17 January 2012

തിരുപ്പിറവി


കാലപ്രവാഹത്തില്‍ ഒരിക്കല്‍ കൂടി കടന്നുവരാനിരിക്കുകയാണ് പരിശുദ്ധ പ്രവാചകരുടെ തിരുപ്പിറവിയുടെ അനുഗ്രഹീത നിമിഷം. മാനവിക ചരിത്രത്തില്‍ എവിടെയോ കൈമോശം വന്നുപോയ ജീവിതം അതിന്റെ തിളക്കം വീണ്ടെടുത്ത യുഗത്തിന്റെ സമാരംഭമായിരുന്നു ഒരു റബീഉല്‍ അവ്വലില്‍ പ്രവാചകരുടെ തിരുപ്പിറവിയോടെ സംഭവിച്ചത്. അതിനാല്‍ ഓരോ റബീഉല്‍ അവ്വലിലും പ്രവാചകരുടെ അപദാന കീര്‍ത്തനങ്ങളാല്‍ ആഗോള മുസ്ലിം മനസ്സ് ഊഷരതയില്‍ നിന്ന് ഊര്‍വരതയിലേക്കും മരുപ്പറമ്പില്‍ നിന്ന് മരുപ്പച്ചയിലേക്കും സഞ്ചരിച്ചു കൊണ്ടിരിക്കും.
അല്ലാഹു അല്ലാത്ത ആരാധ്യവസ്തുക്കളുടെ അടിമത്വത്തില്‍ നിന്ന് മനുഷ്യരാശിയെ മോചിപ്പിച്ച, അധര്‍മ്മത്തില്‍ നിന്ന് ധര്‍മ്മത്തിലേക്കും അവിശ്വാസത്തില്‍ നിന്ന് വിശ്വാസത്തിലേക്കും ബഹുദൈവാരാധനയില്‍ നിന്ന് ഏകദൈവാരാധനയിലേക്കും മനുഷ്യകുലത്തെ വഴിനടത്തിയ ഉന്നത വ്യക്തിത്വത്തിന്റെ ഉടമയായ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യെ മുസ്ലിം ലോകം പ്രകീര്‍ത്തിച്ചുകൊണ്ടേയിരിക്കും.
ഈ അനുഗ്രഹീത പ്രവാചകന്റെ ഉമ്മത്തിലെ ഒരംഗമാവുക എന്ന സൌഭാഗ്യത്തിനു നന്ദി രേഖപ്പെടുത്തുന്നതിനും പ്രവാചകരോടുള്ള സ്നേഹവും ആദരവും വരച്ചുകാണിക്കുന്നതിനുമായി ആഗോള മുസ്ലിം സമൂഹം ചെയ്തുവരുന്ന നിരവധി മാര്‍ഗങ്ങളില്‍ ഒന്നാണ് പ്രവാചക പ്രകീര്‍ത്തനം. പ്രകീര്‍ത്തനത്തിനായി കേരളജനത വ്യാപകമായി ഉപയോഗിക്കുന്നത് മൌലിദ് പാരായണമാണ്. മുഹമ്മദ് നബി(സ്വ) ജീവിതത്തിന്റെ വിവിധ മേഖലകളെയും അനുപമമായ അവിടുത്തെ സ്വഭാവത്തെയും ഗദ്യപദ്യ ശൈലികളിലൂടെ വിശദീകരിച്ചുകൊണ്ട് നടത്തുന്ന മൌലിദ് പാരായണം തന്നെയാണ് റബീഉല്‍ അവ്വലില്‍ നാം അനുഷ്ടിക്കുന്ന സവിശേഷ കര്‍മ്മം. നാട്ടിലെ കാരണവന്‍മാരും സ്ത്രീകളും കുട്ടികളും മൌലിദിന്റെ ഈരടികള്‍ മനസ്സില്‍ നിന്ന് നിശ്പ്രയാസം ഓര്‍ത്തെടുത്ത് ചൊല്ലുമ്പോള്‍ തെളിഞ്ഞുവരുന്ന നമ്മുടെ മഹിതമായ പാരമ്പര്യത്തെ അജ്ഞതയായി ചിത്രീകകരിക്കാന്‍ ചിലര്‍ പെടാപാട് പെടുന്നത് വര്‍ത്തമാന കാലത്തിന്റെ ശാപമായിത്തുടരുകയാണ്.
നബിദിനാഘോഷം അനാചാരം, നബിദിനം അനിസ്ലാമികം, മൌലിദ് പാരായണം ശിര്‍ക്ക് തുടങ്ങിയ നിരര്‍ത്ഥകവും വാസ്തവ വിരുദ്ധവുമായ കുപ്രചരണങ്ങളുമായി ഓരോ റബീഇലും അവര്‍ സാന്നിധ്യമറിയിക്കുന്നതും പതിവാണ്. മൌലിദും നബിദിനാഘോഷവും അനിസ്ലാമികമാണെന്ന തെറ്റായ സന്ദേശം മുസ്ലിം മനസ്സുകള്‍ക്ക് കൈമാറുന്നതിനായി അവ ഇസ്ലാമികമാണെന്ന് തെളിയിച്ചാക്കാന്‍ വെല്ലുവിളികള്‍ നടത്തിയും ഇനാം പ്രഖ്യാപിച്ചും പാരമ്പര്യവിരോധികള്‍ റബീഇന്റെ സുന്ദരാന്തരീക്ഷത്തെ മലിനമാക്കാന്‍ ശ്രമിക്കാറുണ്ട്. മൌലിദിന്റെയും പ്രവാചക പ്രകീര്‍ത്തനത്തിന്റെയും പ്രാമാണികത വരച്ചുകാട്ടാനുള്ള ഒരു എളിയശ്രമം നടത്തുകയാണിവിടെ.

മൌലിദ്
ഗദ്യമായോ പദ്യമായോ ഗദ്യപദ്യ സമ്മിശ്രമായോ നടത്തപ്പെടുന്ന പ്രവാചക പ്രകീര്‍ത്തനമാണ് മൌലിദ് കൊണ്ട് വിവക്ഷക്കപ്പെടുന്നത്. മൌലിദ് സുപ്രസിദ്ധ പണ്ഡിതന്‍ അല്ലാമ സുയൂഥി (റ) നല്‍കുന്ന നിര്‍വചനം ഇങ്ങനെയാണ്. പുണ്യറസൂലി(സ്വ)ന്റെ തിരുപ്പിറവിയെക്കുറിച്ചും ആ പുണ്യവേളയില്‍ വെളിപ്പെട്ട അസാധാരണ സംഭവങ്ങളെക്കുറിച്ചും ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളും പാരായണം ചെയ്യുവാനായി ജനം ഒരുമിച്ചുകൂടുകയും അതിനെത്തുടര്‍ന്ന് ആവര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുന്ന പ്രക്രിയയാണ് മൌലിദ് പാരായണം. മൌലിദ് പാരായണം പ്രതിഫലം ലഭിക്കുന്ന നല്ല ബിദ്അത്ത് ആണ്. (ഹാവി ലില്‍ ഫതാവാ189)
ഇന്ന് സുപരിചിതമായ രീതിയില്‍ മൌലിദ് ഗ്രന്ഥങ്ങള്‍ ഹിജ്റയുടെ ആദ്യ നൂറ്റാണ്ടില്‍ തന്നെ വിരചിതമായിരുന്നില്ലെങ്കിലും പ്രവാചക പ്രകീര്‍ത്തനങ്ങള്‍ നടത്തിയതിനു തെളിവുകള്‍ ധാരാളമുണ്ട്. വിശുദ്ധ ഹദീസ് ഗ്രന്ഥങ്ങളും സ്വഹാബികളുടെയും താബിഉകളുടെയും ചരിത്രങ്ങളും ഈ യാഥാര്‍ത്ഥ്യത്തിന്റെ ജീവിക്കുന്ന തെളിവുകളാണ്. അവ പിന്നീട് വിശദീകരിക്കുന്നതാണ്.

ബിദ്അത്ത്
മുന്‍മാതൃകകളില്ലാത്ത പുതിയ കാര്യമെന്നാണ് ബിദ്അത്തിന്റെ ഭാഷാര്‍ത്ഥം. (ശറഹുമുസ്ലിം) മതത്തിനകത്തോ അല്ലാതെയോ പുതിയതായി എന്തുണ്ടായാലും അതിന് ഈ അര്‍ത്ഥപ്രകാരം ബിദ്അത്ത് എന്നു പറയാം. ചുരുക്കത്തില്‍ നന്മയോ തിന്മയോ ആവട്ടെ, നല്ലതോ ചീത്തയോ ആവട്ടെ, പുതുതായി രൂപപ്പെട്ടവയെല്ലാം ഭാഷാടിസ്ഥാനത്തില്‍ ബിദ്അത്തിന്റെ കൂട്ടത്തില്‍ പെടുന്നു. സാങ്കേതികാര്‍ത്തത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ബിദ്അത്ത് രണ്ട് ഇനങ്ങളായിത്തീരും.
1 അനുകരണീയ ബിദ്അത്ത് (നല്ല ബിദ്അത്ത്)
2 ഹീനമായ ബിദ്അത്ത് (ചീത്ത ബിദ്അത്ത്)
ശറഇന്റെ പ്രമാണങ്ങളായ ഖുര്‍ആന്‍ ശരീഫിലും ഹദീസിലും നിരോധിക്കപ്പെട്ട ബിദ്അത്ത് മേലുദ്ധരിച്ച രണ്ടാം ഇനത്തില്‍ പെട്ടവയാണ്. അവ മുഴുവന്‍ സമൂഹത്തില്‍ നിന്ന് എടുത്തറിയപ്പെടേണ്ടതുമാണ്. അല്ലാത്തവ, അതായത് ശറഈ പ്രമാണങ്ങള്‍ക്ക് എതിരല്ലാത്ത ബിദ്അത്ത് നല്ല ബിദ്അത്താണ്. ഖുര്‍ആന്‍, ഹദീസ്, അസര്‍, ഇജ്മാഅ് (മുസ്ലിം പണ്ഡിതന്‍മാരുടെ ഏകോപനം) എന്നിവക്ക് എതിരായി വരുന്ന ബിദ്അത്ത് മാര്‍ഗ ഭ്രംശവും അവക്ക് വിരുദ്ധമല്ലാത്ത നല്ലവ സ്വീകാര്യ യോഗ്യമാണെ (ഇന്‍സാനുല്‍ ഉയൂന്‍84)ന്നും ഇമാം ശാഫിഈ(റ) പ്രസ്താവിച്ചിരിക്കുന്നു. സമാനമായ കാഴ്ചപ്പാടു തന്നെയാണ് ബിദ്അത്ത് സംബന്ധിയായി ഇമാം നവവി(റ), ഖാളി ഇയാള്(റ), ഇസ്സുബിന്‍ അബ്ദുസ്സലാം(റ), അല്‍ ഹാഫിള് ഇബ്നുല്‍ അഥീര്‍(റ) തുടങ്ങിയ മതപണ്ഡിതന്‍മാര്‍ മുന്നോട്ടു വെക്കുന്നത്.
മുന്‍മാതൃകയില്ലാത്ത പുതിയ കാര്യങ്ങള്‍ മാര്‍ഗഭ്രംശമാണ് എന്ന തിരുവചനം വിശദീകരിച്ചു കൊണ്ട് സുപ്രസിദ്ധ പണ്ഡിതന്‍ ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി(റ) എഴുതുന്നു. മുഹ്ദസാത്ത് എന്നത് മുഹ്ദസതിന്റെ ബഹുവചനമാണ്. ശറഇല്‍ അടിസ്ഥാനമില്ലാതെ പുതുതായി ആവിഷ്കരിച്ചതാണ് അത് കൊണ്ടുള്ള ഉദ്ദേശം. ശറഈ വീക്ഷണത്തില്‍ അതിന് ബിദ്അത്ത് എന്ന് പറയാം. ശറഅ് അറിയിക്കുന്ന അസ്വ്ല് ഉള്ളവയൊന്നും ബിദ്അത്ത് അല്ല. (ഫത്ഹുല്‍ ബാരി13/253)
ചുരുക്കത്തില്‍ ബിദ്അത്ത് എന്നാല്‍ പുതുതായി രൂപം കൊണ്ടവയാണ്. അത് ശറഇല്‍ അടിസ്ഥാനമില്ലാത്തതാകുമ്പോള്‍ സാങ്കേതികാര്‍ത്ഥ പ്രകാരമുള്ള ഹീനമായ (ചീത്തയായ) ബിദ്അത്ത് ആകുന്നു. അടിസ്ഥാനമുണ്ടെങ്കില്‍ ബിദ്അത്ത് അല്ല.
ഇന്ന് വ്യാപകമായി കണ്ട് വരുന്ന മൌലിദും മൌലിദാഘോഷവും അതുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന മറ്റുപരിപാടികളും മുഹമ്മദ് നബി(സ്വ)യുടെ കാലത്ത് ഉണ്ടായിരുന്നില്ല എന്നതിനാല്‍ ഭാഷാര്‍ത്ഥത്തില്‍ അവ ബിദ്അത്ത് ആണ്. മൌലിദും നബിദിനാഘോഷവും ഒരു നിലക്കും മതപ്രമാണങ്ങളോട് എതിരാകുന്നില്ല എന്നതിനാല്‍ അവ ശാഫഈ വീക്ഷണത്തില്‍ ചീത്തയായ ബിദ്അത്ത് ആകുന്നില്ല. പ്രസ്തുത പരിപാടികളില്‍ പ്രധാനമായി നടത്തപ്പെടുന്ന ചടങ്ങ് പ്രവാചക പ്രകീര്‍ത്തനം, മൌലിദ് പാരയണം, അന്നദാനം തുടങ്ങി ശറഅ് അംഗീകരിക്കുന്ന കാര്യങ്ങളാണ്.
ബിദ്അത്തിന്റെ അപാകതയും ഭീകരതയും വരച്ചുകാട്ടാന്‍ സാധാരണ ഉപയോഗിക്കപ്പെടുന്ന ഹദീസ് ഇതാണ്. ജാബിര്‍ ബിന്‍ അബ്ദുല്ലാ(റ)യില്‍ നിന്ന് നിവേദനം, തിരുദൂതര്‍ (സ്വ) പറയുന്നു: .... ഏറ്റവും മോശപ്പെട്ട കാര്യങ്ങള്‍ പുതുതായി ഉണ്ടാക്കപ്പെട്ടതാണ്. എല്ലാ പുതുതായി ഉണ്ടാക്കപ്പെട്ടതും പിഴച്ചതാണ്. (മുസ്ലിം)
തിരുദൂതര്‍ (സ്വ)യുടെ കാലത്തില്ലാത്ത പുതുതായി ഉണ്ടായവയും വൈജ്ഞാനികവും കര്‍മ്മശാസ്ത്രപരവുമായ എല്ലാ പുതുതായി ഉണ്ടായവയും ശറഇന്റെ വീക്ഷണത്തില്‍ ചീത്തയായ ബിദ്അത്ത് ആണെന്ന് ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ പറയുന്നത് യുക്തിയല്ല. കാരണം, അങ്ങനെയാണെങ്കില്‍ നാമിന്ന് കാണുന്ന പഠന രീതിയും സര്‍ട്ടിഫിക്കറ്റ് വിതരണവും സനദ്ദാനവും സാങ്കേതിക വിദ്യ ഉപയോഗിച്ച് രമ്യഹര്‍മ്മങ്ങള്‍ നിര്‍മിക്കുന്നതും ചീത്തയായ ബിദ്അത്ത് ആവേണ്ടതല്ലേ?. ഒരിക്കലും അവ അങ്ങനെയല്ലല്ലോ. എന്നാല്‍ ഉപര്യുക്ത ഹദീസ് സൂചിപ്പിക്കുന്ന പുതുതായി നിര്‍മ്മിക്കപ്പെട്ട കാര്യങ്ങള്‍ ശറഇല്‍ അടിസ്ഥാനമില്ലാത്തവയാണെന്നും വ്യക്തമാണ്.
എല്ലാ പുതുതായി ഉണ്ടാക്കപ്പെട്ടതും കുല്ലു ബിദ്അതിന്‍ പിഴച്ചതാണ് എന്ന തിരുമേനി(സ്വ) വ്യക്തമാക്കിയതാണല്ലോ, അതിനാല്‍ കുല്ല് എന്ന സമഗ്ര വാചകത്തില്‍ നിന്ന് ചില ബിദ്അത്തുകളെ മാറ്റി നിര്‍ത്താമോ എന്ന് ചില മുബ്തദീഈങ്ങള്‍ (പുത്തനാശയക്കാര്‍) സംശയം ജനിപ്പിക്കാറുണ്ട്. അവര്‍ക്ക് അവരുടെ പ്രിയനേതാവായ ഇബ്നു തൈമിയ്യ നല്‍കുന്ന മറുപടി ഇങ്ങനെയാണ്.
ഇബ്നു തൈമിയ്യ പറയുന്നു: എല്ലാ പുതുതായി ഉണ്ടാക്കപ്പെട്ടതും പിഴച്ചതാണ് എന്ന സമഗ്ര വാചകത്തില്‍ നിന്നും ചില ബിദ്അത്തിനെ മാറ്റി നിര്‍ത്താമോ എന്നതിന് രണ്ട് രൂപത്തില്‍ മറുപടി പറയാം. ഒന്ന്, നല്ലതാണെന്ന് സ്ഥിരപ്പെട്ടവ ബിദ്അത്ത് അല്ല. അപ്പോള്‍ മേല്‍ ഹദീസിന്റെ സമഗ്രത സുരക്ഷിതമായിരിക്കുമല്ലോ. രണ്ട്, നല്ല ബിദ്അത്ത് മേല്‍ ഹദീസിലെ പൊതുനിയമത്തില്‍ നിന്ന് വിരുദ്ധമായി വേര്‍പെട്ടതാണ്. ഇത്തരും പൊതുനിയമം മാറ്റിനിര്‍ത്തിയവയില്ലാല്ലത്തതിലാണല്ലോ തെളിവാകുക. (ഇഖ്തിളാഅ്2/88)
മൌലിദും നബിദിനാഘോഷവും ഹിജ്റയുടെ ആദ്യ നൂറ്റാണ്ടുകളില്‍ ഇല്ലാത്തതാണെന്ന് വാദിച്ച് അവ അനിസ്ലാമികമാണെന്ന് വരുത്തി വെക്കാന്‍ ശ്രമിക്കുന്നവര്‍ തങ്ങളുടെ അജ്ഞതയും വിവരക്കേടും അംഗീകരിക്കുകയാണ് ചെയ്യുന്നത്. പ്രവാചക പ്രകീര്‍ത്തനമായ മൌലിദ് മതപ്രമാണങ്ങള്‍ക്ക് വിരുദ്ധമല്ലാത്തതിനാല്‍ അവയെ ചീത്ത ബിദ്അത്ത് ആയി കാണുന്നത് മതവീക്ഷണത്തില്‍ കടുത്ത തെറ്റ് ആണ്. 

പ്രവാചക പ്രകീര്‍ത്തനം മതപ്രമാണങ്ങളില്‍
വിശുദ്ധ ഖുര്‍ആനും ഹദീസ് ശരീഫും പുണ്യ പ്രവാചകരെ പ്രകീര്‍ത്തിക്കുന്നതായി കണ്ടെത്താവുന്നതാണ്. ഒട്ടേറെ ഗ്രന്ഥങ്ങളും പ്രഭാഷണങ്ങളും പുണ്യപ്രവാചക(സ്വ)നെ പ്രശംസിക്കുന്നതായും നാം കാണാറുണ്ട്. അതെല്ലാം മത വിരുദ്ധമാണെന്നോ മദ്ഹുന്നബി ആവശ്യമില്ലെന്നോ യാഥാര്‍ത്ഥ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ബുദ്ധിയുള്ള ഒരാളും പറയില്ല, പറയാന്‍ സാധ്യമല്ല. മദ്ഹുര്‍റസൂലിന്റെ വികസിത രൂപമാണ് മൌലിദും മൌലിദാഘോഷവും.
തിരുനബി(സ്വ)യെ പ്രകീര്‍ത്തിച്ചും പ്രകീര്‍ത്തിക്കാന്‍ പ്രേരണ നല്‍കിയും അവതരിക്കുപ്പെട്ട ചില ഖുര്‍ആനിക വചനങ്ങള്‍ താഴെ ചേര്‍ക്കുന്നു.
1 ഓ ജനങ്ങളേ, നിങ്ങങ്ങളുടെ നാഥന്റെ പക്കല്‍ നിന്നുള്ള സദുപദേശവും ഹൃദയരോഗങ്ങള്‍ക്കുള്ള ശമനൌഷധവും മാര്‍ഗ നിര്‍ദ്ദേശവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നുകിട്ടിയിരിക്കുന്നു. പറയുക, അതൊക്കെയും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും കൊണ്ട് മാത്രമാവുന്നു. അത് കൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാകുന്നു അവര്‍ ശേഖരിച്ചു വെക്കുന്നതിനേക്കാള്‍ ഉത്തമമായിട്ടുള്ളത്. (10/5758)
നിങ്ങള്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹം എത്തിയിരിക്കുന്നു എന്നു പറഞ്ഞ അല്ലാഹു തന്നെ തിരുനബി(സ്വ)യാണ് അനുഗ്രഹമെന്ന് മറ്റൊരിടത്ത് വിശദീകരിക്കുന്നുണ്ട്. പ്രവാചകരേ, ലോകര്‍ക്ക് അനുഗ്രമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല. (അമ്പിയാഅ്107) ഈ രണ്ട് സൂക്തങ്ങളും പുണ്യറസൂലിന്റ പ്രകീര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെയും തിരുപ്പിറവിയില്‍ സന്തോഷം പ്രകടിപ്പിക്കേണ്ടതിന്റെയും ആധികാരികത വരച്ചു കാട്ടുകയാണ്.
2 നിങ്ങളില്‍ നിന്ന് തന്നെയുള്ള നിങ്ങള്‍ക്ക് ഭവിക്കുന്ന ബുദ്ധിമുട്ട് പ്രയാസകരമായി കാണുകയും നിങ്ങളുടെ വിശ്വാസത്തിനുമേല്‍ അതിയായി താല്‍പര്യം വെക്കുകയും സത്യവിശ്വാസികളോട് കരുണയും ആര്‍ദ്രതയും കാണിക്കുകയും ചെയ്യുന്ന ഒരു പ്രവാചകന്‍ നിങ്ങള്‍ക്ക് വന്നിരിക്കുന്നു. (9/128)
3 അവരില്‍ നിന്ന് തന്നെയുള്ള ഒരു പ്രവാചകനെ അയച്ച്കൊണ്ട് വിശ്വാസികളുടെ മേല്‍ അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു. (3/164)
4 നാം താങ്കളെ (സത്യ)സാക്ഷിയും (വിശ്വാസികള്‍ക്ക്) സന്തോഷ വാര്‍ത്ത അറിയിക്കുന്നവനും (അവിശ്വാസികള്‍ക്ക്) മുന്നറിയിപ്പുകാരനുമായാണ് അയച്ചിരിക്കുന്നത്. അപ്രകാരം തന്നെ അല്ലാഹുവിലേക്ക് അവന്റെ സമ്മത പ്രകാരം (ജനങ്ങളെ) ക്ഷണിക്കുന്നവരുമായിരിക്കുന്നു. (33/4546)
ഇങ്ങനെ നിരവധി സൂക്തങ്ങള്‍ തിരുമേനിയെ സ്പഷ്ടമായിത്തന്നെ പ്രകീര്‍ത്തിക്കുന്നത് കണ്ടെത്താന്‍ കഴിയും. സമാന പ്രകീര്‍ത്തനങ്ങളും മദ്ഹുന്നബിയും ഹദീസിലും സുലഭമാണ്.
ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, ഏതാനും സ്വഹാബികള്‍ പ്രവാചകനെ പ്രതീക്ഷിച്ചിരുന്നു. അവരുടെയടുത്തേക്കു കടന്നുവന്ന നബി(സ്വ) അവരെ ശ്രദ്ധിച്ചു കേട്ടു. ചിലര്‍ ഇബ്രാഹീം നബി(അ)യെക്കുറിച്ച് സംസാരിക്കുന്നു. മറ്റുചിലര്‍ മൂസാ നബി(അ)യെ വാഴ്ത്തി സംസാരിക്കുന്നു. വേറെ ചിലര്‍ ഈസാ നബി(അ)യെക്കുറിച്ചും ആദം നബി(അ)യെ സംബന്ധിച്ചും സംസാരിക്കുന്നു.
അവരോട് സലാം പറഞ്ഞ ശേഷം റസൂല്‍(സ്വ) പറഞ്ഞു: മുന്‍കാല പ്രവാചകന്മാരെക്കുറിച്ച് നിങ്ങള്‍ പറഞ്ഞതെല്ലാം വസ്തുതകളാണ്. അറിയുക, ഞാന്‍ അല്ലാഹുവിന്റെ ഹബീബാണ്. ഞാനാണ് അന്ത്യനാളില്‍ ലിവാഉല്‍ ഹംദിന്റെ വാഹകന്‍. ഞാനാണ് ആദ്യമായി സ്വര്‍ഗത്തില്‍ പ്രവേശിക്കുക. എന്റെ കൂടെ അപ്പോള്‍ സത്യവിശ്വാസികളിലെ ദരിദ്രരായ നിരവധി പേരുണ്ടാകും. മൊത്തം മനുഷ്യരില്‍ അത്യുത്തമന്‍ ഞാന്‍ തന്നെയാണ്. ഇത്രയും പറഞ്ഞത് ദുരഭിമാനം കൊണ്ടല്ല. (തിര്‍മുദി, ദാരിമി)
ഈ ഹദീസിലെന്ന പോലെ തിരുനബി(സ്വ)യുടെ മഹത്വം വര്‍ണിക്കുന്ന മറ്റൊരു ഹദീസ് ഇങ്ങനെയാണ്. നിശ്ചയം അബ്ബാസ്(റ) തിരുനബി(സ്വ)യുടെ സവിധത്തില്‍ വന്നു. തത്സമയം പ്രവാചകന്‍ പ്രസംഗപീഠത്തില്‍ കയറി നിന്നുകൊണ്ട് ചോദിച്ചു: ഞാനാരാണ്?  സ്വഹാബികള്‍ പ്രതികരിച്ചു. അങ്ങ് അല്ലാഹുവിന്റെ ദൂതരാണ്. അവന്റെ രക്ഷ അങ്ങയുടെ മേല്‍ സദാവര്‍ഷിക്കട്ടെ. (ഇതുകേട്ട്) റസൂല്‍(സ്വ) പറഞ്ഞു: ഞാന്‍ അബ്ദുല്‍ മുത്വലിബ് മകന്‍ അബ്ദുല്ലാ മകന്‍ മുഹമ്മദ് ആണ്. അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചപ്പോള്‍ എന്നെ അവരില്‍ അത്യുത്തമനാക്കി. പിന്നെ അവരെ അവന്‍ രണ്ട് ചേരി(ഫിര്‍ഖത്)കളാക്കിയപ്പോള്‍ എന്നെ ഉത്തമ ചേരിയിലാക്കി. അല്ലാഹു അവരെ വീണ്ടും വിവിധ് ഗോത്രങ്ങളാക്കിയപ്പോള്‍ എന്നെ അവന്‍ ഉന്നത ഗേത്രത്തിലാക്കി. വീണ്ടും അവരെ അല്ലാഹു ചെറുകുടുംബങ്ങളാക്കി. അപ്പോള്‍ അവന്‍ എന്റെ കുടുംബത്തെ ഉത്തമ കുടുംബമാക്കി. പ്രസ്തുത കുടുംബത്തിലെ അത്യുത്തമനാക്കി എന്നെ അവന്‍ അനുഗ്രഹിച്ചു (തുര്‍മുദി)
സമാനമായ ആശയങ്ങള്‍ ഉള്‍കൊള്ളുന്ന ഹദീസുകള്‍ ബുഖാരി, മുസ്ലിം തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളിലും ലഭ്യമാണ്. ഈ ഹദീസുകളുടെ വെളിച്ചത്തില്‍ പ്രവാചക പ്രകീര്‍ത്തനം സുന്നത്താണെന്നും പ്രതിഫലാര്‍ഹമാണെന്നും വ്യക്തമാണ്. അതിനു വിരുദ്ധമായ പ്രചരണങ്ങളും പ്രസ്താവനകളും തിരുദൂതരോട് കാണിക്കുന്ന അനാദരവും ധിക്കാരവുമാണ്.
പ്രവാചക പ്രകീര്‍ത്തനം ഹുബ്ബുര്‍റസൂലിന്റെ ഒരു രീതി മാത്രമാണ്. പ്രസ്തുത രീതി അവലംഭിക്കുന്നവരെ അധാര്‍മികതയുടെ വാക്താക്കളാണെന്ന് മുദ്രയടിക്കുന്നവര്‍ പ്രവാചകാനുരാഗത്താല്‍ സ്വപിതാവിനെ വധിച്ചുകളഞ്ഞ പ്രഗത്ഭനായ സ്വഹാബി വര്യന്‍ അബൂ ഉബൈദ(റ)യെയും തിരുനബി(സ്വ)യെ ചീത്തപറഞ്ഞ തന്റെ പിതാവിന്റെ മുഖത്തടിച്ച സ്വിദ്ദീഖ്(റ)നെയും ഏതു കണ്ണുകൊണ്ടാണ് നോക്കിക്കാണുക.
ഖുര്‍ആന്‍ തന്നെ ഒരര്‍ത്ഥത്തില്‍ മൌലിദ് ആണ്. മുന്‍കാല പ്രവാചകന്‍മാരുടെ പ്രകീര്‍ത്തനങ്ങള്‍ ഖുര്‍ആനില്‍ സുലഭമാണ്. അവയില്‍ ചില സൂചകങ്ങള്‍  ഇങ്ങനെയാണ്. 
മൂസാ നബിക്കും ഹാറൂന്‍ നബിക്കും സമാധാനം (37:120)
ഇല്‍യാസ് നബിക്ക് സമാധാനം (37:130)
ഇബ്രാഹീം നബിക്ക് സമാധാനം (37:109)
ലോകരില്‍ നഹ് നബിക്ക് സമാധാനം (37:79)
ഖുര്‍ആനിലും ഹദീസിലും പ്രവാചകന്‍മാരുടെ പ്രകീര്‍ത്തനങ്ങളുള്ളതിനാല്‍ അത് തള്ളിക്കളയാന്‍ മുസല്‍മാന് കഴിയുമോ? ഇല്ല. അതിനാല്‍, തിരുനബി (സ്വ)യുടെ പ്രകീര്‍ത്തനങ്ങള്‍ വിരചിതമായ ഗ്രന്ഥങ്ങളും അവഗണക്കപ്പെടാന്‍ പാടില്ല.

നബിദിനത്തിന്റെ മാഹാത്മ്യം
ഓരോ രാജ്യവും അതിന്റെ സ്വാതന്ത്യ്ര ദിനത്തിന് വലിയ പ്രാധാന്യമാണ് കല്‍പിക്കുന്നത്. സ്വാതന്ത്യ്രത്തിന്റെ ആവര്‍ത്തിച്ചു വരുന്ന വാര്‍ഷികാഘോഷങ്ങള്‍ അതാത് രാജ്യത്തിന്റെ മോചനത്തെയും വളര്‍ന്നു വരുന്ന ഒരു രാജ്യമെന്ന നിലക്ക് തങ്ങള്‍ നേടിയെടുത്ത വ്യക്തിത്വത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. ഇന്നുവരെ മുസ്ലിം രാഷ്ട്രങ്ങള്‍ പോലും അവരുടെ സ്വാതന്ത്യ്രദിനാഘോഷം നടത്തുന്നതിന് ആരും ഒരാക്ഷേപം പറഞ്ഞിട്ടില്ല.
മുസ്ലിംകളായ നമ്മെ അല്ലാഹുവേതര ആരാധ്യരുടെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ച് ഏകദൈവാരാധനയിലേക്ക് വഴിനടത്തിയ തിരുനബി(സ്വ)യുടെ ജന്‍മദിനം വര്‍ഷം തോറും ആഘോഷിക്കുന്നതില്‍ എന്തു പന്തികേടാണുള്ളത്?
ചില ദിവസങ്ങള്‍ക്ക് മറ്റുദിനങ്ങളില്‍ നിന്നു വിഭിന്നമായി മഹത്വവും പവിത്രതയുമുണ്ടെന്ന് ഖുര്‍ആന്‍, ഹദീസ്, മഹാന്‍മാരുടെ ഗ്രന്ഥങ്ങള്‍ എന്നിവയില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്.
മര്‍യമിന്റെ പുത്രന്‍ ഈസാ(അ) പറഞ്ഞു: ഞങ്ങളുടെ നാഥനായ അല്ലാഹുവേ, നിന്റെ പക്കല്‍നിന്നുള്ള ഒരു ദൃഷ്ടാന്തമായും ഞങ്ങളുടെ മുന്‍ഗാമികള്‍ക്കും ശേഷക്കാര്‍ക്കും ഒരു ആഘോഷമായും വാനലോകത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരണമേ, ഞങ്ങള്‍ക്കു നീ അന്നം നല്‍കുകയും ചെയ്യേണമേ. (5:114) എന്ന ഖുര്‍ആനിക സൂക്തംത്തിലെ ഞങ്ങളുടെ മുന്‍ഗാമികള്‍ക്കും ശേഷക്കാര്‍ക്കും ഒരു ആഘോഷമായും എന്ന ഭാഗം പണ്ഡിതന്‍മാര്‍ വിശദീകരിക്കുന്നത് ഭക്ഷണത്തളിക ഇറങ്ങന്ന ദിനം ഞങ്ങള്‍ക്കും ശേഷക്കാര്‍ക്കും ആദരവര്‍ഹിക്കുന്ന ആഘോഷ ദിനമാക്കി മാറ്റാന്‍ എന്നാണ്. (റാസി, ദുര്‍റുല്‍ മന്‍സൂര്‍) ഭക്ഷണത്തളിക ഇറങ്ങിയ തിയ്യതി യുഗാന്തരങ്ങളില്‍ ആവര്‍ത്തിച്ച് വരുമ്പോഴൊക്കെ അതിന്‍ മഹത്വവും പവിത്രതയും ഉണ്ടെന്നാണ് ഈ വിശദീകരണവും സൂക്തവും അറിയിക്കുന്നത്. ആകാശത്ത് നിന്ന് സ്വര്‍ഗീയ വിഭവ സമൃദ്ധമായ ഒരു സുപ്ര കിട്ടിയതിനാണ് ഇവിടെ ആഘോഷം നടത്തുന്നത്. ചിലര്‍ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ പറഞ്ഞതനുസരിച്ച് ഏഴ് മത്സ്യവും ഏഴ് റൊട്ടിക്കഷ്ണവുമായിരുന്നു വിഭവമെങ്കില്‍ മുഴുവന്‍  ജന വിഭാഗങ്ങള്‍ക്കും അനുഗ്രഹമായി പിറന്നുവീണ മുഹമ്മദ് നബി(സ്വ)യുടെ പേരില്‍ എന്തുകൊണ്ട് ജന്മദിനം ആഘോഷിച്ചു കൂടാ. ആവര്‍ത്തിച്ചുവരുമ്പോള്‍ എന്തുകൊണ്ട് ആ ദിനം ആഘോഷിച്ചുകൂടാ.
ദിനത്തിന്റെ പ്രാധാന്യവും മഹത്വവും അറിയിക്കുന്ന ഒരു സംഭവം കൂടി വിശദീകരിക്കാം. തിരുനബി(സ്വ) മദീനയിലേക്ക് ഹിജ്റ പോയപ്പോള്‍, ജൂതന്മാര്‍ തങ്ങളുടെ പ്രവാചകന്‍ മുസാ(അ) നബിയും ബനൂ ഇസ്രാഈലും രക്ഷപ്പെട്ടതില്‍ അല്ലാഹുവിനു കൃതജ്ഞത അറിയിച്ചു മുഹര്‍റം പത്തിനു നോമ്പനുഷ്ടിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഈ സംഭവം അറിഞ്ഞ നബി(സ്വ) തന്റെ ഉമ്മത്തിനോട് കല്‍പിച്ചു: നമുക്കാണ് മൂസാ നബി(അ)യോട് കൂടുതല്‍ കടപ്പാടുള്ളത്. അത്കൊണ്ട് നിങ്ങളും നോമ്പനുഷ്ടിക്കുക.
മുഹമ്മദ് (സ്വ)യുടെ അനുയായികള്‍ എന്ന നിലക്ക് ഇതരമതസ്ഥര്‍ അവരവരുടെ പ്രവാചകന്‍മാരുടെ ആഘോഷങ്ങള്‍ അനുസ്മരിക്കുമ്പോള്‍ നാം നമ്മുടെ നബി(സ്വ)യുടെ ജന്മദിനം ആഘോഷിക്കാന്‍ കൂടുതല്‍ കടപ്പെട്ടവരാണ്.
മുഹമ്മദ് നബി(സ്വ)യുടെ ഉമ്മത്തിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പുണ്യദിനം തിരുനബി(സ്വ) പിറന്ന റബീഉല്‍ അവ്വല്‍ പന്ത്രണ്ട് ആണെന്ന് കര്‍മ്മ ശാസ്ത്ര പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. (ശര്‍വാനി, ബാജൂരി, ജമല്‍) ലൈലതുല്‍ ഖദ്റിനേക്കാല്‍ മഹത്വവും പ്രാധാന്യവും നല്‍കപ്പെടുന്ന രാത്രി തിരുനബി(സ്വ)യുടെ ജന്മദിനത്തിന്റേതായതിനാല്‍ അത് ആഘോഷിക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്?
എല്ലാനിലയിലും മതപ്രമാണങ്ങള്‍ക്ക് അനുകൂലമായിത്തീരുന്ന മൌലിദും നബിദിനാഘോഷവും മതത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞ് അവ നിര്‍വഹിക്കുകയും പുണ്യറസൂലി(സ്വ)ന്റെ സന്ദേശം മറ്റുള്ളവര്‍ക്ക് കൈമാറാന്‍ അവ ഉപയോഗിക്കേണ്ടതുമാണ്

20 December 2011

ഖുര്‍ആനും ശാസ്ത്രവും കൂട്ടിക്കെട്ടേണ്ടതുണ്ടോ?

 

'കൂടിച്ചേര്‍ന്നുണ്ടായ ഒരു ശുക്ളബിന്ദുവില്‍ നിന്ന് നിശ്ചയം നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു.' (വി.ഖു 76: 2) ഭ്രൂണ ശാസ്ത്രം വിശകലനം ചെയ്യുന്ന ഈ സൂക്ത ഭാഗം ജൈവശാസ്ത്രജ്ഞര്‍ക്കിടയില്‍ ഒരു വിസ്മയമാണ്. ടൊറന്‍ടൊ സ്കൂള്‍ ഓഫ് മെഡിസിന്‍ അനാട്ടമി പ്രൊഫസര്‍ ഡോ. കീത്ത് മൂര്‍ ഈ സൂക്തം നന്നായി വിശകലനം ചെയ്തുകൊണ്ട് പഠനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. പുരുഷ ബീജവും സ്ത്രീയുടെ അണ്ഡവും ചേര്‍ന്ന് സിക്താണ്ഡം രൂപപ്പെടുന്നത് മുതല്‍ പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നത് വരെ ഖുര്‍ആന്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. മാത്രമല്ല ഖുര്‍ആന്‍ പരിചയപ്പെടുത്തിയതു പ്രകാരം വളര്‍ച്ചാഘട്ടങ്ങളനുസരിച്ച് ഭ്രൂണാവസ്ഥ മുതല്‍ പൂര്‍ണ രൂപം പ്രാപിക്കുന്നത് വരെയുള്ള കളിമണ്‍ രൂപങ്ങളെയും അവന്‍ സൃഷ്ടിച്ചു. ഖുര്‍ആന്‍ ദൈവികമെന്ന് വാദിക്കാന്‍ ഒരു സൂക്തഭാഗം തന്നെ ധാരാളം എന്ന് അദ്ദേഹം വിലയിരുത്തുകയുണ്ടായി.

                യഥാര്‍ത്ഥത്തില്‍ ഖുര്‍ആനിലെ ശാസ്ത്രീയ സത്യങ്ങള്‍ തെളിയിക്കുന്നത് എന്താണ്? അവ വെളിപാടിന്റെ ദൈവികതയെ ഉറപ്പുവരുത്തുകയാണോ? ഖുര്‍ആന്‍ ശാസ്ത്ര ജ്ഞാന സമാഹാരമാണെന്ന് തെളിയിക്കുകയാണോ? ഈ പ്രശ്നത്തിന് നിവാരണം കണ്ടേ തീരൂ. മുസ്ലിം ലോകം ശാസ്ത്രത്തോട് കാണിക്കുന്ന ഉള്‍ഭയവും അപകര്‍ഷതാബോധവും മാറേണ്ടതുണ്ട്. ഒപ്പം ഖുര്‍ആന്‍ എല്ലാ വിജ്ഞാനങ്ങളുടെയും അന്ത്യമാണ് എന്നു വിശ്വസിക്കുന്നതിന് പകരം ജ്ഞാന സമ്പാദനത്തിന് നിരന്തരം ഓര്‍മപ്പെടുത്തുന്ന പ്രേരകമാണ് എന്ന് തിരുത്തി വായിക്കണം.
                ശാസ്ത്രവും ഖുര്‍ആനും തമ്മിലുള്ള പൊരുത്തപ്പെടലുകള്‍ രണ്ടു വിധത്തില്‍ വായിക്കാം. ഒന്ന് ആധുനിക ശാസ്ത്രീയ സത്യങ്ങളും സിദ്ധാന്തങ്ങളും, 1400 വര്‍ഷം മുമ്പ് അവതരിച്ച ഖുര്‍ആനിന്, അത് ദൈവികമാണെന്ന് വാദിക്കാനുതകുന്ന തെളിവായി വര്‍ത്തിക്കുന്നു. രണ്ടാമതായി, ശാസ്ത്രീയ സത്യങ്ങള്‍ക്ക് സമാനമായവ ഖുര്‍ആനില്‍ ദര്‍ശിക്കുമ്പോള്‍ ഖുര്‍ആനിനവകാശപ്പെട്ട സാര്‍വ കാലികതയും മറ്റും ശാസ്ത്രത്തിനും അവകാശപ്പെടാനാവും.
                വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്‍ എല്ലാമെല്ലാമാണ്. അത് ദൈവികമാണ്. മറ്റൊന്നിന്റെ അംഗീകാരം ആവശ്യപ്പെടുന്നില്ല. ശാസ്ത്രം പറയുന്നത് സത്യമാണോ അസത്യമാണോ എന്ന് നീതിപൂര്‍വം വിശകലനം ചെയ്യാനാണ് യഥാര്‍ത്ഥത്തില്‍ ഒരു വിശ്വാസി ഖുര്‍ആന്‍ ഉപയോഗപ്പെടുത്തേണ്ടത്. ശാസ്ത്രത്തെ ശരി വെക്കാന്‍ ഏകപക്ഷീയമായി ഖുര്‍ആനിനെ ഉപയോഗപ്പെടുത്തിയാല്‍ ഖുര്‍ആനിന് നിരക്കാത്ത അസംബന്ധങ്ങളിലേക്കത് നയിക്കും. അത് തീര്‍ത്തും അശുഭകരമത്രേ.
                ഇന്ന് ഖുര്‍ആന്‍  കൂടുതല്‍ ശാസ്ത്രീയവും ആധുനികവുമാണെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്ന പ്രവണത മുസ്ലിം ഗ്രന്ഥകര്‍ത്താക്കള്‍ക്കിടയില്‍ കണ്ട് വരുന്നു. യഥാര്‍ത്ഥത്തില്‍ ഖുര്‍ആന്‍ പഠന, മനനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും കണ്ടുപിടിത്തുങ്ങള്‍ക്കും നിറഞ്ഞ പ്രോത്സാഹനമായാണ് നില കൊള്ളുന്നത്. ഖുര്‍ആനില്‍ ആകെ ഇരുനൂറ്റമ്പതോളം വിധിവിലക്കുകളെ കുറിക്കുന്ന സൂക്തങ്ങളാണുള്ളതെങ്കില്‍ എഴുനൂറ്റമ്പതോളം സൂക്തങ്ങള്‍ മിക്കവാറും വായിക്കാനും പഠിക്കാനും ആഹ്വാനം ചെയ്യുന്നവയാണ്. ചിന്തയും പഠനവുമെല്ലാം സാമൂഹ്യജീവിതത്തില്‍ അത്യന്താപേക്ഷിതമാണ്.
                ഖുര്‍ആനിന് ശാസ്ത്രീയ പരിവേഷം നല്‍കുന്ന പ്രവണത അറുപതുകളില്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. പ്രപഞ്ച സംബന്ധിയായ ഖുര്‍ആന്‍ സൂക്തങ്ങള്‍ എന്ന തലവാചകത്തില്‍ അക്കാലത്ത് കൈറോവില്‍ പ്രസിദ്ധീകൃതമായ ഒരു ലഘുലേഖനം അതിന് തെളിവാണ്. മുഹമ്മദ് ജമാലുദ്ദീന്‍ അല്‍ഫന്‍ദി ആണ് ലേഖകന്‍. ഗോളശാസ്ത്ര ശാഖയിലെ എല്ലാ കണ്ടുപിടുത്തങ്ങളും തിയറികളും ഖുര്‍ആനില്‍ പരാമര്‍ശവിധേയമായിട്ടുണ്ട് എന്നദ്ദേഹം സിദ്ധാന്തിക്കുന്നുണ്ട് പ്രസ്തുത ലേഖനത്തില്‍. ഖുര്‍ആനിലെ ഏറെക്കുറെ എല്ലാ അധ്യായങ്ങളും ഗോളശാസ്ത്രത്തെ പരാമാര്‍ശിക്കുന്നുണ്ട് എന്നാണ് അദ്ദേഹത്തിന്റെ വാദം. ഉദാഹരണമായി 'നിങ്ങള്‍ക്ക് ഗോചരീഭവിക്കുന്ന തൂണുകള്‍ കൂടാതെ വാനങ്ങളെ ഉയര്‍ത്തിയവനാകുന്നു അല്ലാഹു'. (റഅ്ദ്: 2) ഈ സൂക്തം അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ: 'ശാസ്ത്ര സങ്കല്‍പമനുസരിച്ച് ഭൂമിയുടെ അന്തരീക്ഷം മുതല്‍ മേല്‍പോട്ട് ക്ഷീരപഥങ്ങളും നക്ഷത്രസമൂഹങ്ങളും സൂര്യചന്ദ്രാദി ഗ്രഹങ്ങളുമെല്ലാമടങ്ങുന്ന ആകാശമാണുള്ളത്'. വാനലോകത്തെ ഗോളങ്ങളൊക്കെയും ആദ്യം ഒരൊറ്റ വസ്തുവായിട്ടാണ് സൃഷ്ടിക്കപ്പെട്ടത്. പിന്നീട് ഒരു പൊട്ടിത്തെറിയിലൂടെയാണ് പലവിധ ഗോളങ്ങളായി മാറിയത്.
                നാനാവിധ സ്വഭാവമുള്ള ഗോളങ്ങളൊക്കെയും സ്വന്തമായ ഭ്രമണപഥത്തില്‍ പരസ്പരം നിശ്ചിത അകലം സൂക്ഷിച്ചു കറങ്ങിക്കൊണ്ടിരിക്കുകയാണ്. പരസ്പരം കൂട്ടിമുട്ടലുകളോ മറ്റോ ഇല്ലാതെ കൃത്യമായ സഞ്ചാരം നടത്താന്‍ സാധിക്കുന്നത്, പ്രപഞ്ചാകര്‍ഷണത്വം (ഡിശ്ലൃമെഹ ഏൃമ്ശ്യ) കേന്ദ്ര പരാങ്മുഖ ശക്തി (ഇലിൃശളൌഴമഹ ളീൃരല) എന്നിവ കൊണ്ടാണ്. അപ്പോള്‍ ഇവയെയാണ് നമുക്ക് കാണാന്‍ സാധിക്കാത്ത തൂണുകള്‍ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്.
                കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഖുര്‍ആന്‍ ശാസ്ത്ര പഠന ഗ്രന്ഥങ്ങളില്‍ ഏറ്റവും ഉദ്ഘോഷിക്കപ്പെട്ട ഒന്നാണ് മൌറിസ് ബുക്കായിന്റെ ഝൌൃ’മി, ആശയഹല മിറ ടരശലിരല എന്ന ഗ്രന്ഥം. അറബി, പേര്‍ഷ്യന്‍, തുര്‍ക്കി, ഉര്‍ദു, ഇന്തോനേഷ്യന്‍ തുടങ്ങി മിക്ക മുസ്ലിം ഭാഷകളിലും വിവര്‍ത്തനം ചെയ്യപ്പെട്ട ഈ ഗ്രന്ഥം ഒരു മുസ്ലിം നിര്‍ബന്ധമായും വായിക്കേണ്ടതാണ്. ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഖുര്‍ആനിക സൂക്തങ്ങള്‍ വളരെ ആഴത്തില്‍ തന്നെ അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്.
                ഭൂമി, ഗോളശാസ്ത്രം, ജൈവ-സസ്യ ലോകം, മനുഷ്യോല്‍പാദനം എന്നിങ്ങനെ നാല് വിഷയങ്ങളാണ് അദ്ദേഹം ഫോക്കസ് ചെയ്തിട്ടുള്ളത്. ഒരു ഖുര്‍ആന്‍ സൂക്തം ഉദ്ധരിച്ച ശേഷം അതില്‍ പരാമൃഷ്ടമായ ശാസ്ത്രവും വിശദീകരിക്കുന്ന സരളമായ രചനാ രീതിയാണ് ബുക്കായിന്റേത്. 'ഖുര്‍ആന്റെ അവതരണ കാലത്തെ ശാസ്ത്ര ജ്ഞാനങ്ങളല്ല അതിലുള്ളത്. പലപ്പോഴും അന്നത്തെ ശാസ്ത്രസങ്കല്‍പങ്ങള്‍ക്ക് കടകവിരുദ്ധമായവയാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഇന്നും കണ്ടെത്താത്ത ശാസ്ത്ര സത്യങ്ങള്‍ ഖുര്‍ആനിലുണ്ട്. തീര്‍ച്ച!' ഇങ്ങനെയാണ് അദ്ദേഹം തന്റെ പഠനത്തിന് വിരാമമിടുന്നത്.
                ഖുര്‍ആനിലെ ശാസ്ത്ര പാഠങ്ങള്‍ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തി അധ്യാപനം നടത്തപ്പെടണമെന്ന ആവശ്യം മുസ്ലിം വിദ്യാഭ്യാസ വിചക്ഷണര്‍ക്കിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനായുള്ള പ്രാഥമിക പദ്ധതികള്‍ പാകിസ്ഥാനിലും മറ്റും ആവിഷ്കരിച്ചുവരുന്നുണ്ട്. ഊര്‍ജ്ജതന്ത്രം, രസതന്ത്രം, ജൈവശാസ്ത്രം, ജന്തുശാസ്ത്രം തുടങ്ങിയ ശാസ്ത്ര ശാഖകളിലൊക്കെയും അനിയോജ്യമായ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പദ്ധതിയുടെ ഭാഗമായുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയത്. പരിണാമവാദം പോലുള്ള മതവിശ്വാസത്തിന് നിരക്കാത്ത ശാസ്ത്ര സിദ്ധാന്തങ്ങളോട് വിയോജിക്കാനും അതുവഴി മതചിന്താഗതി വെച്ചുപുലര്‍ത്തുന്ന ശാസ്ത്ര പ്രതിഭകളെയും വാര്‍ത്തെടുക്കാനും സാധിക്കുമെന്നാണ് അവരുടെ വാദം.
                ഖുര്‍ആനും ശാസ്ത്രവും താരതമ്യ പഠന വിധേയമായതിന്റെ ഫലമായി മതത്തിലും ഖുര്‍ആനിലുമുള്ള വിശ്വാസം ശാസ്ത്രലോകത്ത് ശക്തിപ്പെട്ടെങ്കിലും ശാസ്ത്രത്തിന്റെ സാര്‍വകാലികതയെയും സുപ്രിമെസിയെയും അംഗീകരിക്കാന്‍ കൂടി നാം നിര്‍ബന്ധിതരാകും. ഇതൊരു തിക്തഫലമായിട്ടേ നമുക്ക് വിലയിരുത്താനൊക്കൂ. ഖുര്‍ആന്‍ ബ്രഹത്തായ ശാസ്ത്രഗ്രന്ഥമാണെന്ന കാഴ്ചപ്പാടനുസരിച്ച് പഠനങ്ങളും മറ്റും നടക്കുകയാണെങ്കില്‍ പുതിയ കണ്ടുപിടുത്തങ്ങളും സിദ്ധാന്തങ്ങളും കണ്ടെത്തിയെന്ന് വരാം. പക്ഷേ, യഥാര്‍ത്ഥത്തില്‍ ഖുര്‍ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ലല്ലോ. പ്രകൃതിയുടെ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചുപറയുന്ന ഒരു മാര്‍ഗദര്‍ശക ഗ്രന്ഥമാണ് ഖുര്‍ആന്‍.
                ശാസ്ത്രം കാലാന്തരേണ പരിഷ്കാരങ്ങളും മാറ്റങ്ങളും സ്വീകരിച്ച് വളര്‍ന്നുകൊണ്ടിരിക്കുന്ന ജ്ഞാന ശാഖയാണ്. ഇന്നത്തെ സങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമായ പല സിദ്ധാന്തങ്ങളും നാളെ കണ്ടെത്തിയെന്നു വരാം. മാറിക്കൊണ്ടിരിക്കുന്ന ശാസ്ത്രത്തിന് പിന്തുണ നല്‍കുന്ന ഒരു ഖുര്‍ആന്‍ സൂക്തം സമര്‍പ്പിച്ചാല്‍ നാളെ ശാസ്ത്രം മാറിയാല്‍ ഖുര്‍ആന്റെ കാലികത ചോദ്യംചെയ്യപ്പെടും. 
                ഖുര്‍ആന്‍ ജ്ഞാനാധിനിവേശത്തിന് പ്രോത്സാഹിപ്പിക്കുന്ന പ്രേരകം മാത്രമാണ്. അതില്‍ നിന്നാണ് സകല ജ്ഞാനവും ഉത്ഭവിക്കുന്നത്. നേരെമറിച്ച് വിജ്ഞാനീയങ്ങളുടെ അവസാന വാക്കായി അതിനെ പരിഗണിക്കരുത്.
                ശാസ്ത്രത്തെ വെളിപാടിന് തുല്യമായി പരിഗണിക്കുന്ന പ്രവണത ശാസ്ത്രത്തെ പരമസത്യമായി അംഗീകരിക്കുകയും ഖുര്‍ആനിന് തുല്യമായ പവിത്ര ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ശരിയോ തെറ്റോ എന്ന് വിലയിരുത്താതെ ശാസ്ത്രമായതിനൊക്കെയും വാരിപ്പുണരുന്ന മുസ്ലിം ശാസ്ത്രജ്ഞര്‍ ശാസ്ത്രവിമര്‍ശകരുടെ വായടിപ്പിക്കാന്‍ കൂടി ഖുര്‍ആനിലെ ശാസ്ത്ര ദര്‍ശനങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ശാസ്ത്രം പരമമായ 'ശരി'യല്ല. ഖുര്‍ആനിനെ പരിഷ്കാരങ്ങള്‍ സ്വീകരിക്കാത്ത വിധം സാര്‍വകാലികതയും അതിന് അവകാശപ്പെടാനില്ല. ശാസ്ത്രം കേവല പ്രശ്നപരിഹാരത്തിനും ആവശ്യപൂര്‍ത്തീകരണത്തിനും വേണ്ട സാങ്കേതിക മാത്രമാണ്. പാക് ശാസ്ത്രജ്ഞരായ അബൂ സാലി, സജ്ജാദ് തുടങ്ങിയവര്‍ അഭിപ്രായപ്പെട്ട പോലെ, 'പരിണാമവാദം ദൈവവിശ്വാസത്തെ തളര്‍ത്താനായി സൃഷ്ടിച്ചെടുത്ത ഒരു സിദ്ധാന്തമാണ്. ശാസ്ത്രം ശ്രമിക്കുന്നത് പ്രകൃതിയെയും മനുഷ്യനെയും കീഴൊതുക്കാനാണ്. ഖുര്‍ആനിനെ ശാസ്ത്രത്തിലേക്ക് തിരിച്ചുവിടുന്നത് വഴി ഇവ പരിഹരിക്കാനാവുമെന്ന് വിശ്വസിക്കുക വയ്യ'. ശാസ്ത്രം കണ്ടെത്തുന്നതെന്തും സത്യമാണെന്ന് വിശ്വസിക്കുന്നത് തീര്‍ത്തും മൌഡ്യമാണ്. അന്ധമായ അനുകരണത്തിന് പകരം സൂക്ഷ്മ വിശകലനത്തിന് ശേഷം മാത്രമേ അവ സ്വീകരിക്കാവൂ. പലപ്പോഴും ശാസ്ത്രജ്ഞര്‍ തങ്ങളുടെ അഭിപ്രായങ്ങളും മുന്‍ധാരണകളും ശാസ്ത്രസിദ്ധാന്തങ്ങളില്‍ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കാറുണ്ട്. പരിണാമവാദം ഒരു ഉദാഹരണം.
                ശാസ്ത്രം എത്ര തന്നെ പുരോഗതി കൈവരിച്ചാലും ഖുര്‍ആന്‍ നിര്‍വഹിച്ചു പോരുന്ന ധര്‍മം നിറവേറ്റാന്‍ അതിന് സാധിക്കില്ല. മഹത്തായ ധാര്‍മിക മൂല്യങ്ങളും ജീവിത വിജയവും നിര്‍ദേശിക്കുന്ന മാര്‍ഗദര്‍ശനമാണ് ഖുര്‍ആന്‍. ഈ ഉത്തരവാദിത്വം നര്‍വഹിക്കാന്‍ ശാസ്ത്രത്തിന് സാധ്യമല്ല. ജ്ഞാനസമ്പാദനത്തിന് നിരന്തര പ്രേരണ നല്‍കുമ്പോള്‍ തന്നെ ചില മൂല്യങ്ങള്‍ മുറുകെപ്പിടിക്കാന്‍ ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നുണ്ട്. പ്രസ്തുത മൂല്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സ്ഥാനം പിടിക്കുകയാണെങ്കില്‍ ശാസ്ത്ര മേഖലയിലെ മുന്നേറ്റത്തോടൊപ്പം ഖുര്‍ആനിനോടുള്ള കടപ്പാട് വീട്ടിയവര്‍ കൂടിയാകും നമ്മള്‍.

13 December 2011

പൂജാ ലാമയും ഇസ്ലാമിലെത്തി
"ഇസ്ലാമിനെതിരെ നടക്കുന്ന പ്രോപഗണ്ടയാണ് എന്നെ ആ ദര്‍ശനത്തിലേക്ക് അടുപ്പിച്ചത്. പഠിച്ചപ്പോള്‍ പ്രോപഗണ്ടക്ക് തീര്‍ത്തും വിരുദ്ധമാണ് യാഥാര്‍ഥ്യം എന്ന് ബോധ്യമായി. മനുഷ്യ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് സമാധാനപരമായും നീതിപൂര്‍വകമായും പരിഹാരം നിര്‍ദേശിക്കാന്‍ ഇസ്ലാമിന് മാത്രമേ കഴിയൂ.'' ഇത് പൂജാ ലാമയുടെ വാക്കുകളാണെന്ന് പറഞ്ഞാല്‍ പൂജയെ അറിയുന്നവര്‍ അത് വിശ്വസിക്കാന്‍ കൂട്ടാക്കില്ല. ആരാണ് പൂജാ ലാമ? നേപ്പാളിലെ പ്രശസ്ത നടി, മോഡല്‍, ഗായിക. അപവാദങ്ങള്‍ കൂടെപ്പിറപ്പ്. പേരിന് മൂന്ന് തവണ കല്യാണം കഴിച്ചു. എല്ലാം അപവാദങ്ങളില്‍ തട്ടിത്തകര്‍ന്നു. പിന്നെ കേള്‍ക്കുന്നത് പൂജ ആത്മഹത്യക്ക് ശ്രമിച്ചെന്ന വാര്‍ത്തയാണ്.
ജീവിതനൈരാശ്യത്തിന്റെ മൂര്‍ധന്യത്തിലാണ് ബുദ്ധമതത്തില്‍ പിറന്ന പൂജ ഇതര മതങ്ങളെക്കുറിച്ച് പഠിക്കാനൊരുങ്ങുന്നത്. ഇസ്ലാമിന്റെ ഏകദൈവ സങ്കല്‍പം അവരെ ഹഠാദാകര്‍ഷിച്ചു. ദുബൈയിലേക്കും ഖത്തറിലേക്കും അവര്‍ നടത്തിയ യാത്ര വഴിത്തിരിവായി. ഇസ്ലാം ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് അവര്‍ കണ്ടറിഞ്ഞു. ഈ 28-കാരിയുടെ ഇസ്ലാമാശ്ളേഷത്തിന് പിന്നെ താമസമുണ്ടായില്ല.
"ഞാന്‍ കൂരിരിട്ടിലായിരുന്നു. എന്തെല്ലാം അപവാദങ്ങളാണ് മീഡിയ എന്നെക്കുറിച്ച് പ്രചരിപ്പിച്ചത്. പ്രശസ്തി മോഹിച്ച് താന്‍ കുടുംബം തകര്‍ക്കുകയാണെന്ന് വരെ എഴുതിപ്പിടിപ്പിച്ചു. ആ നൈരാശ്യത്താല്‍ ജീവനൊടുക്കിയാലോ എന്ന് തോന്നിപ്പോയി. മദ്യം, സിഗരറ്റ്, അവിശുദ്ധ ഭക്ഷണങ്ങള്‍ എല്ലാം ഉപേക്ഷിച്ച് ഞാനിന്ന് ഇസ്ലാമിന്റെ വെളിച്ചത്തില്‍ നില്‍ക്കുന്നു. ഞാന്‍ സന്തോഷവതിയാണ്.''
ഇന്നവര്‍ പൂജാ ലാമയല്ല, അംന ഫാറൂഖിയാണ്

ബ്രസീലിയന്‍ കോച്ച് റോബിയോ ഇസ്‌ലാം സ്വീകരിച്ചു
Saturday, August 21, 2010
ദോഹ: ലോകപ്രശസ്ത ബ്രസീലിയന്‍ ഫുട്ബാള്‍ കോച്ച് റോബിയോ ഗെയേറ ഇസ്‌ലാം സ്വീകരിച്ചു. റയ്യാന്‍ സ്‌പോര്‍ട്‌സ് ക്ലബ് സാംസ്‌കാരിക വിഭാഗം സംഘടിപ്പിച്ച മതപ്രഭാഷണ പരിപാടിയിലാണ് താന്‍ മുസ്‌ലിമായി അബ്ദുല്‍അസീസ് എന്ന പേര് സ്വീകരിച്ചതായി റോബിയോ പ്രഖ്യാപിച്ചത്.
''വിശുദ്ധ ഖുര്‍ആന്‍ പാരായണം ശ്രവിച്ചപ്പോള്‍ ഉള്ളടക്കം മനസ്സിലായില്ലെങ്കിലും എന്റെ ഹൃദയത്തിലേക്ക് വിവരണാതീതമായ വികാരം ഇരച്ചുകയറി. മനസ്സമാധാനം, ശാന്തത, വശ്യത എന്നൊക്കെ അതിനെ വിളിക്കാം. പിന്നീട് മുസ്‌ലിം സഹോദരങ്ങളുടെ പ്രാര്‍ഥനാ രൂപം ഞാന്‍ ശ്രദ്ധിച്ചു. ചിട്ടയോടെ അണിയണിയായി ഒരു നേതാവിന് കീഴില്‍ ഒരേ വാചകങ്ങള്‍ ഉരുവിട്ടുകൊണ്ടുള്ള പ്രാര്‍ഥനക്ക് എന്തൊരു ആകര്‍ഷണീയത? ഒരുമിച്ച് കഴിയാന്‍ അവസരം കിട്ടിയപ്പോള്‍ സ്‌നേഹപൂര്‍ണമായ അവരുടെ പെരുമാറ്റവും സ്വഭാവമഹിമയും ഞാന്‍ അനുഭവിച്ചറിഞ്ഞു. ഞാന്‍ അവരില്‍ നിന്ന് അന്യനാണെന്ന് ഒരു നിമിഷം പോലും എനിക്ക് തോന്നിയില്ല. ഇസ്‌ലാം സ്വീകരിച്ച് സത്യസാക്ഷ്യവചനം ഉരുവിട്ടപ്പോള്‍ ഒരു തരം വെളിച്ചവും സമാധാനവും എന്റെ മനസ്സില്‍ നിറയുന്നതുപോലെ തോന്നി. മുഴുവന്‍ മനുഷ്യരുടെയും ഹൃദയങ്ങള്‍ ഈ സത്യദര്‍ശനം സ്വീകരിക്കാന്‍ തക്ക വിശാലത കൈവരിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു' ഇസ്‌ലാം സ്വീകരിച്ച ശേഷം ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
റയ്യാന്‍ സ്‌പോര്‍ട്്‌സ് ക്ലബ്ബ് സാംസ്‌കാരിക സമിതി തലവന്‍ മുഹമ്മദ് മന്‍സൂര്‍ അശ്ലഹ്‌വാനി, സാമി ജാദ്, അബ്ദുറഹ്മാന്‍ അല്‍കുവാരി, ഡോ. അയ്മന്‍ ഹമൂദ:, ശൈഖ് മഹ്മൂദ് അവദ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ 


ഇസ്രായേലി ഇടതു നേതാവ് ഇസ്‌ലാം സ്വീകരിച്ചു
ജറൂസലം: ഇസ്രായേലി ഇടതുപക്ഷ നേതാവ് താലി ഫാഹിമ ഇസ്‌ലാംമതം സ്വീകരിച്ചു. ഫലസ്തീന്‍ അനുകുല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പലതവണ വിമര്‍ശവിധേയയായ ഫാഹിമ ഫലസ്തീനിലെ ഉമ്മുല്‍ ഫഹ്മിലെ പള്ളിയില്‍ വെച്ചാണ് ഇസ്‌ലാം ആശ്ലേഷിച്ചതെന്ന് ഇസ്രായേല്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.

34കാരിയായ ഫാഹിമ ഇക്കാര്യം സ്ഥിരീകരിച്ചതായി വൈനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്‌ചെയ്തു. 2004ല്‍ ഫലസ്തീന്‍ അതിര്‍ത്തി കടന്നതിന് ഫാഹിമ അറസ്റ്റിലായിരുന്നു. അല്‍അഖ്‌സ നേതാവ് സകരിയ സുബൈദിയുമായി അടുപ്പമുണ്ടെന്ന് ആരോപണവിധേയയായ ഫാഹിമയെ 2005ല്‍ ഇസ്രായേല്‍ കോടതി മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചു.

സുബൈദിക്ക് തന്ത്രപ്രധാന രേഖകള്‍ ചോര്‍ത്തി തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍. സുഹൃത്തുക്കളുടെയും ഇടതു പാര്‍ട്ടികളുടെയും ഇടപെടലിനെ തുടര്‍ന്ന് 2007ല്‍ ജയില്‍ മോചിതയായി.  തുടര്‍ന്ന്, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

ഗസ്സ ഉപരോധം ഭേദിക്കാനെത്തിയ തുര്‍ക്കി കപ്പലിലുണ്ടായിരുന്ന ഫലസ്തീന്‍ നേതാവ് ശൈഖ് റാഇദ് സാലിഹിന്റെ വ്യക്തിപ്രഭാവം തനിക്ക് പ്രേരണയായതായി ഫാഹിമ പറഞ്ഞു.
2008ല്‍ ഇസ്രായേലിലെ പ്രമുഖ ഇടതുനേതാവ് ഉറി ഡേവിസും ഇസ്‌ലാം സ്വീകരിച്ചിരുന്നു.

നിരീശ്വരവാദിയുടെ മനംമാറ്റം
പ്രശസ്ത ഇന്ത്യന്‍ മനോരോഗ വിദഗ്ധന്‍ ഡോ.പെരിയാര്‍ ദാസന്‍ ‍ ഇസ്ലാം സ്വീകരിച്ചതായി സുഊദി അറേബ്യയിലെ അറബ് ന്യൂസ് ഇംഗ്ളീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ദൈവത്തില്‍നിന്ന് നേരിട്ടവതരിച്ച ഒരേയൊരു വേദഗ്രന്ഥത്തെ പിന്തുടരുന്നത് ഇസ്ലാം മാത്രമാണെന്ന് അബ്ദുല്ല എന്ന് പേരുമാറ്റിയ പെരിയാര്‍ ദാസന്‍ പറഞ്ഞു. തമിഴ് വംശജനായ അദ്ദേഹം ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് പ്രഫസറാണ്. ഇന്ത്യയിലെ ചില കുഗ്രാമങ്ങളില്‍ പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നതിനെക്കുറിച്ച് തമിഴില്‍ നിര്‍മിച്ച 'കറുത്തമ്മ' എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇദ്ദേഹം നിരീശ്വരവാദിയായാണ് അറിയപ്പെട്ടിരുന്നത്. ഉംറ നിര്‍വഹിക്കാനാണ് ഡോ. അബ്ദുല്ല മക്കയിലെത്തിയത്.

മിനാരംവിരുദ്ധ കാമ്പയിന്‍ നേതാവ് ഇസ്ലാം സ്വീകരിച്ചു
സമീപകാലത്ത് വന്‍വിവാദം സൃഷ്ടിച്ച സ്വിറ്റ്സര്‍ലന്റിലെ 'മിനാരങ്ങള്‍ നിരോധിക്കുക' കാമ്പയിന് നേതൃത്വം നല്‍കിയ എസ്.വി.പിയുടെ പ്രമുഖ പ്രവര്‍ത്തകന്‍ ഡാനിയേല്‍ സ്ട്രൈഷ് ഇസ്ലാം സ്വീകരിച്ചതായി വാര്‍ത്ത. ഇസ്ലാംവിരുദ്ധ പ്രചാരണത്തിനു വേണ്ടി, ഇസ്ലാമിനെ പഠിക്കാനാരംഭിച്ചതാണ് ഡാനിയല്‍ സ്ട്രൈഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വാര്‍ത്ത, കാലിഫോര്‍ണിയയിലെ പത്രപ്രവര്‍ത്തകനും ഇസ്ലാമിക പ്രബോധകനുമായ ജാസണ്‍ ഹംസ വാന്‍ ബൂം (Jason Hamza Van Boom)എഴുതിയ ലേഖനത്തിലൂടെയാണ് പുറത്തുവന്നത് ((Member of the Swiss Political Party that pushed for Minarat Ban Converts to Islam-www.opednews.com, www.tikkun.org/daily, www.iccnc.org).പാകിസ്താനിലെ ദ നാഷ്ന്‍ പത്രവും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി (www.nation.com. pk/January 30-2010).
മുസ്ലിം പള്ളികളിലെ മിനാരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്, സ്വിറ്റ്സര്‍ലന്റില്‍ ഉടനീളം കാമ്പയിന്‍ നടത്തിയ സ്വിസ് പീപ്പ്ള്‍സ് പാര്‍ട്ടി(എസ്.വി.പി)യിലെ പ്രമുഖ അംഗവും സ്വിസ് സൈന്യത്തിലെ പരിശീലകനുമായിരുന്നു ഡാനിയേല്‍. എസ്.വി.പിയുടെ മിനാരം നിരോധന കാമ്പയിനില്‍ നേതൃപരമായ പങ്ക് വഹിച്ച ഡാനിയേല്‍ തന്നെയാണ് പാര്‍ട്ടിക്ക് അത്തരമൊരു അജണ്ട നല്‍കിയതും. ഇസ്ലാംവിരുദ്ധ പ്രചാരണങ്ങള്‍ക്ക്, ഇസ്ലാംഭീതിയുടെ വക്താക്കളായ മാധ്യമങ്ങളുടെ സഹായത്തോടെ സ്വിസ് ജനതയില്‍ സ്വാധീനമുണ്ടാക്കിയെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. വോട്ടെടുപ്പില്‍ 42.5 ശതമാനം പേര്‍ മിനാരം നിര്‍മാണത്തെ അനുകൂലിച്ചപ്പോള്‍ 57.5 ശതമാനം മിനാരം നിരോധനത്തെ അനുകൂലിച്ചു.
ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് ഡാനിയേല്‍ ഖുര്‍ആന്‍ പഠിക്കാന്‍ ആരംഭിച്ചത്. പക്ഷേ, അതിന്റെ ഫലം ഉദ്ദേശിച്ചതില്‍നിന്ന് വിപരീതമായിരുന്നു. ഖുര്‍ആനില്‍ ആകൃഷ്ടനായി വൈകാതെ അദ്ദേഹം ഇസ്ലാം സ്വീകരിച്ചു.
ക്രിസ്തുമത വിശ്വാസിയായ ഡാനിയേല്‍ സ്ഥിരമായി ബൈബിള്‍ വായിക്കുകയും ചര്‍ച്ചില്‍ പോവുകയും ചെയ്യാറുണ്ടായിരുന്നു. ഇപ്പോള്‍ വ്യവസ്ഥാപിതമായി ഖുര്‍ആന്‍ പഠിക്കുകയും അഞ്ചു സമയത്തെ നമസ്കാരം നിര്‍വഹിക്കുകയും ചെയ്യുന്ന അദ്ദേഹം ഇസ്ലാമിനെതിരെ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ അങ്ങേയറ്റം ലജ്ജിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും മനോഹരമായ മുസ്ലിം പള്ളി സ്വിറ്റ്സര്‍ലന്റില്‍ നിര്‍മിക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ ഡാനിയേല്‍. 'സിവില്‍ കണ്‍സര്‍വേറ്ററി ഡെമോക്രാറ്റിക് പാര്‍ട്ടി' എന്ന പേരില്‍ പുതിയ ഒരു സംഘടനയെ സജീവമാക്കാന്‍ അദ്ദേഹം രംഗത്തുണ്ട്.
"ക്രിസ്തുമതത്തില്‍ ലഭിക്കാതിരുന്ന ജീവിതത്തിന്റെ യാഥാര്‍ഥ്യം ഇസ്ലാമിലാണ് എനിക്ക് കണ്ടെത്താനായത്. ജീവിതത്തെക്കുറിച്ച് ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും യുക്തിപൂര്‍ണമായ മറുപടി എനിക്ക് ലഭിച്ചത് ഇസ്ലാമില്‍ നിന്നാണ്''- ഡാനിയേല്‍ സ്ട്രൈഷ് പറയുന്നു. 

11 December 2011

വിധി

 


ഈ ലോകത്ത് നടക്കുന്ന ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ വിധിക്ക് വിധേയമാണെന്ന് വിശ്വസിക്കുവാന്‍ ഇസ്ലാം ഉദ്ഘോഷിക്കുന്നു. മനഃശാസ്ത്രപരമായി ഈ വിശ്വാസത്തിന് വലിയ പ്രാധാന്യമുണ്ട്. വിപത്തുകള്‍ നേരിടുമ്പോള്‍ അസ്വസ്ഥ ചിത്തനാകാതെ അര്‍പ്പണ മനസ്കനായി പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാന്‍ ഈ വിശ്വാസം മനുഷ്യനെ സഹായിക്കുന്നു. തനിക്ക് പിണഞ്ഞ അത്യാഹിതത്തെകുറിച്ചോര്‍ത്ത് മനസ്സിന്റെ സമനില തെറ്റി അവന്‍ മാരകമായ മാനസികരോഗത്തിന് വിധേയനാകും.

ഉഹാദരണമായി ഒരു യാത്രക്കാരനെ എടുക്കാം. അയാളുടെ ലക്ഷ്യത്തിലേക്ക് രണ്ട് വഴികളുണ്ട്. ഒന്ന് ജനനിബിഡവും മറ്റൊന്ന് വനാവൃതവും. ജനനിബിഡമായ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന തിക്കും തിരക്കും മറ്റു അലോസരങ്ങളും പരിഗണിച്ച് അയാള്‍ വനാവൃത വഴിയിലൂടെ യാത്ര ചെയ്തു. ഏകനായി കുറേ ദൂരം സഞ്ചരിച്ചപ്പോഴേക്കും ഒരു ഭീകര കൊള്ളസംഘം അയാളെ വലയം ചെയ്തു. മാരകായുധങ്ങള്‍ കാണിച്ചു അവര്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും കൈവശമുള്ള ധനങ്ങളെല്ലാം വിട്ടുതന്നില്ലെങ്കില്‍ കൊന്ന് കളയുമെന്ന് ഉണര്‍ത്തുകയും ചെയ്തു. എന്തു ചെയ്യും? രക്ഷപ്പെടാന്‍ നിര്‍വാഹമില്ല. മരണം നാനാഭാഗത്തുനിന്നും തന്നെ വലയം ചെയ്യുന്നു. ജീവിത സമ്പാദ്യങ്ങള്‍ കൊള്ളസംഘത്തിന് നല്‍കി ജീവന്‍ രക്ഷിക്കുക തന്നെ. അതു ചെയ്തപ്പോള്‍ പ്രാണന്‍ വീണ്ടുകിട്ടിയതില്‍ അയാള്‍ ആശ്വസിച്ചേക്കാം. 

പക്ഷേ, മാനസികമായി തീ തിന്നുകയാണയാളിപ്പോള്‍. തന്റെ ധനം നഷ്ടപ്പെട്ടതില്‍ അദ്ദേഹം അനുഭവിക്കുന്ന ആത്മക്ളാന്തത അനിര്‍വചനീയമായിരിക്കും. അയാള്‍ ചിന്തിക്കുകയാണ്, താനെന്തൊരു വിഡ്ഢിത്തമാണ് ചെയ്തത്. ജനനിബിഡമായ വഴിയിലൂടെ സഞ്ചരിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഈ വിപത്തില്‍ അകപ്പെടുമായിരുന്നില്ല. വനാവൃതമായ വഴിയിലൂടെയുള്ള യാത്രയാണ് തന്നെ ഈ അബദ്ധത്തില്‍ ചാടിച്ചത്.... അങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ ചിന്തകള്‍. തന്മൂലം അദ്ദേഹം അസ്വസ്ഥചിത്തനാകുന്നു. ദൈനംദിനം അവന്റെ ശരീരം ശോഷിച്ചുവരുന്നു. പിന്നെ അധികം താമസമില്ല, അദ്ദേഹം ഒരു മാനസിക രോഗിയാവാന്‍.

മനുഷ്യന്റെ ദൌര്‍ബല്യം, നഷ്ടപ്പെട്ടതിനെകുറിച്ചോര്‍ത്ത് അസ്വസ്ഥനാകുവാന്‍ അവനെ പ്രേരിപ്പിക്കും. എന്നാല്‍ അത് നിരര്‍ത്ഥകമാകുന്നു. യാതൊരു പ്രയോജനവും അതുകൊണ്ടില്ല. അതേഅവസരം, അതെല്ലാം ദൈവവിധിയാണെന്ന് ചിന്തിച്ച് സമാധാനിക്കുന്ന പക്ഷം കൂടുതല്‍ സ്ഥൈര്യവും കര്‍മ്മശേഷിയും കരസ്ഥമാകുന്നതാണ്. അതുകൊണ്ടാണ് നബി ÷ ഇപ്രകാരം അരുളിയത്: നിനക്കെന്തെങ്കിലും വിപത്ത് സംഭവിച്ചാല്‍ 'ഞാന്‍ ഇന്ന വിധം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇന്ന രീതിയിലാകുമായിരുന്നു' എന്ന് നീ പറയരുത്. അത് അല്ലാഹു വിധിച്ചതാണെന്നും അവനുദ്ദേശിച്ചത് സംഭവിക്കാതിരിക്കയില്ലെന്നും നീ പറഞ്ഞുകൊള്ളുക (മുസ്ലിം).

നാം അനുഭവിക്കുന്നതെന്തും സര്‍വ്വജ്ഞനായ അല്ലാഹുവിന്റെ നിശ്ചയമാണെന്നും അതില്‍ നിന്ന് ഒരു നിലക്കും രക്ഷപ്പെടുക സാധ്യമല്ലെന്നും മനസ്സിലാക്കുമ്പോള്‍ എത്രവലിയ മനോവിഷമങ്ങളും അപ്രത്യക്ഷമാകുന്നതാണ്. 'അല്ലാഹു വിധിച്ചതുകൊണ്ട് തൃപ്തിപ്പെടല്‍ മനുഷ്യന്റെ വിജയത്തില്‍ പെട്ടതാണ്. അല്ലാഹുവിന്റെ വിധിയില്‍ അമര്‍ഷം പ്രകടിപ്പിക്കല്‍ പരാജയത്തില്‍ പെട്ടതുമാകുന്നു' (തുര്‍മുദി).