‍ത്തവ്യാമൂഢരും അദ്ഭുതസ്തബ്ധരുമായിപ്പോയി! അന്ന് ഞങ്ങള്‍ യൂസുഫിനെ കിണറ്റില്‍ തള്ളി. പക്ഷെ, ഇന്നു വരെ മറ്റൊരു മനുഷ്യന്റെ ചെവിയില്‍ ആ തിക്ത സത്യം എത്തിയിട്ടില്ല. ഇപ്പോഴിതാ നൂറ് കുന്തമുനകളുടെ മൂര്‍ച്ചയുള്ള ചോദ്യശരം തങ്ങളുടെ നേരെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു! ആ തന്റേടമില്ലാത്ത നാളുകളില്‍ യൂസുഫിനെ എന്തുചെയ്തെന്ന് നിങ്ങള്‍ക്കോര്‍മ്മയുണ്ടോ എന്ന്. ഈ ഭൂമിയുടെ ഉപരിതലത്തില്‍ യൂസുഫല്ലാതെ മറ്റാരും ഈ ക്രൂരകൃത്യം തങ്ങള്‍ ചെയ്തതായി അറിയില്ല. അത്കൊണ്ട് ഇത് ആ യൂസുഫ് ആകാനേ ന്യായമുള്ളു. അവര്‍ ചോദിച്ചു: അങ്ങു തന്നെയാണോ യൂസുഫ്?....

അദ്ദേഹം പ്രതികരിച്ചു: 'അതെ, ഞാന്‍ തന്നെയാണ് യൂസുഫ്!' തങ്ങള്‍ പൊട്ടക്കിണറ്റില്‍ തള്ളിയ കൊച്ചു യൂസുഫ്; ഹൃദയഭേദകമാംവിധം കരഞ്ഞുകേണപേക്ഷിച്ചിട്ടും തങ്ങള്‍ വലിച്ചെറിഞ്ഞ യൂസുഫ്; പടുകൂറ്റന്‍ പാറക്കല്ല് പണിപ്പെട്ടു പൊക്കിയെടുത്ത് തങ്ങള്‍ തലയിലേക്ക് വലിച്ചിട്ട യൂസുഫ്; ചെന്നായ കടിച്ചു കൊന്നുവെന്ന് പിതാവിനോട് തങ്ങള്‍ വ്യാജം പറഞ്ഞ യൂസുഫ്! സഹോദരന്‍ ബിന്‍യാമീനെ ചൂണ്ടി അദ്ദേഹം പറഞ്ഞു: ഇത് എന്റെ സഹോദരന്‍ ബിന്‍യാമീനാണ്. അല്ലാഹു ഞങ്ങള്‍ക്ക് ഔദാര്യാനുഗ്രഹങ്ങള്‍ ചെയ്തിരിക്കുന്നു. 

തുടര്‍ന്ന് യൂസുഫ് നബി(അ) അല്ലാഹുവിന്റെ മഹത്തായ പ്രതിഫലത്തെക്കുറിച്ചനുസ്മരിക്കുകയാണ്: ഈ അനുഗ്രഹവും സ്ഥാനമാനങ്ങളും പദവികളുമൊക്കെ അല്ലാഹു കനിഞ്ഞേകിയതാണ്. നിങ്ങളെന്നെ അക്രമിച്ചു; വെറുത്തു; അകാരണമായി മര്‍ദ്ദിച്ചു പരവശനാക്കി; കൊല്ലാനായി പൊട്ടക്കിണറ്റിന്റെ അഗാധതയിലേക്ക് വലിച്ചെറിഞ്ഞു. പക്ഷെ, ഞാന്‍ അതിലൊക്കെ ക്ഷമിച്ചു. അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചു. ജീവിതത്തിലുടനീളം ഞാന്‍ അല്ലാഹുവിനെ ഭയന്നു. അവനെ സൂക്ഷിച്ചു ജീവിച്ചു. അതിന്റെയൊക്കെ ഫലമാണ് ഇക്കാണുന്നത്. ഇങ്ങനെ സൂക്ഷ്മത പാലിക്കുകയും ക്ഷമകൈക്കൊള്ളുകയും ചെയ്യുന്ന പുണ്യവാ•ാരുടെ പ്രതിഫലം അല്ലാഹു പാഴാക്കിക്കളയുന്നതല്ല.

തങ്ങള്‍ ചെയ്തുപോയ മഹാപാതകത്തിന്റെ ആഴവും വ്യാപ്തിയും സഹോദരങ്ങള്‍ക്കു ബോധ്യപ്പെട്ടു. അവര്‍ക്ക് പശ്ചാത്താപ മനഃസ്ഥിതിയുണ്ടായി. അവര്‍ പറഞ്ഞു: 'സഹോദരാ, ഞങ്ങളേക്കാള്‍ ഉന്നതമായ പദവി നല്‍കി സര്‍വ്വശക്തനായ അല്ലാഹു നിന്നെ തെരഞ്ഞെടുത്തിരിക്കുകയാണ്. ഞങ്ങള്‍ ചെയ്തു പോയതൊക്കെ മഹാപാതകം തന്നെ!' ഇന്ന് നിങ്ങളുടെമേല്‍ യാതൊരു പ്രതികാര നടപടിയുമില്ല; അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരട്ടെ-യൂസുഫ് നബി(അ)യുടെ വാക്കുകളാണിത്. 

ഒരു മിനിട്ട് ഒന്ന് ചിന്തിച്ചുനോക്കൂ. വര്‍ണ്ണനാതീതമായ അക്രമ മര്‍ദ്ദന മുറകള്‍ തന്റെ നേരെ നിഷ്കരുണം അഴിച്ചുവിട്ട സഹോദര•ാരാണ് മുമ്പില്‍ ഹാജറായിരിക്കുന്നത്. അവരാകട്ടെ, ഇപ്പോള്‍ സാധാരണക്കാരും താന്‍ രാജാവുമാണ്. തന്റെ രാജ്യത്താണെന്നു മാത്രമല്ല, ദര്‍ബാറില്‍ തന്നെയാണ് ഇപ്പോഴവരുള്ളത്. അവരെ ചൂണ്ടി ഒരാംഗ്യമേ യൂസുഫ് നബി(അ)ക്ക് ആവശ്യമുള്ളു; ജയിലിലോ കഴുമരത്തിലോ അവരെത്തുകയായി. എന്നിട്ടും ആ മഹാന്‍ പറഞ്ഞതിതായിരുന്നു. നിങ്ങളുടെ മേല്‍ പ്രതികാര നടപടിയെടുക്കുന്ന പ്രശ്നമില്ല. എന്നാല്‍ ചെയ്തുപോയ തെറ്റില്‍ നിന്നൊക്കെ നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങണം. അല്ലാഹു ഏറ്റവും വലിയ കരുണാമയനാണ്. ആത്മാര്‍ഥമായി പശ്ചാത്തപിച്ചാല്‍ ഏതു പാപവും അവന്‍ പൊറുത്ത് തരും. അത്കൊണ്ട് നിങ്ങള്‍ അക്കാര്യം ചെയ്യണം.