തിരുനബി(സ്വ)യെ പ്രകീര്‍ത്തിച്ചും പ്രകീര്‍ത്തിക്കാന്‍ പ്രേരണ നല്‍കിയും അവതരിക്കുപ്പെട്ട ചില ഖുര്‍ആനിക വചനങ്ങള്‍ താഴെ ചേര്‍ക്കുന്നു:
1- ഓ ജനങ്ങളേ, നിങ്ങളുടെ നാഥന്റെ പക്കല്‍ നിന്നുള്ള സദുപദേശവും ഹൃദയരോഗങ്ങള്‍ക്കുള്ള ശമനൌഷധവും മാര്‍ഗ നിര്‍ദേശവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നുകിട്ടിയിരിക്കുന്നു. പറയുക, അതൊക്കെയും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും കൊണ്ട് മാത്രമാകുന്നു. അത് കൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാകുന്നു അവര്‍ ശേഖരിച്ചു വെക്കുന്നതിനേക്കാള്‍ ഉത്തമമായിട്ടുള്ളത്. (10: 57,58)
നിങ്ങള്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹം എത്തിയിരിക്കുന്നു എന്നു പറഞ്ഞ അല്ലാഹു തന്നെ തിരുനബി(സ്വ)യാണ് അനുഗ്രഹമെന്ന് മറ്റൊരിടത്ത് വിശദീകരിക്കുന്നുണ്ട്; 'പ്രവാചകരേ, ലോകര്‍ക്ക് അനുഗ്രമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല'. (അമ്പിയാഅ്: 107) ഈ രണ്ട് സൂക്തങ്ങളും പുണ്യറസൂലിന്റ പ്രകീര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെയും തിരുപ്പിറവിയില്‍ സന്തോഷം പ്രകടിപ്പിക്കേണ്ടതിന്റെയും ആധികാരികത വരച്ചു കാട്ടുന്നുണ്ട്.
2- നിങ്ങളില്‍ നിന്ന് തന്നെയുള്ള നിങ്ങള്‍ക്ക് ഭവിക്കുന്ന ബുദ്ധിമുട്ട് പ്രയാസകരമായി കാണുകയും നിങ്ങളുടെ വിശ്വാസത്തിനുമേല്‍ അതിയായി താല്‍പര്യം വെക്കുകയും സത്യവിശ്വാസികളോട് കരുണയും ആര്‍ദ്രതയും കാണിക്കുകയും ചെയ്യുന്ന ഒരു പ്രവാചകന്‍ നിങ്ങള്‍ക്ക് വന്നിരിക്കുന്നു. (9: 128)
3- അവരില്‍ നിന്ന് തന്നെയുള്ള ഒരു പ്രവാചകനെ അയച്ചുകൊണ്ട് വിശ്വാസികളുടെ മേല്‍ അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു. (3: 164)
4- നാം താങ്കളെ (സത്യ)സാക്ഷിയും (വിശ്വാസികള്‍ക്ക്) സന്തോഷ വാര്‍ത്ത അറിയിക്കുന്നവനും (അവിശ്വാസികള്‍ക്ക്) മുന്നറിയിപ്പുകാരനുമായാണ് അയച്ചിരിക്കുന്നത്. അപ്രകാരം തന്നെ അല്ലാഹുവിലേക്ക് അവന്റെ സമ്മത പ്രകാരം (ജനങ്ങളെ) ക്ഷണിക്കുന്നവരുമായിരിക്കുന്നു. (33: 45,46)
ഇങ്ങനെ നിരവധി സൂക്തങ്ങള്‍ തിരുമേനിയെ സ്പഷ്ടമായിത്തന്നെ പ്രകീര്‍ത്തിക്കുന്നത് കണ്ടെത്താന്‍ കഴിയും. സമാന പ്രകീര്‍ത്തനങ്ങളും മദ്ഹുന്നബിയും ഹദീസിലും സുലഭമാണ്.
ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ഏതാനും സ്വഹാബികള്‍ പ്രവാചകനെ പ്രതീക്ഷിച്ചിരുന്നു. അവരുടെയടുത്തേക്കു കടന്നുവന്ന നബി(സ്വ) അവരെ ശ്രദ്ധിച്ചു കേട്ടു. ചിലര്‍ ഇബ്രാഹീം നബി(അ)യെക്കുറിച്ച് സംസാരിക്കുന്നു. മറ്റുചിലര്‍ മൂസാ നബി(അ)യെ വാഴ്ത്തി സംസാരിക്കുന്നു. വേറെ ചിലര്‍ ഈസാ നബി(അ)യെക്കുറിച്ചും ആദം നബി(അ)യെ സംബന്ധിച്ചും സംസാരിക്കുന്നു.
അവരോട് സലാം പറഞ്ഞ ശേഷം റസൂല്‍(സ്വ) പറഞ്ഞു: മുന്‍കാല പ്രവാചകന്മാരെക്കുറിച്ച് നിങ്ങള്‍ പറഞ്ഞതെല്ലാം വസ്തുതകളാണ്. അറിയുക; ഞാന്‍ അല്ലാഹുവിന്റെ ഹബീബാണ്. ഞാനാണ് അന്ത്യനാളില്‍ ലിവാഉല്‍ ഹംദിന്റെ വാഹകന്‍. ഞാനാണ് ആദ്യമായി സ്വര്‍ഗത്തില്‍ പ്രവേശിക്കുക. എന്റെ കൂടെ അപ്പോള്‍ സത്യവിശ്വാസികളിലെ ദരിദ്രരായ നിരവധി പേരുണ്ടാകും. മൊത്തം മനുഷ്യരില്‍ അത്യുത്തമന്‍ ഞാന്‍ തന്നെയാണ്. ഇത്രയും പറഞ്ഞത് ദുരഭിമാനം കൊണ്ടല്ല. (തിര്‍മുദി, ദാരിമി)
ഈ ഹദീസിലെന്ന പോലെ തിരുനബി(സ്വ)യുടെ മഹത്വം വര്‍ണിക്കുന്ന മറ്റൊരു ഹദീസ് ഇങ്ങനെയാണ്: അബ്ബാസ്(റ) തിരുനബി(സ്വ)യുടെ സവിധത്തില്‍ വന്നു. തത്സമയം പ്രവാചകന്‍ പ്രസംഗപീഠത്തില്‍ കയറി നിന്നുകൊണ്ട് ചോദിച്ചു: ഞാനാരാണ്? സ്വഹാബികള്‍ പ്രതികരിച്ചു: അങ്ങ് അല്ലാഹുവിന്റെ ദൂതരാണ്. അവന്റെ രക്ഷ അങ്ങയുടെ മേല്‍ സദാവര്‍ഷിക്കട്ടെ. (ഇതുകേട്ട്) റസൂല്‍(സ്വ) പറഞ്ഞു: ഞാന്‍ അബ്ദുല്‍ മുത്ത്വലിബ് മകന്‍ അബ്ദുല്ലാ മകന്‍ മുഹമ്മദ് ആണ്. അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചപ്പോള്‍ എന്നെ അവരില്‍ അത്യുത്തമനാക്കി. പിന്നെ അവരെ അവന്‍ രണ്ട് ചേരി(ഫിര്‍ഖത്)കളാക്കിയപ്പോള്‍ എന്നെ ഉത്തമ ചേരിയിലാക്കി. അല്ലാഹു അവരെ വീണ്ടും വിവിധ ഗോത്രങ്ങളാക്കിയപ്പോള്‍ എന്നെ അവന്‍ ഉന്നത ഗോത്രത്തിലാക്കി. വീണ്ടും അവരെ അല്ലാഹു ചെറുകുടുംബങ്ങളാക്കി. എന്റെ കുടുംബത്തെ ഉത്തമ കുടുംബമാക്കി. പ്രസ്തുത കുടുംബത്തിലെ അത്യുത്തമനാക്കി എന്നെ അവന്‍ അനുഗ്രഹിച്ചു (തിര്‍മുദി)
സമാനമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹദീസുകള്‍ ബുഖാരി, മുസ്ലിം തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളിലും ലഭ്യമാണ്. ഈ ഹദീസുകളുടെ വെളിച്ചത്തില്‍ പ്രവാചക പ്രകീര്‍ത്തനം സുന്നത്താണെന്നും പ്രതിഫലാര്‍ഹമാണെന്നും വ്യക്തമാണ്. അതിനു വിരുദ്ധമായ പ്രചരണങ്ങളും പ്രസ്താവനകളും തിരുദൂതരോട് കാണിക്കുന്ന അനാദരവും ധിക്കാരവുമാണ്.
പ്രവാചക പ്രകീര്‍ത്തനം ഹുബ്ബുര്‍റസൂലിന്റെ ഒരു രീതി മാത്രമാണ്. പ്രസ്തുത രീതി അവലംബിക്കുന്നവരെ അധാര്‍മികതയുടെ വക്താക്കളെന്ന് മുദ്രയടിക്കുന്നവര്‍ പ്രവാചകാനുരാഗത്താല്‍ സ്വപിതാവിനെ വധിച്ചുകളഞ്ഞ പ്രഗത്ഭനായ സ്വഹാബി വര്യന്‍ അബൂ ഉബൈദ(റ)യെയും തിരുനബി(സ്വ)യെ ചീത്തപറഞ്ഞ തന്റെ പിതാവിന്റെ മുഖത്തടിച്ച സ്വിദ്ദീഖ്(റ)നെയും ഏതു കണ്ണുകൊണ്ടാണ് നോക്കിക്കാണുക?
ഖുര്‍ആന്‍ തന്നെ ഒരര്‍ത്ഥത്തില്‍ മൌലിദ് ആണ്. മുന്‍കാല പ്രവാചകന്‍മാരുടെ പ്രകീര്‍ത്തനങ്ങള്‍ ഖുര്‍ആനില്‍ സുലഭമാണ്. അവയില്‍ ചില സൂചകങ്ങള്‍ ഇങ്ങനെ:
മൂസാ നബിക്കും ഹാറൂന്‍ നബിക്കും സമാധാനം (37: 120)
ഇല്‍യാസ് നബിക്ക് സമാധാനം (37: 130)
ഇബ്റാഹീം നബിക്ക് സമാധാനം (37: 109)
ലോകരില്‍ നഹ് നബിക്ക് സമാധാനം (37: 79)
ഖുര്‍ആനിലും ഹദീസിലും പ്രവാചകന്‍മാരുടെ പ്രകീര്‍ത്തനങ്ങളുള്ളതിനാല്‍ അത് തള്ളിക്കളയാന്‍ മുസല്‍മാന് കഴിയുമോ? ഇല്ല. അതിനാല്‍, തിരുനബി (സ്വ)യുടെ പ്രകീര്‍ത്തനങ്ങള്‍ വിരചിതമായ ഗ്രന്ഥങ്ങളും അവഗണിക്കപ്പെടാന്‍ പാടില്ല.
നബിദിനത്തിന്റെ മാഹാത്മ്യം
ഓരോ രാജ്യവും അതിന്റെ സ്വാതന്ത്യ്രദിനത്തിന് വലിയ പ്രാധാന്യമാണ് കല്‍പിക്കുന്നത്. സ്വാതന്ത്യ്രത്തിന്റെ ആവര്‍ത്തിച്ചു വരുന്ന വാര്‍ഷികാഘോഷങ്ങള്‍ അതാത് രാജ്യത്തിന്റെ മോചനത്തെയും വളര്‍ന്നു വരുന്ന ഒരു രാജ്യമെന്ന നിലക്ക് തങ്ങള്‍ നേടിയെടുത്ത വ്യക്തിത്വത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. ഇന്നുവരെ മുസ്ലിം രാഷ്ട്രങ്ങള്‍ പോലും അവരുടെ സ്വാതന്ത്യ്രദിനാഘോഷം നടത്തുന്നതിന് ആരും ഒരാക്ഷേപം പറഞ്ഞിട്ടില്ല.
മുസ്ലിംകളായ നമ്മെ അല്ലാഹുവേതര ആരാധ്യരുടെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ച് ഏകദൈവാരാധനയിലേക്ക് വഴിനടത്തിയ തിരുനബി(സ്വ)യുടെ ജന്‍മദിനം വര്‍ഷം തോറും ആഘോഷിക്കുന്നതില്‍ എന്തു പന്തികേടാണുള്ളത്?
ചില ദിവസങ്ങള്‍ക്ക് മറ്റുദിനങ്ങളില്‍ നിന്നു വിഭിന്നമായി മഹത്വവും പവിത്രതയുമുണ്ടെന്ന് ഖുര്‍ആന്‍, ഹദീസ്, മഹാന്‍മാരുടെ ഗ്രന്ഥങ്ങള്‍ എന്നിവയില്‍ നിന്ന് ഗ്രഹിക്കാവുന്നതുമാണ്.
'മര്‍യമിന്റെ പുത്രന്‍ ഈസാ(അ) പറഞ്ഞു: ഞങ്ങളുടെ നാഥനായ അല്ലാഹുവേ, നിന്റെ പക്കല്‍നിന്നുള്ള ഒരു ദൃഷ്ടാന്തമായും ഞങ്ങളുടെ മുന്‍ഗാമികള്‍ക്കും ശേഷക്കാര്‍ക്കും ഒരു ആഘോഷമായും വാനലോകത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ, ഞങ്ങള്‍ക്കു നീ അന്നം നല്‍കുകയും ചെയ്യേണമേ' (5:114) എന്ന ഖുര്‍ആനിക സൂക്തത്തിലെ 'ഞങ്ങളുടെ മുന്‍ഗാമികള്‍ക്കും ശേഷക്കാര്‍ക്കും ഒരു ആഘോഷമായും' എന്ന ഭാഗം പണ്ഡിതന്‍മാര്‍ വിശദീകരിക്കുന്നത് ഭക്ഷണത്തളിക ഇറങ്ങന്ന ദിനം ഞങ്ങള്‍ക്കും ശേഷക്കാര്‍ക്കും ആദരവര്‍ഹിക്കുന്ന ആഘോഷ ദിനമാക്കി മാറ്റണം എന്നാണ് (റാസി, ദുര്‍റുല്‍ മന്‍സൂര്‍). ഭക്ഷണത്തളിക ഇറങ്ങിയ തിയ്യതി യുഗാന്തരങ്ങളില്‍ ആവര്‍ത്തിച്ച് വരുമ്പോഴൊക്കെ അതിന് മഹത്വവും പവിത്രതയും ഉണ്ടെന്നാണ് ഈ വിശദീകരണവും സൂക്തവും അറിയിക്കുന്നത്. ആകാശത്ത് നിന്ന് വിഭവ സമൃദ്ധമായൊരു സ്വര്‍ഗീയ സുപ്ര കിട്ടിയതിനാണ് ഇവിടെ ആഘോഷം നടത്തുന്നത്. ചിലര്‍ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ പറഞ്ഞതനുസരിച്ച് ഏഴ് മത്സ്യവും ഏഴ് റൊട്ടിക്കഷ്ണവുമായിരുന്നു വിഭവമെങ്കില്‍ മുഴുവന്‍ ജന വിഭാഗങ്ങള്‍ക്കും അനുഗ്രഹമായി പിറന്നുവീണ മുഹമ്മദ് നബി(സ്വ)യുടെ പേരില്‍ എന്തുകൊണ്ട് ജന്മദിനം ആഘോഷിച്ചു കൂടാ? ആവര്‍ത്തിച്ചുവരുമ്പോള്‍ എന്തുകൊണ്ട് ആ ദിനം ആഘോഷിച്ചുകൂടാ?
ദിനത്തിന്റെ പ്രാധാന്യവും മഹത്വവും അറിയിക്കുന്ന ഒരു സംഭവം കൂടി വിശദീകരിക്കാം. തിരുനബി(സ്വ) മദീനയിലേക്ക് ഹിജ്റ പോയപ്പോള്‍, ജൂതന്മാര്‍ തങ്ങളുടെ പ്രവാചകന്‍ മുസാ (അ) നബിയും ബനൂ ഇസ്രാഈലും രക്ഷപ്പെട്ടതില്‍ അല്ലാഹുവിനു കൃതജ്ഞത അറിയിച്ചു മുഹര്‍റം പത്തിനു നോമ്പനുഷ്ടിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഈ സംഭവം അറിഞ്ഞ നബി(സ്വ) തന്റെ ഉമ്മത്തിനോട് കല്‍പിച്ചു: നമുക്കാണ് മൂസാ നബി(അ)യോട് കൂടുതല്‍ കടപ്പാടുള്ളത്. അത്കൊണ്ട് നിങ്ങളും നോമ്പനുഷ്ഠിക്കുക.
മുഹമ്മദ് (സ്വ)യുടെ അനുയായികള്‍ എന്ന നിലക്ക് ഇതര മതസ്ഥര്‍ അവരവരുടെ പ്രവാചകന്‍മാരുടെ ആഘോഷങ്ങള്‍ അനുസ്മരിക്കുമ്പോള്‍ നാം നമ്മുടെ നബി(സ്വ)യുടെ ജന്മദിനം ആഘോഷിക്കാന്‍ കൂടുതല്‍ കടപ്പെട്ടവരാണ്.
മുഹമ്മദ് നബി(സ്വ)യുടെ ഉമ്മത്തിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പുണ്യദിനം തിരുനബി(സ്വ) പിറന്ന റബീഉല്‍ അവ്വല്‍ പന്ത്രണ്ട് ആണെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട് (ശര്‍വാനി, ബാജൂരി, ജമല്‍). ലൈലതുല്‍ ഖദ്റിനേക്കാള്‍ മഹത്വവും പ്രാധാന്യവും നല്‍കപ്പെടുന്ന രാത്രി തിരുനബി(സ്വ)യുടെ ജന്മദിനത്തിന്റേതായതിനാല്‍ അത് ആഘോഷിക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്?
എല്ലാനിലയിലും മതപ്രമാണങ്ങള്‍ക്ക് അനുകൂലമായിത്തീരുന്ന മൌലിദും നബിദിനാഘോഷവും മതത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞ് അവ നിര്‍വഹിക്കുകയും പുണ്യറസൂലി(സ്വ)ന്റെ സന്ദേശം മറ്റുള്ളവര്‍ക്ക് കൈമാറാന്‍ അവ ഉപയോഗിക്കുകയുമാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടത്
No comments:
Post a Comment