ഭൂമിയിലെ പ്രഥമ ദേവാലയമാണ് കഅ്ബ. ഇബ്രാഹീം(അ)ന്റെ ശേഷമാണ് ഇത് ജനശ്രദ്ധയാകര്‍ഷിച്ചത്. അതിന് മുമ്പ് മാലാഖമാര്‍ പണിതീര്‍ത്ത് അവരുടെ പ്രദക്ഷിണങ്ങളാല്‍ സാന്ദ്രഗംഭീരമായിരുന്ന ഈ പുണ്യഗേഹത്തിന് നൂഹ്(അ)ന്റെ കാലത്തുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. പില്‍ക്കാലത്ത് ദൈവനിര്‍ദ്ദേശപ്രകാരം അങ്ങകലെ ഇറാഖിലെ ഊറില്‍ നിന്ന് (ഹില്ല) നാടുംവീടും വിട്ട് വിജനമായിക്കിടന്ന മക്കാമരുപ്രദേശത്ത് താമസമുറപ്പിച്ച ഇബ്രാഹീം (അ)ഉം മകന്‍ ഇസ്മാഈല്‍(അ)ഉം തങ്ങളുടെ തൃക്കരങ്ങളാല്‍ കഅ്ബയുടെ പുനര്‍നിര്‍മ്മാണം നടത്തി. ശേഷം പ്രവാചകര്‍(സ്വ)യുടെ ആഗമനത്തിന് തൊട്ട് മുമ്പ് ഖുറൈശികളും ശേഷം അബ്ദുല്ലാഹിബ്നു സുബൈര്‍, ഹജ്ജാജുബ്നു യൂസുഫ് തുടങ്ങിയവരും നേരത്തെയുണ്ടായിരുന്ന അടിത്തറയുടെ മുകളില്‍ ചില അഴിച്ചു പണികള്‍ നടത്തിയിട്ടുണ്ട്.
ലോകത്തുള്ള കോടാനുകോടി മുസ്ലിംകളുടെ എക്കാലത്തെയും സിരാകേന്ദ്രമായ കഅ്ബയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അമ്പരചുംബിയായ ഒരു കനകക്കൊട്ടാരത്തിന്റെ സുമോഹന സ്വപ്നമായിരിക്കും നമ്മുടെ മനസ്സില്‍ തെളിയുന്നത്. എന്നാല്‍ കഅ്ബയുടെ യഥാര്‍ത്ഥ ചിത്രം ഇതില്‍ നിന്നെത്രയോ ഭിന്നമാണ്. രൂപലാവണ്യമോ ശില്‍പ ചാതുര്യമോ ഇല്ലാത്ത, അമൂല്യ രത്നങ്ങളുടെ തിളക്കമോ വെണ്ണക്കല്ലുകളുടെ മിനുക്കമോ കൊത്തുപണികളുടെ വര്‍ണ്ണശബളിമയോ ഇല്ലാതെ ലളിത മനോഹരവും ഭാവഗംഭീരവുമായ ഒരു കൊച്ചുഗേഹം. പച്ചയായ മണ്ണും കല്ലും അടുക്കിവെച്ച് ഏകദേശം പതിനൊന്ന് മീറ്റര്‍ വീതം നീളവും വീതിയുമുള്ള സമചതുരാകൃതിയില്‍ രൂപകല്‍പ്പന ചെയ്യപ്പട്ട എളിയ രൂപം.
ഭൂമിയില്‍ വാസ്തുശില്‍പ കലയുടെ അനശ്വര ദര്‍പ്പണങ്ങളെന്നോണം തലയുയര്‍ത്തി നില്‍ക്കുന്ന ഗോപുരങ്ങളും രമ്യഹര്‍മ്യങ്ങളും മനം കവരുന്ന ടൂറിസ്റ് കേന്ദ്രങ്ങളുമുണ്ട്. എന്നിട്ടും എന്തുകൊണ്ട് നയന മനോഹരമായ നിര്‍മ്മാണ ഭംഗിയോ പ്രകൃതിരമണീയമായ പശ്ചാതലമോ ഇല്ലാത്ത വരണ്ടുണങ്ങിയ ഒരു മരുപ്രദേശത്ത് കുടികൊള്ളുന്ന കഅ്ബക്കിത്ര വലിയ സവിശേഷത. ലോകസ്രഷ്ടാവായ അല്ലാഹു മനുഷ്യരോടതിനെ ആദരിക്കാന്‍ കല്‍പ്പിച്ചപ്പോള്‍ മനുഷ്യനതനുസരിക്കാന്‍ സന്നദ്ധമായി എന്നതാണിതിനു കാരണം. അതുകൊണ്ട് തന്നെ കഅ്ബയോടോ ഹജറുല്‍ അസ്വദിനോടോ (കറുത്ത ശില) ഉള്ള ബഹുമാനത്തില്‍ തൌഹീദിന് യാതൊരു കളങ്കവുമേല്‍ക്കുന്നില്ല. മറിച്ചതിന് മാറ്റുകൂടുകയാണ് ചെയ്യുന്നത്. അവക്കൊന്നും സ്വമേധയാ യാതൊരു സ്ഥാനവുമില്ല.
ദൈവ കല്‍പ്പന പ്രകാരം കഅ്ബയുടെ പണി പൂര്‍ത്തിയാക്കിയ ശേഷം ഇബ്രാഹീം(അ)നോട് വീണ്ടും കല്‍പ്പിക്കപ്പെട്ടു. "ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ത്ഥാടനത്തെക്കുറിച്ച് വിളംബരം നടത്തുക. നടന്നു കൊണ്ടും വിദൂരമായ സകല മലമ്പാതകളിലൂടെയും എല്ലാവിധ മെലിഞ്ഞ ഒട്ടകങ്ങളുടെ (മികവുറ്റ വാഹനം) പുറത്ത് കയറിയും അവര്‍ നിന്റെയടുത്തെത്തും'' (ഖു: 22:27). നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇബ്രാഹീം (അ)ന്റെ ആന്തരാത്മാവില്‍ നിന്നുയര്‍ന്ന ഈ വിളിയുടെ ശബ്ദവീചികള്‍ ശ്രവിച്ചുകൊണ്ടാണ് ഇന്നും ജനലക്ഷങ്ങള്‍ കഅ്ബയിലേക്കൊഴുകികൊണ്ടിരിക്കുന്നത്. ജൂതരും ക്രൈസ്തവരും ഒരേ സമയം ഇബ്രാഹീ(അ)മില്‍ തങ്ങളുടെ നായകത്വമാരോപിക്കുമ്പോള്‍ ഖുര്‍ആന്‍ തുറന്നു പറയുന്നു: "ഇബ്രാഹീം യഹൂദനോ ക്രിസ്ത്യാനിയോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം ഋജുമാനസനും കീഴ്പ്പെട്ടവനു(മുസ്ലിം)മായിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍ പെട്ടവരായിരുന്നില്ല. നിശ്ചയം ഇബ്രാഹീമിനോട് ജനങ്ങളിലേറ്റവും അടുത്തവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരും ഈ പ്രവാചകനും അദ്ദേഹത്തില്‍ വിശ്വസിച്ചവരുമാകുന്നു.'' (ഖു: 3:67, 68) ജൂതമതവും ക്രൈസ്തവതയും ഇബ്രാഹീം(അ)ന് ശേഷം വന്നവയാണ്.
ചരിത്രപുരുഷനായ ഇബ്രാഹീം(അ)ന്റെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ തങ്ങളാണെന്ന് സ്ഥിരപ്പെടുത്തുംവിധം അദ്ദേഹത്തിന്റെ അനശ്വര സ്മരണകള്‍ക്ക് ജീവന്‍ പകരുന്ന പ്രവര്‍ത്തനക്രമങ്ങളാണ് ഹജ്ജില്‍ ഉള്‍പെട്ടിരിക്കുന്നത്. തൌഹീദിന്റെ പ്രചാരണത്തിനു വേണ്ടി അങ്ങകലെ ഇറാഖില്‍ നിന്നും മലകളും മരുഭൂമികളും താണ്ടി മക്കയിലെത്തിച്ചേര്‍ന്നതുപോലെ സത്യവിശ്വാസികളും സ്വന്തം നാടും കുടുംബവും വെടിഞ്ഞ് ഹജ്ജിന് വേണ്ടി മക്കയിലെത്തുന്നു. ഇബ്രാഹീം(അ) പണിതീര്‍ത്ത കഅ്ബയിലേക്കാകാംശപൂര്‍വ്വം ഉറ്റു നോക്കിക്കൊണ്ടതിന് പ്രദക്ഷിണം ചെയ്യുന്നു. അദ്ദേഹത്തിന്റെ തൃപ്പാദങ്ങള്‍പതിഞ്ഞിടത്ത് അല്ലാഹുവിനു വേണ്ടി നിസ്കരിക്കുന്നു. ഒരു തുള്ളിവെള്ളത്തിന് വേണ്ടി സ്വഫ, മര്‍വ എന്നീ കുന്നുകള്‍ക്കിടെ നെട്ടോടമോടിയ ഇബ്രാഹീം(അ)ന്റെ ഭാര്യയുടെ ഈ ത്യാഗസ്മരണയെ അനുസ്മരിപ്പിച്ചു കൊണ്ട് ഹജ്ജ് ചെയ്യുന്നവന്‍ ഈ കുന്നുകള്‍ക്കിടയില്‍ ഏഴു പ്രാവശ്യം ഓടുന്നു. സല്‍ക്കര്‍മങ്ങളില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ തുനിഞ്ഞ പിശാചിനെ കല്ലെടുത്തെറിഞ്ഞ ഇബ്രാഹീം(അ)നെ പിന്തുടര്‍ന്ന് സത്യവിശ്വാസികളും ഏറ് തുടരുന്നു. ഇങ്ങനെ ഒട്ടുമിക്ക കര്‍മങ്ങളിലൂടെയും ഇബ്രാഹീം (അ)ന്റെ കുടുംബപശ്ചാത്തലമാണയവിറക്കപ്പെടുന്നത്.
ഇബ്രാഹീം(അ)നെ അങ്ങേയറ്റം ആദരിച്ച തന്റെ പിന്‍ഗാമികളും മറ്റു സമീപവാസികളും അദ്ദേഹത്തില്‍ നിന്നുപകര്‍ന്നു കിട്ടിയ വിശ്വാസങ്ങളും അനുഷ്ഠാനമുറകളും കളങ്കമേല്‍ക്കാതെ കാത്തു സൂക്ഷിച്ചു. കഅ്ബയെ വലിയ ബഹുമാനത്തോടെയാണവര്‍ നോക്കിക്കണ്ടത്. പ്രവാചകത്വ നിയോഗത്തിന്റെ ദീര്‍ഘകാല ഇടവേള അവരില്‍ പല അനാചാരങ്ങളും കടന്നുവരാന്‍ വഴിതുറന്നു. പില്‍ക്കാലത്ത് സിറിയയുമായി കച്ചവട ബന്ധം പുലര്‍ത്തിപ്പോന്ന അംറുബ്നു ലുഅയ്യ് വിഗ്രഹങ്ങളെ ഇറക്കുമതി ചെയ്തത് കൌതുകത്തോടെ കഅ്ബയില്‍ പ്രതിഷ്ഠിച്ചു. അവരുടെ ആചാരങ്ങളുടെ അടിത്തറ നഷ്ടപ്പെട്ടു. ആചാരങ്ങളില്‍ പല വ്യതിയാനങ്ങളും സംഭവിച്ചു. എന്നിരുന്നാലും കഅ്ബയെ വലിയ ബഹുമാനത്തോടുകൂടിത്തന്നെയാണ് ജനങ്ങള്‍ വീക്ഷിച്ചത്.
നബി(സ്വ)യുടെ ആഗമനത്തിന് വര്‍ഷങ്ങള്‍ക്കു മുമ്പ് കഅ്ബയുടെ ജനസമ്മതിയില്‍ അസൂയപൂണ്ട യമനിലെ അബ്റഹത്ത് എന്നയാള്‍ ഒരു സമാന്തരഗേഹം പണിതു. പ്രതീക്ഷിച്ച നേട്ടം കൈവരാതെ വന്നപ്പോള്‍ അയാള്‍ ഗജവീരന്മാരടങ്ങുന്ന ഒരു വന്‍ സൈനിക സന്നാഹവുമായി കഅ്ബ പൊളിക്കാന്‍ പുറപ്പെട്ടു. എന്നാല്‍ മക്കയോടടുക്കുന്നതോടെ വാനലോകത്ത് നിന്ന് ഒരുതരം പക്ഷികള്‍ വന്ന് അവര്‍ക്കു മുകളില്‍ മാരകശേഷിയുള്ള ശിലകള്‍ വര്‍ഷിച്ച് വിരട്ടിയോടിച്ചു. പ്രതിരോധിക്കാനാവാതെ ഒളിത്താവളങ്ങളിലണഞ്ഞ മക്കാനിവാസികളില്‍ ഈ സംഭവം കഅ്ബയോടുള്ള ബഹുമാനം പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചു
No comments:
Post a Comment