ഈ ലോകത്ത് നടക്കുന്ന ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ വിധിക്ക് വിധേയമാണെന്ന് വിശ്വസിക്കുവാന്‍ ഇസ്ലാം ഉദ്ഘോഷിക്കുന്നു. മനഃശാസ്ത്രപരമായി ഈ വിശ്വാസത്തിന് വലിയ പ്രാധാന്യമുണ്ട്. വിപത്തുകള്‍ നേരിടുമ്പോള്‍ അസ്വസ്ഥ ചിത്തനാകാതെ അര്‍പ്പണ മനസ്കനായി പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാന്‍ ഈ വിശ്വാസം മനുഷ്യനെ സഹായിക്കുന്നു. തനിക്ക് പിണഞ്ഞ അത്യാഹിതത്തെകുറിച്ചോര്‍ത്ത് മനസ്സിന്റെ സമനില തെറ്റി അവന്‍ മാരകമായ മാനസികരോഗത്തിന് വിധേയനാകും.
ഉഹാദരണമായി ഒരു യാത്രക്കാരനെ എടുക്കാം. അയാളുടെ ലക്ഷ്യത്തിലേക്ക് രണ്ട് വഴികളുണ്ട്. ഒന്ന് ജനനിബിഡവും മറ്റൊന്ന് വനാവൃതവും. ജനനിബിഡമായ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന തിക്കും തിരക്കും മറ്റു അലോസരങ്ങളും പരിഗണിച്ച് അയാള്‍ വനാവൃത വഴിയിലൂടെ യാത്ര ചെയ്തു. ഏകനായി കുറേ ദൂരം സഞ്ചരിച്ചപ്പോഴേക്കും ഒരു ഭീകര കൊള്ളസംഘം അയാളെ വലയം ചെയ്തു. മാരകായുധങ്ങള്‍ കാണിച്ചു അവര്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും കൈവശമുള്ള ധനങ്ങളെല്ലാം വിട്ടുതന്നില്ലെങ്കില്‍ കൊന്ന് കളയുമെന്ന് ഉണര്‍ത്തുകയും ചെയ്തു. എന്തു ചെയ്യും? രക്ഷപ്പെടാന്‍ നിര്‍വാഹമില്ല. മരണം നാനാഭാഗത്തുനിന്നും തന്നെ വലയം ചെയ്യുന്നു. ജീവിത സമ്പാദ്യങ്ങള്‍ കൊള്ളസംഘത്തിന് നല്‍കി ജീവന്‍ രക്ഷിക്കുക തന്നെ. അതു ചെയ്തപ്പോള്‍ പ്രാണന്‍ വീണ്ടുകിട്ടിയതില്‍ അയാള്‍ ആശ്വസിച്ചേക്കാം.
പക്ഷേ, മാനസികമായി തീ തിന്നുകയാണയാളിപ്പോള്‍. തന്റെ ധനം നഷ്ടപ്പെട്ടതില്‍ അദ്ദേഹം അനുഭവിക്കുന്ന ആത്മക്ളാന്തത അനിര്‍വചനീയമായിരിക്കും. അയാള്‍ ചിന്തിക്കുകയാണ്, താനെന്തൊരു വിഡ്ഢിത്തമാണ് ചെയ്തത്. ജനനിബിഡമായ വഴിയിലൂടെ സഞ്ചരിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഈ വിപത്തില്‍ അകപ്പെടുമായിരുന്നില്ല. വനാവൃതമായ വഴിയിലൂടെയുള്ള യാത്രയാണ് തന്നെ ഈ അബദ്ധത്തില്‍ ചാടിച്ചത്.... അങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ ചിന്തകള്‍. തന്മൂലം അദ്ദേഹം അസ്വസ്ഥചിത്തനാകുന്നു. ദൈനംദിനം അവന്റെ ശരീരം ശോഷിച്ചുവരുന്നു. പിന്നെ അധികം താമസമില്ല, അദ്ദേഹം ഒരു മാനസിക രോഗിയാവാന്‍.
മനുഷ്യന്റെ ദൌര്‍ബല്യം, നഷ്ടപ്പെട്ടതിനെകുറിച്ചോര്‍ത്ത് അസ്വസ്ഥനാകുവാന്‍ അവനെ പ്രേരിപ്പിക്കും. എന്നാല്‍ അത് നിരര്‍ത്ഥകമാകുന്നു. യാതൊരു പ്രയോജനവും അതുകൊണ്ടില്ല. അതേഅവസരം, അതെല്ലാം ദൈവവിധിയാണെന്ന് ചിന്തിച്ച് സമാധാനിക്കുന്ന പക്ഷം കൂടുതല്‍ സ്ഥൈര്യവും കര്‍മ്മശേഷിയും കരസ്ഥമാകുന്നതാണ്. അതുകൊണ്ടാണ് നബി ÷ ഇപ്രകാരം അരുളിയത്: നിനക്കെന്തെങ്കിലും വിപത്ത് സംഭവിച്ചാല്‍ 'ഞാന്‍ ഇന്ന വിധം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇന്ന രീതിയിലാകുമായിരുന്നു' എന്ന് നീ പറയരുത്. അത് അല്ലാഹു വിധിച്ചതാണെന്നും അവനുദ്ദേശിച്ചത് സംഭവിക്കാതിരിക്കയില്ലെന്നും നീ പറഞ്ഞുകൊള്ളുക (മുസ്ലിം).
നാം അനുഭവിക്കുന്നതെന്തും സര്‍വ്വജ്ഞനായ അല്ലാഹുവിന്റെ നിശ്ചയമാണെന്നും അതില്‍ നിന്ന് ഒരു നിലക്കും രക്ഷപ്പെടുക സാധ്യമല്ലെന്നും മനസ്സിലാക്കുമ്പോള്‍ എത്രവലിയ മനോവിഷമങ്ങളും അപ്രത്യക്ഷമാകുന്നതാണ്. 'അല്ലാഹു വിധിച്ചതുകൊണ്ട് തൃപ്തിപ്പെടല്‍ മനുഷ്യന്റെ വിജയത്തില്‍ പെട്ടതാണ്. അല്ലാഹുവിന്റെ വിധിയില്‍ അമര്‍ഷം പ്രകടിപ്പിക്കല്‍ പരാജയത്തില്‍ പെട്ടതുമാകുന്നു' (തുര്‍മുദി).
No comments:
Post a Comment