തന്റെ പിതാവിന്റെയും സഹോദരങ്ങളുടെയും ദൈന്യതയാര്‍ന്ന ചിത്രം നഗ്നമായി അവതരിപ്പിക്കപ്പെട്ടപ്പോള്‍ യൂസുഫ് നബി(അ)യുടെ മനസ്സ് വിതുമ്പി. ഹൃദയ വിജൃംഭണമുണ്ടായി. തങ്ങള്‍ക്കിടയിലെ 'മറ' ഇനിയൊട്ടും തുടര്‍ന്നു പോകാനാവില്ലെന്നദ്ദേഹത്തിന് ബോധ്യപ്പെട്ടു. താന്‍ ചോദിച്ചു: നിങ്ങള്‍ അവിവേകികളും തന്റേടമില്ലാത്തവരുമായിരുന്ന നാളുകളില്‍ യൂസുഫിനെയും അവന്റെ സഹോദരനെയും എന്തൊക്കെയാണ് ചെയ്തതെന്ന് ഇപ്പോള്‍ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?
സഹോദരങ്ങള്‍ ഇതികര്‍ത്തവ്യാമൂഢരും അദ്ഭുതസ്തബ്ധരുമായിപ്പോയി! അന്ന് ഞങ്ങള്‍ യൂസുഫിനെ കിണറ്റില്‍ തള്ളി. പക്ഷെ, ഇന്നു വരെ മറ്റൊരു മനുഷ്യന്റെ ചെവിയില്‍ ആ തിക്ത സത്യം എത്തിയിട്ടില്ല. ഇപ്പോഴിതാ നൂറ് കുന്തമുനകളുടെ മൂര്‍ച്ചയുള്ള ചോദ്യശരം തങ്ങളുടെ നേരെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു! ആ തന്റേടമില്ലാത്ത നാളുകളില്‍ യൂസുഫിനെ എന്തുചെയ്തെന്ന് നിങ്ങള്‍ക്കോര്‍മ്മയുണ്ടോ എന്ന്. ഈ ഭൂമിയുടെ ഉപരിതലത്തില്‍ യൂസുഫല്ലാതെ മറ്റാരും ഈ ക്രൂരകൃത്യം തങ്ങള്‍ ചെയ്തതായി അറിയില്ല. അത്കൊണ്ട് ഇത് ആ യൂസുഫ് ആകാനേ ന്യായമുള്ളു. അവര്‍ ചോദിച്ചു: അങ്ങു തന്നെയാണോ യൂസുഫ്?....
അദ്ദേഹം പ്രതികരിച്ചു: 'അതെ, ഞാന്‍ തന്നെയാണ് യൂസുഫ്!' തങ്ങള്‍ പൊട്ടക്കിണറ്റില്‍ തള്ളിയ കൊച്ചു യൂസുഫ്; ഹൃദയഭേദകമാംവിധം കരഞ്ഞുകേണപേക്ഷിച്ചിട്ടും തങ്ങള്‍ വലിച്ചെറിഞ്ഞ യൂസുഫ്; പടുകൂറ്റന്‍ പാറക്കല്ല് പണിപ്പെട്ടു പൊക്കിയെടുത്ത് തങ്ങള്‍ തലയിലേക്ക് വലിച്ചിട്ട യൂസുഫ്; ചെന്നായ കടിച്ചു കൊന്നുവെന്ന് പിതാവിനോട് തങ്ങള്‍ വ്യാജം പറഞ്ഞ യൂസുഫ്! സഹോദരന്‍ ബിന്‍യാമീനെ ചൂണ്ടി അദ്ദേഹം പറഞ്ഞു: ഇത് എന്റെ സഹോദരന്‍ ബിന്‍യാമീനാണ്. അല്ലാഹു ഞങ്ങള്‍ക്ക് ഔദാര്യാനുഗ്രഹങ്ങള്‍ ചെയ്തിരിക്കുന്നു.
തുടര്‍ന്ന് യൂസുഫ് നബി(അ) അല്ലാഹുവിന്റെ മഹത്തായ പ്രതിഫലത്തെക്കുറിച്ചനുസ്മരിക്കുകയാണ്: ഈ അനുഗ്രഹവും സ്ഥാനമാനങ്ങളും പദവികളുമൊക്കെ അല്ലാഹു കനിഞ്ഞേകിയതാണ്. നിങ്ങളെന്നെ അക്രമിച്ചു; വെറുത്തു; അകാരണമായി മര്‍ദ്ദിച്ചു പരവശനാക്കി; കൊല്ലാനായി പൊട്ടക്കിണറ്റിന്റെ അഗാധതയിലേക്ക് വലിച്ചെറിഞ്ഞു. പക്ഷെ, ഞാന്‍ അതിലൊക്കെ ക്ഷമിച്ചു. അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചു. ജീവിതത്തിലുടനീളം ഞാന്‍ അല്ലാഹുവിനെ ഭയന്നു. അവനെ സൂക്ഷിച്ചു ജീവിച്ചു. അതിന്റെയൊക്കെ ഫലമാണ് ഇക്കാണുന്നത്. ഇങ്ങനെ സൂക്ഷ്മത പാലിക്കുകയും ക്ഷമകൈക്കൊള്ളുകയും ചെയ്യുന്ന പുണ്യവാ•ാരുടെ പ്രതിഫലം അല്ലാഹു പാഴാക്കിക്കളയുന്നതല്ല.
തങ്ങള്‍ ചെയ്തുപോയ മഹാപാതകത്തിന്റെ ആഴവും വ്യാപ്തിയും സഹോദരങ്ങള്‍ക്കു ബോധ്യപ്പെട്ടു. അവര്‍ക്ക് പശ്ചാത്താപ മനഃസ്ഥിതിയുണ്ടായി. അവര്‍ പറഞ്ഞു: 'സഹോദരാ, ഞങ്ങളേക്കാള്‍ ഉന്നതമായ പദവി നല്‍കി സര്‍വ്വശക്തനായ അല്ലാഹു നിന്നെ തെരഞ്ഞെടുത്തിരിക്കുകയാണ്. ഞങ്ങള്‍ ചെയ്തു പോയതൊക്കെ മഹാപാതകം തന്നെ!' ഇന്ന് നിങ്ങളുടെമേല്‍ യാതൊരു പ്രതികാര നടപടിയുമില്ല; അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരട്ടെ-യൂസുഫ് നബി(അ)യുടെ വാക്കുകളാണിത്.
ഒരു മിനിട്ട് ഒന്ന് ചിന്തിച്ചുനോക്കൂ. വര്‍ണ്ണനാതീതമായ അക്രമ മര്‍ദ്ദന മുറകള്‍ തന്റെ നേരെ നിഷ്കരുണം അഴിച്ചുവിട്ട സഹോദര•ാരാണ് മുമ്പില്‍ ഹാജറായിരിക്കുന്നത്. അവരാകട്ടെ, ഇപ്പോള്‍ സാധാരണക്കാരും താന്‍ രാജാവുമാണ്. തന്റെ രാജ്യത്താണെന്നു മാത്രമല്ല, ദര്‍ബാറില്‍ തന്നെയാണ് ഇപ്പോഴവരുള്ളത്. അവരെ ചൂണ്ടി ഒരാംഗ്യമേ യൂസുഫ് നബി(അ)ക്ക് ആവശ്യമുള്ളു; ജയിലിലോ കഴുമരത്തിലോ അവരെത്തുകയായി. എന്നിട്ടും ആ മഹാന്‍ പറഞ്ഞതിതായിരുന്നു. നിങ്ങളുടെ മേല്‍ പ്രതികാര നടപടിയെടുക്കുന്ന പ്രശ്നമില്ല. എന്നാല്‍ ചെയ്തുപോയ തെറ്റില്‍ നിന്നൊക്കെ നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങണം. അല്ലാഹു ഏറ്റവും വലിയ കരുണാമയനാണ്. ആത്മാര്‍ഥമായി പശ്ചാത്തപിച്ചാല്‍ ഏതു പാപവും അവന്‍ പൊറുത്ത് തരും. അത്കൊണ്ട് നിങ്ങള്‍ അക്കാര്യം ചെയ്യണം.
No comments:
Post a Comment